കെജിഎഫ് എന്ന കോളാർ സ്വർണഖനി; സിനിമയെ വെല്ലുന്ന ഇന്ത്യയുടെ സുവർണനഗരം

Bike-Ride-to-Kolar-9
SHARE

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയുടെ കഥയിലെ സ്വർണഖനി ഇപ്പോഴെങ്ങനെയുണ്ട്...?  ലോകത്തെ മയക്കിയ മഞ്ഞലോഹം തുരന്നെടുത്ത ഇന്ത്യൻ ഖനികളിൽ ഒന്നാണ് കർണാടകയിലെ കോളാർ.  പെട്ടെന്നു നഗരമാകുകയും പ്രശസ്തി സ്വർണനിറംപോലെ ആളുകളെ ആകർഷിക്കുകയും കാലം കഴിയേ ദ്യുതി ക്ഷയിച്ച് വീണ്ടും കാട്ടുപ്രദേശമാകുകയും ചെയ്ത ഇന്ത്യയുടെ സുവർണനഗരം.കെജിഎഫിന്റെചുറ്റുപാടുകൾ കാണാൻ ഒരു ഡ്രൈവ്. 

Bike-Ride-to-Kolar-5

ഗോൾഡ് റഷ് 

സ്വർണത്തിനു പിന്നാലെ പാഞ്ഞവരിൽ മിക്കവരും കഷ്ടപ്പാടനുഭവിച്ചിട്ടുണ്ട്. ഗോൾഡ് റഷ് എന്നു തന്നെയായിരുന്നു  ആ ഓട്ടത്തിന്റെ  പേര്. മാനന്തവാടി വഴിയാണ് ബെംഗളുരൂവിലേക്ക് പോയത്. ബെംഗളുരൂവിൽനിന്നു വെറും എൺപതു കിലോമീറ്റർ മാത്രം കോളാറിലേക്ക്.വഴികളങ്ങനെ തനിത്തങ്കം പോലെ മിനുങ്ങിയിരിക്കുന്നു.  

ഖനനത്തിനൊരു ചരിത്രമുണ്ട്. 

സ്വർണം ലോകത്തെ മോഹിപ്പിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കണ്ണടച്ചുതുറക്കുന്നതിനിടയിൽ പാമരനെ ധനികനാക്കുന്ന സ്വർണം നഗരങ്ങളെയും സംസ്കാരത്തെയും മാറ്റിമറിച്ചു. 

Bike-Ride-to-Kolar-2

അമേരിക്കയിൽ കാലിഫോർണിയയിലെ ഒരു  നദിയിൽ സ്വർണം കണ്ടെത്തിയതോടെ നാടൊക്കെ അങ്ങോട്ടു പാഞ്ഞുവെന്നു ചരിത്രം പറയുന്നു. വെറും മൂന്നുകൊല്ലം കൊണ്ട് ആ ഗ്രാമം ഒരു വൻനഗരമായി മാറിയത്രേ. പലരാജ്യങ്ങളിലെയും പല നാടുകളും അങ്ങനെ നഗരങ്ങളായി. അതിലൊന്നാണ് കോളാർ. എന്നാൽ ഇന്ത്യയിൽ ആദ്യമായി ഖനനം തുടങ്ങിയത് കേരളത്തിലാണ്! നമ്മുടെ വയനാട്ടിൽ. 

Bike-Ride-to-Kolar-1

 സ്വർണം കേരളത്തിൽ 

ആൽഫാ ഗോൾഡ് മൈൻസ് എന്ന സായിപ്പിന്റെ കമ്പനി 1875 ൽ വയനാടൻ കുന്നുകളിലും നാടുകാണി ചുരത്തിനപ്പുറം നിലമ്പൂരിലും പരീക്ഷണം നടത്തിയിരുന്നു. വൈത്തിരി മുതൽ ചേരമ്പാടി വരെയുള്ള പ്രദേശങ്ങളിൽ  ഖനനം നടന്നിരുന്നതായി രേഖയുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മലനിരകളിൽ ഏഷ്യയിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ളതായി കണക്കാക്കപ്പെടുന്നു. നിലമ്പൂരിലെ ചാലിയാർ നദിയെ സ്വർണവാഹിനി എന്നാണു വിളിച്ചിരുന്നതെന്നു മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ടത്രേ. 

Bike-Ride-to-Kolar-6

നാടുകാണിച്ചുരത്തിനടുത്തുള്ള മരുതയിൽ പുഴയിൽ സ്വർണം അരിച്ചെടുക്കൽ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഖനനപ്രദേശം കാണണമെങ്കിൽ നമുക്കുപോകാനിടമില്ല. 

കോളാറിനെപ്പറ്റി ബംഗളുരുവിലെ സുഹൃത്തുക്കൾ പറഞ്ഞുതന്നത് ഇങ്ങനെ– ഇന്ത്യയിലെ മിനി ഇംഗ്ളണ്ട് എന്നാണ് കോളാർ അറിയപ്പെടുന്നത്. ദൊഡ്ഡബേട്ടകുന്നുകളുടെ താഴ്‌വാരത്തിൽ സ്വർണമുണ്ടെന്നു കണ്ടെത്തിയത്   1880 ൽ ഒരു ഐറിഷ് പട്ടാളക്കാരനാണ്.  ബ്രിട്ടീഷുകാരിൽനിന്ന് അനുമതി വാങ്ങി ഖനനം തുടങ്ങി.   ജോൺ ടെയ്‌ലർ സൺസ് എന്ന ബ്രിട്ടീഷ് കമ്പനി  പങ്കുചേർന്നു. പിന്നീടങ്ങോട്ടു  കോളാർ വികസിക്കുകയായിരുന്നു. മരുപ്രദേശം പോലെ കിടന്നിരുന്നിടത്തൊക്കെ കെട്ടിടങ്ങൾ പൊങ്ങി. ഗോൾഫ് കോഴ്സുകളും ബ്രിട്ടീഷ് പാരമ്പര്യത്തനിമയിൽ കെട്ടിടങ്ങളും വന്നു. െബംഗളുരുവിനും മുൻപേ പിറവിയെടുത്തതാണ് കോളാർ എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണം. ഇപ്പോൾ നഗരം തനി ഇന്ത്യനായിക്കഴിഞ്ഞു.  

കളിക്കോപ്പുകളുടെ നഗരം എന്നറിയപ്പെടുന്ന ചന്നപട്ടണം കടന്ന് മധുരത്തിന്റെ നഗരമെന്ന പേരുള്ള മാണ്ഡ്യയിലൂടെ പട്ടുകളുടെ നഗരമായ രാംനഗറിലെത്തുമ്പോൾ ഗ്രാമത്തിലൂടെയുള്ള നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേകൾ നമ്മെ അതിശയിപ്പിക്കും.  

Bike-Ride-to-Kolar

െബംഗളുരുവിലെ ലഡാക്ക് 

കോളാറിലേക്കെത്തുംതോറും ഇരുഭാഗത്തും വൻകല്ലുകൾ അടുക്കിവച്ച കുന്നുകൾ കാണാം. നീലാകാശത്തു പഞ്ഞിക്കെട്ടു മേഘങ്ങൾ. തണുപ്പും ചൂടും അമിതമല്ലാത്ത കാലാവസ്ഥ. 

Bike-Ride-to-Kolar-3

പട്ടണത്തിലേക്കു കയറാതെ ഞങ്ങൾ കോളാർ ഗോൾഡ് ഫീൽഡിലെ ഖനിപ്രദേശങ്ങളിലേക്കു തിരിഞ്ഞു. ചിറ്റൂരിലേക്കുള്ള ആ ഹൈവേയിൽനിന്നു കാർ വലത്തോട്ട്, ചെറിയ പാതയിലേക്കു തിരിഞ്ഞു. ഗ്രാമവഴി. എത്ര പവനുകൾ ഈ വഴിയൊഴുകിയിട്ടുണ്ടാകണം? കോളാർ നഗരം., ജപ്പാനിലെ ടോക്യോയ്ക്കു ശേഷം  ഏഷ്യയിലെ രണ്ടാമത്തെ വൈദ്യൂതീകരിക്കപ്പെട്ട പട്ടണമാണെന്നതു മറ്റൊരു കൗതുകം. ശിവനസമുദ്രവെള്ളച്ചാട്ടത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിച്ച് കോളാറിലേക്കു കൊണ്ടുപോയിരുന്നത്  ബെംഗളൂരു വഴിയായിരുന്നു. അധിക വൈദ്യുതി വന്നതോടെ ബംഗളുരുവിൽ  തെരുവുവിളക്കുകൾ കത്തിക്കാൻ ഉപയോഗിക്കുകയായിരുന്നത്രേ. 

Bike-Ride-to-Kolar-10

ഖനി എവിടെ എന്നു കന്നഡയിൽ  ഒരു ചേട്ടനോടു ചോദിച്ചു. ഫൈവ് ലൈറ്റ് സർക്കിളിൽനിന്ന് ഇടത്തോട്ടെന്നു മറുപടി. വിജനമായൊരു കവല.  കാടുമൂടിക്കിടക്കുന്നൊരു ചെറുപാർക്കിനടുത്തേക്ക് കാർ റിവേഴ്സ് എടുത്തു. ഖനനത്തിലേർപ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ പ്രതിമ. അപ്പോൾ ഇവിടെത്തന്നെയായിരിക്കും ഖനികളിലൊന്ന്.  ആ തുരുമ്പെടുത്ത ഗേറ്റ് ഞങ്ങൾ കണ്ടു. മുകളിലെ ആർച്ചിൽ  അവ്യക്തമായ എഴുത്തുകൾ. പണ്ടെങ്ങാണ്ടോ ടാറിട്ട പാത. നിരാശയോടെ ഇടത്തോട്ടു കാർതിരിച്ചു. പത്തുമീറ്റർ മുന്നോട്ടുപോയില്ല, ഇടത്ത് ഒരു വലിയ പേരു കണ്ടു. ബിജിഎംഎൽ(ഭാരത് ഗോൾഡ് മൈൻ ലിമിറ്റഡ്). അതൊരു അടഞ്ഞ ഖനിയാണത്രേ. 

Bike-Ride-to-Kolar-4

ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള കോളാർ ഗോൾഡ് ഫീൽഡിലെ അഞ്ചുഖനികളിലായി 30000 പേർ  ജോലി ചെയ്തിരുന്നു.ഇതിലൊരു നഷ്ടശേഷിപ്പാണ് ആ ബോർഡ്. വർഷം നാൽപ്പതു ടൺവരെ കുഴിച്ചെടുത്തിരുന്ന ചരിത്രമുണ്ട് കോളാറിന്. എല്ലാം ബ്രിട്ടീഷുകാർ ഊറ്റിയെടുത്തു. സ്വാതന്ത്ര്യത്തിനുശേഷം മൈസൂർ സർക്കാർ 1.37 കോടിരൂപ നൽകി. ഈ ഖനികൾ ഏറ്റെടുത്തു. പിന്നീട് സ്വർണലഭ്യത കുറഞ്ഞുവന്നതോടെ കേന്ദ്രസർക്കാർ ഇതു നിർത്തലാക്കി. ഇന്ന് ഇന്ത്യയിൽ എല്ലാ ഖനികളും ഉൽപാദിപ്പിക്കുന്നത് വെറും മൂന്നു ടൺ മാത്രമാണെന്നതുകൂടി ഓർക്കുമ്പോഴാണ് കോളാറിന്റെ പ്രാധാന്യം മനസ്സിലാകുക.   

Bike-Ride-to-Kolar-7

അടച്ച ഖനികളിലേക്കു പ്രവേശനമില്ല. തുരുമ്പെടുത്ത ഗേറ്റുകളും മറ്റും കണ്ടു യാത്ര മതിയാക്കി.  ചിറ്റൂർ വഴി, ഏറ്റവും സമ്പന്നമായ  തിരുപ്പതി ക്ഷേത്രത്തിലേക്കു പോകാവുന്ന ആ ഹൈവേയിലൂടെ സ്വർണത്തിന്റെ ഈറ്റില്ലം തേടിയെത്തിയ ഞങ്ങളോട് ഒരു കർണാടകക്കാരൻ ചോദിച്ചതിങ്ങനെ– നിങ്ങളുടെ നാട്ടിലെ  പത്മനാഭസ്വാമി ക്ഷേത്രത്തിലല്ലേ ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപമുള്ളത്? ശരിയാണല്ലോ.

Bike-Ride-to-Kolar-8

ഏതാണ്ട് ഒരു ലക്ഷംകോടിരൂപയുടെ സ്വർണം കണ്ടെത്തിയതോടെ നമ്മുടെ കേരളമല്ലേ സ്വർണനിധിയിൽ മുന്നിട്ടുനിൽക്കുന്നത്? വീട്ടിൽ സ്വർണം വച്ചിട്ടെന്തിനാ കോളാറിൽ തേടി നടപ്പൂ എന്നാരോ ചെവിയിൽ മന്ത്രിക്കുന്നു. സ്വർണം തേടിയിറങ്ങിയ ആൽക്കെമിസ്റ്റിന് താൻ പുറപ്പെട്ടിടത്താണ് നിധിയെന്നു  മനസ്സിലാക്കാൻ നീണ്ട യാത്ര വേണ്ടിവന്നതുപോലെ .തിരികെവരുമ്പോൾ നഷ്ടപ്രതാപത്തോടെ കോളാർ സിറ്റി അങ്ങൂദൂരെ കാണാമായിരുന്നു . സ്വർണത്തേക്കാൾ പാലും മാങ്ങയും പട്ടും ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന നഗരമാണിന്ന് കോളാർ. സുവർണകാലഘട്ടം മാഞ്ഞുപോയി. കാലം ചെല്ലുംതോറും മൂല്യമേറുന്ന സ്വർണം പോലെ ഓർമകളിൽ തിളങ്ങിനിൽക്കും കോളാർ എന്ന പേര്. 

English Summary: Bike Ride to Kolar Gold Field

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA