ADVERTISEMENT

സഞ്ചാരികളുടെ പറുദീസയായ ഗോവയെ ജനപ്രിയമാക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിനോദ സഞ്ചാരികൾക്ക് എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാനുള്ള സൗകര്യങ്ങള്‍, മികച്ച താമസ സൗകര്യങ്ങൾ, ഭക്ഷണവിഭവങ്ങള്‍, ഗുണനിലവാരമുള്ള സേവനങ്ങള്‍ തുടങ്ങിയവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. പൈതൃകമൂല്യം, പാരമ്പര്യം, പ്രാദേശിക ജീവിതശൈലി എന്നിവയ്ക്കൊപ്പം വ്യത്യസ്തവും പുതുമയുള്ളതുമായ ആശയങ്ങളും ഗോവൻ വിനോദസഞ്ചാര മേഖലയിലുണ്ട്. ഇത്തരത്തില്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച ഒരു സംരംഭമാണ് ഗോവയിലെ കാരവേല ഹോംസ്റ്റേ.

200 വർഷം പഴക്കമുള്ള ഒരു വില്ല വാങ്ങി ഹോംസ്റ്റേ ആക്കി മാറ്റിയത് കാർലോസ് നൊറോൺഹ എന്ന 27 കാരനാണ്. ഒപ്പം പിതാവുമുണ്ട്. 2014-ല്‍ ബിരുദപഠനം കഴിഞ്ഞ് കൂര്‍ഗിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയ സമയത്താണ് ഹോംസ്റ്റേ എന്ന ആശയം കാര്‍ലോസിന്‍റെ മനസ്സില്‍ മിന്നിയത്. സുഹൃത്ത്, അയാളുടെ തികച്ചും സാധാരണമായ വീട്ടില്‍ ഹോംസ്റ്റേ നടത്തുന്ന കാഴ്ച കണ്ടപ്പോള്‍ എന്തുകൊണ്ട് സ്വന്തം നാട്ടില്‍ ഇങ്ങനെയൊരു ബിസിനസ് ചെയ്തുകൂടാ എന്ന് കാര്‍ലോസ് ചിന്തിച്ചു. അതിനായി, ഏറെ വൈകാതെ തന്നെ രണ്ടു നൂറ്റാണ്ടു പഴക്കമുള്ള ഈ പോര്‍ച്ചുഗീസ് നിര്‍മിത കെട്ടിടം വാങ്ങുകയും ചെയ്തു. 

യൂറോപ്യൻ രാജ്യങ്ങളിൽ കാണപ്പെട്ടിരുന്ന ഹോംസ്റ്റേകള്‍ ഇന്ത്യയിലേക്കും പതിയെ കടന്നുവന്ന 2014 കാലത്താണ് ഇത് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഇംഗ്ലിഷുകാര്‍ ചെയ്യുന്നതു പോലെ സാംസ്കാരികത്തനിമയെ ഉയര്‍ത്തിക്കാണിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ടാണ് പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച പോർച്ചുഗീസ് കപ്പൽ 'കാരവേല' യുടെ പേര് ഹോംസ്റ്റേയ്ക്ക് തിരഞ്ഞെടുത്തത്. ഇതിന്റെ തറനിർമാണത്തന് ആ കപ്പലിന്റെ ചില ഭാഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

എന്നാല്‍ ഈ പഴമ പേരില്‍ മാത്രമേയുള്ളൂ. ടെലിവിഷൻ, വൈഫൈ, എയർ കണ്ടീഷനിങ് മുതലായ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. വിന്റേജ് അനുഭവത്തിനായി, റോസ്‌വുഡിൽ നിർമിച്ച ഗോവണി പോലെയുള്ള ചില ഭാഗങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. മണ്ണുകുഴച്ചു നിർമിച്ച ചുവരുകളും തൊട്ടില്ല. ബജറ്റ് ടൂറിസ്റ്റുകൾ മുതൽ ബാക്ക്പാക്കർമാർ വരെയുള്ള എല്ലാത്തരം സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട പനാജിയിലാണ് കാരവേലയുള്ളത്. 

അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇടയ്ക്കിടെ ചെറിയ തുക ചെലവാകുമെങ്കിലും പൊതുവേ ലാഭകരമാണ് ഈ ഹോംസ്റ്റേ. ഓഫ് സീസണിൽ, പ്രതിമാസം 3,00,000 രൂപ വരെ വരുമാനം ലഭിക്കുന്ന ഹോംസ്റ്റേയില്‍നിന്നു ടൂറിസ്റ്റ് സീസണാകുമ്പോള്‍ (നവംബർ മുതൽ ജനുവരി വരെ) 5,00,000 രൂപ വരെ ലഭിക്കും. മറ്റുരാജ്യക്കാര്‍ മുതല്‍ പ്രാദേശിക ടൂറിസ്റ്റുകള്‍ വരെ ഇവിടെ താമസിക്കുന്നു.

ഹോംസ്റ്റേ കൂടാതെ ഒരു കോഫി ഷോപ്പും ഇവര്‍ നടത്തുന്നുണ്ട്. സാൻഡ്‌വിച്ച്, പീത്‌സ തുടങ്ങിയവയും ഇവിടെ കിട്ടും. കഫേയിൽനിന്ന് മാത്രം ഇവര്‍ക്ക് പ്രതിമാസം 20000 രൂപ വരുമാനം ലഭിക്കും.

കൊറോണ മൂലം ഹോംസ്റ്റേയിലെ കുറച്ച് മുറികൾ മാത്രമേ ഇപ്പോൾ സഞ്ചാരികള്‍ക്ക് ബുക്ക് ചെയ്യാനാവൂ. ഡിസംബറോടെ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: The Caravela Home Stay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com