ADVERTISEMENT

തഞ്ചാവൂർ പോയി നാഡി ശാസ്ത്രം നോക്കണം എന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം. അധികം യാത്രകൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും പോയതെല്ലാം ഇന്നും മായാതെ നിൽക്കുന്ന ഓർമകൾ ആണെന്ന് മലയാളികളുടെ പ്രിയങ്കരിയായ നടി നിരഞ്ജന പറയുന്നു. ബിടെക്, സൈറാബാനു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതയാണ് നിരഞ്ജന അനൂപ്. നിഷ്കളങ്കമായ ചിരിയും വിടർന്ന കണ്ണുകളും കൊണ്ട്  മലയാളികളുടെ മനസ്സ് കീഴടക്കിയ നിരഞ്ജനയുടെ യാത്ര സ്വപ്നങ്ങളും വിശേഷങ്ങളും അറിയാം.

തഞ്ചാവൂർ പോകണം, നാഡീ ശാസ്ത്രം നോക്കണം

ഒത്തിരി യാത്രകൾ ഒന്നും ഞാൻ നടത്തിയിട്ടില്ല. കുടുംബവുമൊത്തും ബന്ധുക്കൾക്കുമൊപ്പവുള്ള യാത്രകളാണ് ഏറെയും. അവയെല്ലാം എന്നും മധുരിക്കുന്ന ഓർമകളാണ്. തനിച്ച് യാത്ര ചെയ്യണം എന്നൊക്കെ ആഗ്രഹമുള്ള ഒരാളാണ് ഞാൻ. അങ്ങനെ ഒറ്റയ്ക്ക് പോകാൻ ആയാൽ ആദ്യം പോവുക  തഞ്ചാവൂരിലേക്കായിരിക്കും. ദിലീപേട്ടന്റെ സിനിമയായ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രം കണ്ടതിനു ശേഷമാണ് ആ സ്ഥലത്തിനോട് ഇഷ്ടം കൂടിയത്. 

niranjana-travel6
നിരഞ്ജന അനൂപ്

അതിൽ നാഡി ശാസ്ത്രം നോക്കുന്ന രംഗം കണ്ടശേഷമാണ് എനിക്കും അവിടെ ചെന്ന് നാഡി ശാസ്ത്രം നോക്കണം എന്ന ആഗ്രഹം ഉടലെടുത്തത്. എപ്പോൾ പോകാനാകും എന്നൊന്നും അറിയില്ല. എങ്കിലും ഒറ്റയ്ക്കു യാത്ര പോകണം എന്നാണ് കരുതുന്നത്.

ഡൽഹി യാത്ര കൊറോണ വെള്ളത്തിലാക്കി

ഈ കൊറോണ ഒന്നും ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ വർഷം തനിച്ച് ഡൽഹിക്ക് യാത്ര പോകുമായിരുന്നു. അതിനുള്ള പ്ലാനിങും തയാറെടുപ്പുമൊക്കെ നടത്തിയിരുന്നു.  പക്ഷേ എല്ലാം വെള്ളത്തിലായി. അവിടെ എൻറെ ബന്ധുക്കൾ ഉള്ളതിനാൽ അങ്ങോട്ട് തനിച്ചു പോയാലും പേടിക്കാൻ ഒന്നും ഇല്ലായിരുന്നു. വീട്ടുകാർക്കും സമ്മതമായിരുന്നു. കൊറോണ വില്ലനായതോടെ  ഒന്നും നടന്നില്ല. ഇനി അടുത്ത വർഷം പോകാനാകുമോ എന്ന ചിന്തയാണിപ്പോൾ.

നിരഞ്ജന അനൂപ്
നിരഞ്ജന അനൂപ്

ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്കൊന്നും യാത്രകൾ പോകാൻ ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ ആ സ്ഥലങ്ങളിലേക്കെല്ലാം എന്നെ കൂട്ടികൊണ്ടു പോകുന്നത് വായനയാണ്. ഒരു നാടിന്റെ മണവും ആ നാട്ടിലെ കാര്യങ്ങളുമെല്ലാം അറിയുന്നത് വായനയിലൂടെയും ചിത്രങ്ങളിലൂടെയുമാണ്.

niranjana-travel1
നിരഞ്ജന അനൂപ്

വായിച്ചറിയുന്ന നാടുകളോട് എപ്പോഴും ഒരാത്മബന്ധം തോന്നാറുണ്ട്. ഒരിക്കലെങ്കിലും അവിടെയൊന്നു പോകണമെന്ന് ആഗ്രഹിക്കാറുമുണ്ട്. നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്കു യാത്രകൾ പോകാനും ഒരു സ്ഥലത്തെ ഏറ്റവും രുചികരമായ ഭക്ഷണം തേടിപ്പിടിച്ചു കഴിക്കാനും നിരഞ്ജനയ്ക്ക് ഇഷ്ടമാണ്.

കൊടൈക്കനാൽ യാത്ര, അതിന്നും പേടിപ്പിക്കുന്നു

എന്റെ കുട്ടിക്കാലത്താണ് വീട്ടിൽ നിന്നും കൊടൈക്കനാലിലേക്കു ഒരു യാത്ര പോയത്. കൊടൈക്കനാലിലെ ഒരു തടാകക്കരയിലൂടെ ഞാനും കസിൻസും കൂടെ ചുറ്റികറങ്ങിയും കളിച്ചും നടക്കുകയായിരുന്നു. രാവിലെയായതു കൊണ്ട് തന്നെ നല്ല തണുപ്പുണ്ടായിരുന്നു. പെട്ടെന്നാണ് ഞങ്ങൾ ആ കാഴ്ച കണ്ടത്. തടാകത്തിന്റെ മധ്യത്തിൽ നിറയെ തലമുടിയും, മുടിയിൽ നിറയെ ഐസുകട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു സുന്ദരിപാവയുടെ തല. അതിങ്ങനെ ഒഴുകിയൊഴുകി കരയിലേക്കു വരുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആ പാവയെ എങ്ങനെയെടുക്കും എന്നാലോചിച്ചുകൊണ്ട് അവിടെ തന്നെ നിൽപ്പായി.

niranjana-travel5
നിരഞ്ജന അനൂപ്

പെട്ടെന്നാണ് ആളുകൾ ഓടികൂടിയതും പൊലീസുകാരെത്തിയതും. സ്പീഡ് ബോട്ടിൽ ആളുകളെത്തി ആ പാവയുടെ തലയിൽ പിടിച്ചുയർത്തിയപ്പോഴാണ് അതൊരു പാവ അല്ലായിരുന്നു, ഒരു കുഞ്ഞായിരുന്നുവെന്നു മനസിലായത്. അന്ന് ഉള്ളിൽ കയറിയ ഒരു പേടിയുണ്ട്. ജീവിതത്തിൽ ഇന്നോളം ഞാനിങ്ങനെ പേടിച്ചിട്ടില്ല. ആ ഒരു ഭയം അതിതുവരെയും മാറിയിട്ടില്ല എന്നുതന്നെ പറയാം. പിന്നീട് എപ്പോൾ ഒരു തടാകക്കരയിലേക്കു പോയാലും എനിക്കിതു മാത്രമാണ് ഓർമ വരിക.

niranjana-travel2
നിരഞ്ജന അനൂപ്

സാഹസിക യാത്രകളോടൊന്നും താരത്തിന് വലിയ താല്പര്യം ഇല്ല. കൂട്ടു കൂടി എല്ലാവരും ഒത്തു യാത്ര പോകാനാണ് ഇഷ്ടം. ട്രെക്കിങ് പോലെയുള്ള  അഡ്വഞ്ചറസ് ആയിട്ടുള്ള കാര്യങ്ങളോട് ആദ്യമേ തന്നെ നോ പറയും നിരജ്ഞന. 

ജനിച്ച നാടിനോടുള്ള പ്രിയം

ജനിച്ച നാടിനോടുള്ള പ്രിയം അതൊരിക്കലും ഒരാളിൽ നിന്നും മാഞ്ഞുപോകില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഞാൻ ജനിച്ച കോഴിക്കോട് തന്നെയാണ്. വളർന്നതും പഠിച്ചതും ഇപ്പോൾ ജീവിക്കുന്നതും കൊച്ചിയിലായതുകൊണ്ടു തന്നെ കൊച്ചിയും എനിക്കേറ്റവും പ്രിയപ്പെട്ടതു തന്നെ.

niranjana-travel4
നിരഞ്ജന അനൂപ്

ഇതുവരെ യാത്ര പോയതിൽ ഏറ്റവും ഇഷ്ടം ഗോവയും ബെംഗളൂരുവുമാണ്. ആ രണ്ടു നാടുകളും നൽകുന്നത് നല്ലൊരു അനുഭവമാണ്. സിനിമ ചിത്രീകരണത്തിനായിട്ടാണ് അവിടെ മുമ്പ് പോയിട്ടുള്ളതെങ്കിലും ഒരിക്കൽക്കൂടി പോകണം എന്ന് മനസിൽ കുറിച്ചിട്ടുള്ള രണ്ട് ഇടങ്ങളാണ് അതെന്നും നിരഞ്ജന. തനിച്ച് യാത്ര ചെയ്തു തുടങ്ങുമ്പോൾ ഇവിടെയൊക്കെ ഒരിക്കൽ കൂടി പോകണം. 

മറക്കാനാവില്ല

മറക്കാനാവാത്ത യാത്ര എന്ന് പറയുന്നതിനേക്കാളും ഞാൻ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന എപ്പോഴും ആലോചിക്കുന്ന ഒരു കാര്യം എന്റെ കുട്ടിക്കാലത്തെ കസിൻസിനൊപ്പമുള്ള  യാത്രകളാണ്. ഞാൻ മതിമറന്ന് സന്തോഷിച്ച് ,ആസ്വദിച്ച യാത്രകളായിരുന്നു അവയൊക്കെയും. അതുകൊണ്ട് യാത്രകളെക്കുറിച്ച് പറയുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ആദ്യം എത്തുക കുഞ്ഞുനാളിലെ ആ ചെറിയ കാര്യങ്ങളാണ്. വലിയ സ്വപ്നങ്ങൾ ഒന്നും താൻ കണ്ടുതുടങ്ങിയിട്ടില്ലെന്നും യാത്രയോടുള്ള പ്രണയം കാരണം പുതിയ സഞ്ചാരങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും നിരഞ്ജന പറയുന്നു.

English Summary: Celebrity Travel Niranjana Anoop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com