ADVERTISEMENT

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായത്രി അരുണ്‍. മിനിസ്‌ക്രീനിലെ താരമായ ഗായത്രി യാത്രപ്രേമിക്കൂടിയാണ്. ഭര്‍ത്താവ് അരുണും രക്തത്തില്‍ യാത്രാപ്രണയം കലര്‍ന്നയാളായതിനാല്‍ രണ്ടുപേരും ഒഴിവ് കിട്ടിയാൽ യാത്രകള്‍ നടത്താറുണ്ട്. ഈവര്‍ഷം മാര്‍ച്ചില്‍ ഗ്വാളിയാര്‍ കോട്ട കാണാന്‍ പോയതിന്റെ ചിത്രങ്ങള്‍ പൊടിതട്ടിയെടുത്ത് ഗായത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ആ നല്ല ഓര്‍മകള്‍ക്കൊപ്പം ഗായത്രി കുറിച്ചത് വണ്‍സ് അപ് ഓണ്‍ എ കൊറോണലെസ് ടൈം എന്നായിരുന്നു. കൊറോണയ്ക്ക് മുമ്പുനടത്തിയ ആ യാത്രയും മറ്റു വിശേഷങ്ങളുമായി ഗായത്രി അരുണ്‍ മനോരമ ഓണ്‍ലൈനില്‍.

Gayathri-Arun-trip

കേരളത്തിന് പുറത്തേയ്ക്ക് നടത്തിയ ഈ വര്‍ഷത്തെ ആദ്യത്തെയും അവസാനത്തേയും യാത്രയായിരുന്നു ഗ്വാളിയാര്‍ ട്രിപ്. ഞങ്ങളുടെ സഹോദരിയും കുടുംബവും ആഗ്രയിലാണ് താമസിക്കുന്നത്. അവിടേയ്ക്ക് പോയതായിരുന്നു. അവിടെ എത്തിയാൽ സാധാരണ ഞങ്ങളെല്ലാവരും കൂടെയാണ് പുറത്ത് കറങ്ങാൻ പോകാറ്. പക്ഷേ അന്ന് അവർക്ക് കുറച്ചു തിരക്കുകൾ വന്നതു കാരണം ഞാനും അരുണും കൂടി  കാറെടുത്ത് പോകാൻ തീരുമാനിച്ചു. അങ്ങനെയാണ് ഗ്വാളിയാര്‍ കോട്ട കാണാന്‍ പോകുന്നത്. അരുണിന് യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്മാണ്,അതും ഡ്രൈവ് ചെയ്ത് പോകുവാൻ.

Gayathri-Arun-trip3

ഞങ്ങള്‍ ഗ്വാളിയാര്‍ ആണെന്ന് കരുതി ആദ്യമെത്തിയത് മറ്റൊരിടത്തായിരുന്നു. കാട്ടിലൂടെയുള്ള വഴിയായിരുന്നു. വഴിയിലെങ്ങും ആരുമില്ല. മുന്നോട്ട് പോയപ്പോൾ പൊട്ടിപൊളിഞ്ഞ അമ്പലങ്ങളും പുരാതന അവശിഷ്ടങ്ങളും കണ്ടു. ഞങ്ങള്‍ ആദ്യം കരുതിയത് ഇതാണ് ഗ്വാളിയാര്‍ കോട്ടയെന്നായിരുന്നു. എന്നാല്‍ ആരെയും കാണാതായതോടെ സംശയമായി. വീണ്ടും വണ്ടിയെടുത്ത് മുന്നോട്ട് പോയപ്പോഴാണ് യഥാര്‍ത്ഥ കോട്ടയെത്തിയത്. സത്യം പറഞ്ഞാല്‍ സംരക്ഷിക്കപ്പെടാതെ കിടക്കുന്ന നിരവധി പൈതൃകമായ കാഴ്ചകള്‍ നമ്മുടെ നാട്ടിലുണ്ട്. 

Gayathri-Arun-trip6

ആഗ്ര,ഗ്വാളിയാര്‍ പോലെയുള്ള തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൃത്യമായി സംരക്ഷിച്ചും പരിപാലിച്ചും പോരുന്നതുകൊണ്ടാണ് അവയൊക്കെ ഇന്നും കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നത്. എന്നാല്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിസ്മൃതിയിലാണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന അനേകം ചരിത്രയിടങ്ങള്‍ രാജ്യത്തെമ്പാടുമുണ്ട്. അവയൊക്കെ സംരക്ഷിക്കപ്പേടണ്ടവയാണ്.

ആ യാത്രയില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞൊരു കാര്യമാണത്. ഏതൊരു സ്ഥലത്ത് പോയാലും അവിടുത്തെ ചരിത്രവും ഇത്തരം പഴയകാലകാഴ്ചകള്‍ ഉണ്ടെങ്കില്‍ അതുമൊക്കെ കാണാനും അറിയാനുമാണ് എനിക്കേറ്റവും ഇഷ്ടം. 

Gayathri-Arun-trip4

മകളുമൊത്തുള്ള ആഗ്ര യാത്ര മറക്കാനാവില്ല

കുട്ടികളായാല്‍ പിന്നെ ഒരു സമയം വരെ യാത്ര ചെയ്യുക എന്നത് ഒരല്‍പ്പം പ്രയാസമേറിയകാര്യമാണല്ലോ. എന്നുകരുതി യാത്രചെയ്യാതിരിക്കാനൊക്കുമോ എന്നാണ് ഗായത്രി ചോദിക്കുന്നത്. പ്രത്യേകിച്ച് തന്നെപ്പോലെ യാത്രകളെ അത്രയേറെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക്. അത്തരമൊരു യാത്രയുടെ ഓര്‍മകളും താരം പങ്കുവയ്ക്കുകയാണ്. മകള്‍ക്ക് ഒരു വയസായിട്ടില്ല, അപ്പോഴാണ് ആഗ്രയ്ക്ക് പോകുന്നത്. അവള്‍ ആയതിനുശേഷമുള്ള ആദ്യ യാത്രയായിരുന്നു അത്. എന്റെ സഹോദരിയ്ക്കും അന്ന് ചെറിയ കുട്ടിയാണ്. ഞങ്ങള്‍ ഒരു സംഘത്തിനൊപ്പം ടൂറിസ്റ്റ് ബസിലായിരുന്നു ആഗ്ര കാണാനിറങ്ങിയത്. അന്ന് ചൂട് കൂടിയ കാലാവസ്ഥയായിരുന്നു.

Gayathri-Arun-trip5

ബസ് നിര്‍ത്തി കാഴ്ചകള്‍ കാണാന്‍ എല്ലാവരും ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ രണ്ട്‌പേരും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന തിരക്കിലായിരുന്നു. ചിലര്‍ സഹതാപത്തോടും മൊക്കെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഈപൊരിവെയിലത്ത് ഇത്തിരിയുള്ള കുഞ്ഞുങ്ങളെയുമായി വന്ന ഞങ്ങളെ എന്തു ചെയ്യണം എന്നായിരിക്കും ആ നോട്ടക്കാരുടെ മനസിലെന്ന് എനിക്ക് തോന്നി. പക്ഷേ അതൊന്നും എന്നെ തളര്‍ത്തിയില്ല. ബുദ്ധിമുട്ടാണെന്ന് വിചാരിച്ചാല്‍ നമുക്ക് പിന്നെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ട് മടിക്കാതെ മുന്നോട്ട് പോവുക. അന്ന് അതൊരു വെല്ലുവിളിയായിരുന്നു. ഇന്നാലോചിക്കുമ്പോള്‍ മധുരമുള്ള നല്ലൊരോര്‍മയും. 

കൊറോണ തട്ടിയെടുത്ത ഹിമാലയന്‍ ബൈക്ക്ട്രിപ്പ് 

ഭര്‍ത്താവ് അരുണിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹിമാലയത്തിലേക്കൊരു ബൈക്ക് ട്രിപ്പ്. ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ അവസാനപടിക്കലെത്തിയപ്പോഴാണ് കൊറോണ വന്നതും രാജ്യം മുഴുവന്‍ അടച്ചുപൂട്ടിയതും. ഞാനും അരുണും കൂടി ലേ-ലഡാക്കിന് പോകാനായിരുന്നു പ്ലാന്‍.

Gayathri-Arun-trip1

ബൈക്ക് ഓടിച്ച് അവിടെപ്പോവുക എന്നത് അരുണിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്. എല്ലാ തയാറെടുപ്പുകളും കഴിഞ്ഞതായിരുന്നു.പക്ഷേ അപ്പോഴേയ്ക്കും കോവിഡ് രാജ്യമാകെ വ്യാപിക്കുകയും ലോക്ഡൗണ്‍ ആവുകയും ചെയ്തു. യാത്ര ഞങ്ങള്‍ മാറ്റിവച്ചു. അടുത്ത വര്‍ഷത്തെ ആദ്യ ട്രിപ്പ് ചിലപ്പോള്‍ അവിടേയ്ക്ക് തന്നെയാക്കാനാണ് ഞങ്ങളുടെ പദ്ധതി.

Gayathri-Arun-trip7

ഇതുപോലെ മറ്റൊരു യാത്രയും കൊറോണ കൊണ്ടുപോയിയെന്ന് ഗായത്രി. ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ എല്ലാം ശരിയായതാണ്. ജൂണിലായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ വീസ കിട്ടാതെ വന്നതും പിന്നെ കോവിഡും എല്ലാംകൂടി സാമ്പത്തികമായും ഞങ്ങളെ കഷ്ടത്തിലാക്കിയെന്നുപറയാം. സാധാരണ യാത്രകള്‍ക്കായി.ഞങ്ങള്‍ വലിയ പ്ലാനുകളൊന്നും നടത്താറില്ല. കാരണം എപ്പോഴൊക്കെ അങ്ങനെ പ്ലാന്‍ ചെയ്ത് പോകാനിരുന്നിട്ടുണ്ടോ,എന്തെങ്കിലും കൊണ്ട് പലപ്പോഴും പോകാൻ സാധിക്കാറില്ല. അതുകൊണ്ട് ഞങ്ങള്‍ അപ്രതീക്ഷിതമായി തീരുമാനിച്ച് അങ്ങ് പോകാറാണ് പതിവ്. 

Gayathri-Arun-trip8

ഈയടുത്ത് ഞങ്ങള്‍ വാഗമണ്ണിന് പോയിരുന്നു. അവിടുത്തെ തിരക്ക് കണ്ടാല്‍ കോറോണ ആളുകള്‍ മറന്നുതുടങ്ങിയെന്നു പറയേണ്ടിവരും. നമ്മുടെ നാടിന്റെയത്ര ഭംഗി മറ്റൊരിടത്തിനുമില്ലെന്ന് നിസംശയം പറയാം.  ഉത്തരേന്ത്യയിലൊക്കെ പോയിട്ട് തിരിച്ച് നാട്ടിലെത്തുമ്പോഴാണ് നമ്മുടെ ഈ കൊച്ചുകേരളം എത്ര സുന്ദരമാണെന്ന് തിരിച്ചറിയുക. സത്യം പറഞ്ഞാല്‍ നമ്മള്‍ നമ്മുടെ നാടിനെ  വേണ്ട രീതിയില്‍ നോക്കുന്നില്ലെന്ന് തോന്നും.

Gayathri-Arun-trip9

പ്രോഗ്രാമുകള്‍ക്കായി ഞാന്‍ കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ സഞ്ചരിച്ചിട്ടുണ്ട്. എത്ര മനോഹരമാണ് നമ്മുടെ ഈ സ്ഥലങ്ങളൊക്കെ കാണാന്‍ എന്ന് അപ്പോള്‍ മനസ്സിലാകും. ചേര്‍ത്തലക്കാരിയായ ഗായത്രിയ്ക്ക് ഏറ്റവും ഇഷ്ടം ഹില്‍സ്‌റ്റേഷനുകളോടാണ്. ട്രെക്കിങ്ങും കാടുംമേടുമൊക്കെ പ്രീയപ്പെട്ടതായി കരുതുന്ന ഗായത്രിയുടെ സ്വപ്‌നം ഒരു ഉത്തരേന്ത്യന്‍ സോളോ ട്രിപ്പാണ്. അടുത്തവര്‍ഷം ആ യാത്ര പോകണമെന്നാണ് ഗായത്രിയുടെ വലിയൊരാഗ്രഹവും.

 

English Summary: Celebrity Travel Gayathri Arun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com