ഏഴു പതിറ്റാണ്ടിനു ശേഷം ഇൗ ഗ്രാമത്തില്‍ വെളിച്ചമെത്തി; ടൂറിസം മേഖലയ്ക്ക് പുതിയ തുടക്കം

Fotoksar1
SHARE

ഉത്തരേന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ലഡാക്ക്. ഇവിടുത്തെ ലേ ജില്ലയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ടൂറിസത്തിന് ഇത്രയും പ്രാധാന്യമുള്ള ഈ പ്രദേശങ്ങളില്‍ ഇന്നും അടിസ്ഥാന സൗകര്യങ്ങള്‍ അത്ര മികച്ചതല്ല. പതിയെ പുരോഗതിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഇവയോരോന്നും. ഇവിടെയുള്ള ഫോട്ടോക്സര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയാണ് വൈദ്യുതിയെത്തിയത്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏഴു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ഇവിടേക്ക് വൈദ്യുതി കടന്നുവരുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 15,620 അടി മുകളിലുള്ള സിസിര്‍-ലാ ചുരത്തിലൂടെയാണ് ഇവിടേക്കുള്ള വഴി. വേനല്‍ക്കാലങ്ങളില്‍ മാത്രമാണ് ഈ വഴി തുറക്കുക. അതുകൊണ്ടുതന്നെ ശൈത്യസമയത്ത് ഇവിടം പുറംലോകത്ത് നിന്നും പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടും.

റിപ്പോർട്ടുകൾ പ്രകാരം, ഫോട്ടോക്‌സർ ഗ്രാമത്തിനായുള്ള എൻ‌എച്ച്‌പി‌സി പവർ ഗ്രിഡ് ലൈൻ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറുമായ ലേ താഷി ഗ്യാൽ‌സൺ ആണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ വലിയ സന്തോഷത്തിലാണ് നാട്ടുകാര്‍. കൂടുതല്‍ സൗകര്യപ്രദമായ ഒരു ജീവിതം ഇനിയെങ്കിലും ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.

ഇവിടത്തെ പ്രാദേശിക ടൂറിസം മേഖലയിലും ഇതോടെ ഉണര്‍വ് പ്രകടമാകും എന്നാണു കരുതുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ ലേയില്‍ നിന്നും 165 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. ഇവിടെയെത്താന്‍ ലേയിൽ നിന്ന് ലമയൂർ ബുദ്ധമതകേന്ദ്രത്തിലേക്ക് പോകുന്ന വഴിയില്‍, കാർഗിൽ-ലേ ഹൈവേയിൽ നിന്ന് ഇടത്തായി വാൻലയിലേക്ക് തിരിയുക. തുടര്‍ന്ന് 3 മണിക്കൂർ ഡ്രൈവ് ചെയ്‌താല്‍ സിസിർ-ലാ പാസില്‍ എത്തും. മനോഹരമായ ഹിമാലയക്കാഴ്ച്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

വരും ദിനങ്ങളില്‍ സ്കൈമ്പറ്റ, ലിംഗ്ഷെഡ്, യുൽ‌ചുംഗ്, നൈറാക്സ്, ഡിപ്ലിംഗ് തുടങ്ങിയ പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തും എന്നാണ് റിപ്പോർട്ടുകള്‍. കേന്ദ്രഭരണ പ്രദേശത്തെ എല്ലാ പ്രദേശങ്ങളുടെയും തുല്യവും സുസ്ഥിരവുമായ വികസനം ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ മാസം ലഡാക്ക് ആദ്യത്തെ ടൂറിസം പ്രോത്സാഹന നയം ആവിഷ്കരിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തിയാല്‍ ഈ പ്രദേശത്തെ വിദൂരഗ്രാമങ്ങളും മികച്ച ടൂറിസം കേന്ദ്രങ്ങളാക്കി മാറും.

English Summary: This village in Ladakh gets electricity for the first time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA