ADVERTISEMENT

സൂര്യന്‍റെ തെളിഞ്ഞ പ്രകാശത്തില്‍, ഗോവന്‍ കടലോരത്ത് നീലാകാശത്തിലേക്ക് ജ്യൂസ് ഗ്ലാസുയര്‍ത്തിപ്പിടിച്ച് കുറവുകള്‍ക്ക് ചിയേഴ്സ് പറയുകയാണ്‌ ഹിന്ദി ടെലിവിഷന്‍ താരം നിയ ശര്‍മ. ഒപ്പം ചിന്തനീയമായ ഒരു കുറിപ്പുമുണ്ട്; 'കുറവുകളുണ്ടായിട്ടും ആകര്‍ഷണീയമായിരിക്കുന്നതിന് ചിയേഴ്സ് പറഞ്ഞാഘോഷിക്കണം' എന്നാണ് താരം ഇതിനൊപ്പം കുറിച്ചത്. 

നീല നിറമുള്ള ബിക്കിനിയണിഞ്ഞ് ഇരിക്കുന്ന താരത്തിന്‍റെ പുറംഭാഗമാണ് ഈ ചിത്രത്തില്‍ കാണുന്നത്. മനോഹരമായ ഈ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 

ഗോവയിലെ സ്യുറി ബീച്ചിന്‍റെ ഒരു ദൃശ്യവും നിയ പങ്കുവച്ചിട്ടുണ്ട്. ആളൊഴിഞ്ഞ് വിജനമാണ് ഈ കടലോരം.

തെക്കന്‍ ഗോവയില്‍ നിന്നും കറുത്ത ഫ്രോക്കണിഞ്ഞു മണലില്‍ ഇരിക്കുന്ന ചിത്രം നിയ മുന്‍പേ പങ്കുവച്ചവയുടെ കൂട്ടത്തിലുണ്ട്. കടല്‍ ആകാശത്തെ തൊടുന്നിടത്ത് തന്നെ കാണാം എന്നാണു നടി കുറിക്കുന്നത്. ബീച്ചുകള്‍ നിയക്ക് എത്രത്തോളം ഇഷ്ടമാണെന്ന് ഈ ചിത്രങ്ങളില്‍ വ്യക്തമാണ്. കയ്യില്‍ മണല്‍ വാരി അത് താഴേക്കും മുടിയിലേക്കും തൂവുന്ന ചിത്രവും ഒരാഴ്ച മുന്നേ നിയ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

അണ്‍ലോക്ക് തുടങ്ങിയതോടെ സാധാരണ ഗതിയിലേക്ക് പതിയെ മടങ്ങിവരികയാണ് ഇന്ത്യയിലെ സഞ്ചാരികളുടെ പറുദീസയായ ഗോവ. സഞ്ചാരികളെ വഹിച്ചെത്തുന്ന ആഭ്യന്തര വിമാനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. ആഭ്യന്തര യാത്രയ്ക്കായി ഗോവ വിമാനത്താവളം വീണ്ടും തുറന്നതിനുശേഷം യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 70-75 ശതമാനമായി കൂടി. അടുത്ത മാസം ഇനിയും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഷെഡ്യൂൾഡ്, ചാർട്ടേഡ് അന്താരാഷ്ട്ര വിമാനങ്ങള്‍ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൊറോണ പകർച്ചവ്യാധി മൂലം ഈ വർഷം മാർച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിനു ശേഷം, മെയ് 25 മുതൽ ഷെഡ്യൂൾഡ് ആഭ്യന്തര യാത്രാ സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനോടകം തന്നെ, ആഭ്യന്തര വിമാന സർവീസുകളിൽ 50 ശതമാനത്തോളം പുനരാരംഭിച്ചിട്ടുണ്ട്.

അൺലോക്ക് പ്രക്രിയയുടെ ഭാഗമായി ഹോട്ടലുകളും റെസ്റ്റോറന്റുകളും മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളും സ്ഥലങ്ങളും തുറന്നിട്ടുണ്ട്. നിരവധി സന്ദര്‍ശകരാണ് ഇപ്പോള്‍ ഗോവയില്‍ ദിനംപ്രതി എത്തുന്നത്. എയര്‍പോര്‍ട്ടിന്‍റെ കണക്കനുസരിച്ച്, നിലവില്‍ പ്രവൃത്തി ദിവസങ്ങളിൽ ശരാശരി 11,000 യാത്രക്കാരും വാരാന്ത്യങ്ങളിൽ 13,500 യാത്രക്കാരും ഗോവ വിമാനത്താവളത്തില്‍ എത്തുന്നുണ്ട്. 

പഴയ റൂട്ടുകൾ വീണ്ടും സജീവമാക്കുന്നതിനു പുറമേ, ലഖ്‌നൗ, നാഗ്പൂർ, ചണ്ഡിഗഡ് തുടങ്ങിയ പുതിയ റൂട്ടുകളിലും ഈ അൺലോക്ക് ഘട്ടത്തിൽ വിമാനങ്ങള്‍ പറന്നുതുടങ്ങിയിട്ടുണ്ട്.

English Summary: Actress Nia Sharma's Goa Vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com