നയൻതാരയുടെ പുതിയ ഹിറ്റ് പടമാണ് മുക്കുത്തിയമ്മൻ. അതിൽ ആൾദൈവത്തിന്റെ യോഗയും മീറ്റിങ്ങും നടക്കുന്നത് ഒരു കോട്ടയിലെ മൈതാനത്താണ്. കോട്ടയുടെ കരിങ്കൽകോട്ടമതിലിൽനിന്നു ചാടിയാൽ ബംഗാൾ ഉൾക്കടലിന്റെ നീലിമയിലേക്കെത്താം.

കന്യാകുമാരിയിലെ വട്ടക്കോട്ടയാണിത്. ത്രിവേണിസംഗമ വ്യൂ പോയിന്റിൽനിന്ന് ആറുകിലോമീറ്റർ ദുരമേ ഈ കോട്ടയിലേക്കുള്ളൂ. കടലിനുള്ളിലേക്കു കയറിയാണ് കോട്ടയുടെ കിടപ്പ്. കോട്ടമതിൽ കരിങ്കൽ കൊണ്ടാണു നിർമിച്ചത്. സഞ്ചാരികൾ ഈ മതിലിനു മുകളിലൂടെ നടക്കാറുണ്ട്, സെക്യുരിറ്റിക്കാരുടെ അനുമതിയില്ലെങ്കിലും.

പവിഴക്കച്ചവടത്തിനു പ്രസിദ്ധമായിരുന്നു പഴയ കുമാരി തുറമുഖം. ഈ സമ്പത്തു സംരക്ഷിക്കാൻ മാർത്താണ്ഡവർമ രാജാവിന്റെ നിർദേശത്താൽ ഡച്ച് പട്ടാളക്കാരൻ ഡിലനോയി 1700 കളിൽ ഈ കോട്ട ശക്തിപ്പെടുത്തിയതായി രേഖകളുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്റെ മുദ്ര കാണാം കവാടത്തിനു മുകളിൽ. ഉള്ളിലേക്കു നടന്നു കയറുമ്പോൾ പച്ചപ്പുൽമൈതാനം. കരിങ്കൽഭിത്തികളോടു ചേർന്ന് പട്ടാളക്കാർക്കു മണ്ഡപങ്ങളുണ്ട്. കൽത്തൂണുകൾക്കിടയിലൂടെനടക്കുക രസകരം.

ഭിത്തിപോലെ, മച്ചും കല്ലുകൊണ്ടാണ്. ഈ മേൽക്കൂരയിൽ പലയിടത്തായി മീൻമുദ്രകളുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നാടുവാണിരുന്ന പാണ്ഡ്യരുടേതാണ് ഈ ചിഹ്നം. അതുകൊണ്ടുതന്നെവട്ടക്കോട്ടയ്ക്ക് അത്രവർഷത്തോളം പഴക്കമുണ്ടെന്ന് അനുമാനിക്കാം.

മൂക്കുത്തി അമ്മൻ സിനിമയിൽ ഈ കോട്ടയുടെ ആകാശക്കാഴ്ച അതിമനോഹരമായി പകർത്തിയിട്ടുണ്ട്. ആൾക്കൂട്ടം ചേരുന്നതും ആരാധന ചെയ്യുന്നതും വട്ടക്കോട്ടയുടെ ഉൾവശത്തെ മൈതാനത്തിലാണ്. അടുത്ത കന്യാകുമാരി യാത്രയിൽ ഈ കോട്ടയും കാഴ്ചകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിക്കോളൂ.
English Summary: Mookuthi Amman Fort Kanyakumari