ശൈത്യം ആസ്വദിക്കുവാനായി നിരവധിപേരാണ് മഞ്ഞിന്റെ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. കാശ്മീരിലും ഹിമാചൽ പ്രദേശിലടക്കം നിരവധിയിടങ്ങളില്‍ ഇപ്പോൾ മഞ്ഞണിഞ്ഞ മനോഹര കാഴ്ചകളാണ്. ഇൗ മഞ്ഞുവീഴ്ച കോവിഡ് ബാധിച്ച കാശ്മീരിലെയും ഹിമാചൽ പ്രദേശിലെയുമൊക്കെ ടൂറിസം കേന്ദ്രങ്ങളെ ജീവസുറ്റതാക്കിമാറ്റി. മഞ്ഞുക്കാലം ആസ്വദിക്കുവാനായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിയത്. ഇപ്പോഴിതാ ഹിമാചലിലേക്ക് വരുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു കാലാവസ്ഥാ വകുപ്പ്.
ഹിമാചല്‍പ്രദേശില്‍ ഡിസംബര്‍ പന്ത്രണ്ടിന് കനത്ത മഞ്ഞുവീഴ്ചയും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഷിംല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. വാരാന്ത്യത്തില്‍ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു. ഇത്തരത്തിലുള്ള കാലാവസ്ഥ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന 'യെല്ലോ വെതര്‍ വാണിങ്' ആണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡിസംബര്‍ 11, 12 തീയതികളില്‍ മോശം കാലാവസ്ഥ പ്രതീക്ഷിക്കാം. ഉയരം കൂടിയതും താഴ്ന്ന പ്രദേശങ്ങള്‍ അല്ലാത്തതുമായ ഇടങ്ങളില്‍ ഡിസംബര്‍ 9ന് ആരംഭിച്ച മഞ്ഞുവീഴ്ച്ചയും മഴയും 12 വരെ തുടരും. ഇതില്‍ പന്ത്രണ്ടാം തീയതിക്ക് മാത്രമാണ് യെല്ലോ വെതര്‍ വാണിംഗ് ഉള്ളത്. ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളുടെ പ്രവചനത്തിനായാണ് കളര്‍ കോഡഡ് മുന്നറിയിപ്പുകള്‍ ഉപയോഗിക്കുന്നത്. ഇവയില്‍ ഏറ്റവും അപകടം കുറഞ്ഞതിനെ സൂചിപ്പിക്കുന്നതാണ് യെല്ലോ വെതര്‍ വാണിംഗ്.
അതേസമയം ഡിസംബർ 8- ന് താപനില മൈനസ് 1.3 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ ലാഹോളും സ്പിറ്റിയിലെ കീലോംഗും ഹിമാലയപ്രദേശത്തെ ഏറ്റവും തണുപ്പുള്ള സ്ഥലമായി മാറിയെന്ന് ഷിംല മെറ്റ് സെന്റര്‍ ഡയറക്ടർ മൻമോഹൻ സിംഗ് പറഞ്ഞു. കിന്നൗറിലെ കൽപ്പയില്‍ 3.5 ഡിഗ്രിയാണ് താപനില. ടൂറിസ്റ്റ് കേന്ദ്രങ്ങളായ മണാലി, കുഫ്രി, ഡൽഹൗസി എന്നിവിടങ്ങളില്‍ യഥാക്രമം 4.8, 6.7, 8.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഷിംലയിലും 8.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 27.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഉന സംസ്ഥാനത്തിലെ ഏറ്റവും ചൂടേറിയ ഭാഗമായി തുടരുന്നു.
English Summary: Cold weather in North India, 'yellow' weather warning issued for Himachal Pradesh