ADVERTISEMENT

ശാന്തസുന്ദരമായ ഇടത്തേയ്ക്ക് യാത്ര പോകുവാൻ ആഗ്രഹിക്കുന്നുണ്ടോ? മണിപ്പൂരിലെ ചെറിയ ഗ്രാമമായ ആന്ദ്രോയിലേക്ക് പോകാം. പരമ്പരാഗത കരകൗശല വസ്തുക്കൾ മുതൽ നാടോടിക്കഥകളില്‍ പൊതിഞ്ഞ  പുരാതന ക്ഷേത്രവും നിറഞ്ഞ ആന്ദ്രോ, മണിപ്പൂരിന്റെ ചരിത്ര സമ്പന്നമായ ഇടമാണ്. മണിപ്പൂരിലെ നോങ്മൈച്ചിങ് നിരയിലെ വനപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിമനോഹരമാണ്. നിവാസികളുടെ പരമ്പരാഗത മണ്‍പാത്ര നിർമാണമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ഇംഫാലിന് കിഴക്കായി 26 കിലോമീറ്റര്‍ അകലെയാണ് ആന്ദ്രോ സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് എത്തിച്ചേരാൻ ക്യാബുകളും ഷെയര്‍ ക്യാബുകളും എളുപ്പത്തില്‍ ലഭ്യമാണ്. ആ നാടിന്റെ സൗന്ദര്യത്തിന്റെ ഓരോ ഇടത്തേയ്ക്കും യാത്രചെയ്യാനായി വാടകയ്ക്കെടുക്കുന്ന മോട്ടോര്‍ ബൈക്കുകളും ഒരു ലാഭകരമായ ഓപ്ഷനാണ്. 

മണിപ്പൂരിലെ ലോയിസ് കമ്മ്യൂണിറ്റികളിലൊന്നാണ് ഇവിടെ താമസിക്കുന്നത്. ഈ പ്രദേശത്തെ ആദ്യകാല താമസക്കാരാണ് ഇവരെന്നാണ് പരയപ്പെടുന്നത്. ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ പ്രവേശ കവാടം മുതല്‍ നിങ്ങളെ സ്വാഗതം ചെയ്യുക മണ്‍പാത്രങ്ങളായിരിക്കും. മണ്‍പാത്ര നിര്‍മാണമാണ് ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന തൊഴില്‍. ഇവിടുത്തെ സമ്പന്നമായ മണ്‍പാത്ര സംസ്‌കാരത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും മിക്കവാറും എല്ലാ വീടുകളിലും ചിത്രീകരിച്ചിരിക്കുന്നു. നാട്ടുകാരുടെ ഉപജീവനത്തിന്റെ രണ്ടാമത്തെ പ്രധാന രൂപമാണ് കൃഷി. മുഴുവന്‍ കാര്‍ഷിക വ്യവസ്ഥയും ടെറസ് ഫാമിങ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മുള ചൂരല്‍ കൊട്ടകള്‍, വസ്ത്രങ്ങള്‍, എല്ലാത്തരം സുസ്ഥിര വസ്തുക്കള്‍ എന്നിവ ഉണ്ടാക്കുന്ന ആളുകളെ നോക്കി ആന്ദ്രോയുടെ പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍  ജീവിതത്തിലെ മികച്ച കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ഗ്രാമത്തിലും പരിസരത്തും നിരവധി പിക്‌നിക് സ്‌പോട്ടുകള്‍ ഉണ്ട്.

andro-manipur

എല്ലാ വയലുകളിലും  പഴങ്ങളും പച്ചക്കറികളും നെല്ല്, പൈനാപ്പിള്‍ മുതലായവ നിറഞ്ഞതിനാല്‍ ഗ്രാമത്തിന് ചുറ്റുമുള്ള പാടങ്ങളുടെ കാഴ്ച തിളക്കമാര്‍ന്നതാണ്. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളും വ്യത്യസ്ത ജീവിതശൈലികളുമുള്ള ലെയിസ്, കുക്കി, മൈറ്റി മുതലായ നിരവധി ഗോത്രവര്‍ഗ്ഗക്കാരുടെ കൂട്ടായ്മയാണ് ഈ ഗ്രാമം. ഓരോ ഗോത്രത്തിനും വീടുകള്‍ പണിയുന്നതിനും പാത്രങ്ങള്‍ ഉണ്ടാക്കുന്നതിനും അവരവരുടേതായ രീതികളുണ്ട്.

ഒരിക്കലും അണയാത്ത അഗ്നിയുടെ നാട്

ആന്ദ്രോയിലെ മറ്റൊരു ആകര്‍ഷണം ഇവിടുത്തെ പുരാതമായൊരു ക്ഷേത്രവും അഗ്‌നിയുമാണ്. പനാം നിന്‍ഗ്‌തോ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഓരോ ദിവസവും ഗ്രാമത്തിലെ രണ്ടു കുടുംബങ്ങള്‍ക്കു വീതമാണ് ക്ഷേത്രത്തിലെ അഗ്‌നിയെ സംരക്ഷിക്കുവാനുള്ള ചുമതല. ഒരു വര്‍ഷമാകുമ്പോഴേക്കും നാട്ടിലെ എല്ലാ കുടുംബങ്ങള്‍ക്കും ഈ ചുമതല ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ നടത്തിപ്പ്.

മെയി മുത്തബയെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി കത്തിച്ചതും ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയുമാണ് ഇവിടെയുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശമുണ്ടെങ്കിലും ചിത്രങ്ങളെടുക്കാന്‍ അനുവാദമില്ല.

സാന്തെയ് നാച്ചുറല്‍ പാര്‍ക്കും ഡാമും

ഈ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാന്തെയ് നാച്ചുറല്‍ പാര്‍ക്ക്. ഈ മനോഹരമായ പ്രകൃതിദത്ത പാര്‍ക്ക് നിഴല്‍വിരിച്ച ചെറിയ മരങ്ങളാല്‍ ചുറ്റപ്പെട്ടതാണ്, അതിനാല്‍ ഒരു പിക്‌നിക് സംഘടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണിത്.താഴ്വരയില്‍ ഗ്രാമീണര്‍ നിര്‍മിച്ച റിസര്‍വോയറും ഡാമും ചുറ്റുമുള്ള രംഗത്തിന്റെ മനോഹരമായ കാഴ്ച നല്‍കുന്നു. സാമ്പത്തിക പ്രാധാന്യമുള്ളതിനാല്‍ ഡാമും പാര്‍ക്കും പഴയ അവസ്ഥയില്‍ തന്നെ പരിപാലിച്ചുപോരുകയാണ് ഗ്രാമവാസികള്‍ ഇന്നുും. 

മ്യൂട്ടുവെ മ്യൂസിയം

ആന്ദ്രോയിലെ ഏറ്റവും മികച്ചതും എടുത്തുപറയേണ്ടതുമായ ഒന്നാണ് മ്യൂട്ടുവെ മ്യൂസിയം. മനോഹരമായ പെയിന്റിംഗുകളും കരകൗശല ഗോത്ര പാവകളും മുതല്‍ മണിപ്പൂരിലെ 29 അംഗീകൃത ഗോത്രങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളും, കല്ല് പ്രതിമകളും പ്രാദേശിക ഇതിഹാസങ്ങളുടെ മരം കൊത്തുപണികളും വരെ, ഈ മ്യൂസിയത്തിലുള്ളത് ആന്ദ്രോയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അതിശയകരമായ പ്രദര്‍ശനമാണ്.

സാവധാനത്തില്‍ അപ്രത്യക്ഷമാകുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഗ്രാമവാസികള്‍ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടാണ് 1993 ല്‍ പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍, എഴുത്തുകാരനുമായ മ്യൂട്ടുവെ ബഹദൂറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഗ്രാമവാസികള്‍ ഈ മ്യൂസിയം സ്ഥാപിച്ചത്.ഇന്നീ മ്യൂസിയം ഗ്രാമത്തിന്റെ ഹൃദയഭാഗമായി.ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്ന് വ്യത്യസ്തമായി, മ്യൂട്ടുവെ മ്യൂസിയം പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ച കുടിലുകളുടെ ഒരു കൂട്ടമാണ്. 

ആന്ദ്രോയെന്നാല്‍ പ്രകൃതിയുടെ വരദാനമെന്ന് പറയും അവിടം സന്ദര്‍ശിച്ചവരാരും.ഒരിക്കലെങ്കിലും ഈ മനോഹരനാട്ടിലേയ്ക്ക് ഒരു യാത്ര നടത്തി നോക്കൂ.പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്ന ആ സുന്ദരിയെ ഒന്നടുത്തറിയാം.

English Summary: Andro Town in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com