വെള്ളത്തിലോടുന്ന ആംബുലന്‍സുണ്ട്; ദാല്‍ തടാക യാത്രക്കിടെ അസുഖം പേടിക്കേണ്ട

dhal-lake
Image From ANI Twitter
SHARE

ഇന്ത്യയുടെ കിരീടമാണ് ജമ്മു കശ്മീർ എങ്കിൽ അതിലെ രത്നമാണ് ദാല്‍ തടാകം എന്നാണ് പറയുക. കശ്മീർ താ‍ഴ്‌‌‌വരയിലെ നിരവധി തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ദാല്‍ തടാകം, വര്‍ഷംതോറും നിരവധി സന്ദര്‍ശകര്‍ വന്നെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്.

വിക്ടോറിയൻ കാലഘട്ടത്തിലെ രീതിയില്‍ നിര്‍മിച്ച ഹൗസ്ബോട്ടുകളാണ് ദാല്‍ തടാകത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. പതിനെട്ടു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പറന്നു കിടക്കുന്ന തടാകത്തില്‍, 'ശിക്കാരവള്ള'ങ്ങള്‍ എന്നറിയപ്പെടുന്ന അലങ്കരിച്ച ബോട്ടുകളിലെ യാത്ര സഞ്ചാരികളെ സംബന്ധിച്ച് അവിസ്മരണീയമായ ഒരു അനുഭവമാണ്. അതിനു വേണ്ടി മാത്രമായി എത്തുന്ന സഞ്ചാരികളും കുറവല്ല. സഞ്ചാരികളുടെ ആരോഗ്യത്തിന് ഗ്യാരണ്ടി നല്‍കിക്കൊണ്ട് വെള്ളത്തിലോടാന്‍ ഇനി മുതല്‍ ഒരു ബോട്ട് ആംബുലന്‍സ് സര്‍വീസ് കൂടി ഇവിടെയുണ്ടാകും.

dhal-lake-1
Image From ANI Twitter

ഹൗസ് ബോട്ട് നടത്തിപ്പുകാരനായ താരിഖ് അഹമ്മദ് പാറ്റ്ലൂ എന്ന കശ്മീര്‍ സ്വദേശിയാണ് ഈ 'ഒഴുകുന്ന ആംബുലന്‍സ്' എന്ന ആശയത്തിന് പിന്നില്‍. കോവിഡ് ബാധിതനായ സമയത്ത് തനിക്കു നേരിടേണ്ടി വന്ന കഷ്ടപ്പാടുകളാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ പാറ്റ്ലൂവിന് പ്രചോദനമായത്. രോഗം ബാധിച്ച സമയത്ത് ആരും അദ്ദേഹത്തോടൊപ്പം ഹൗസ്ബോട്ടില്‍ യാത്ര ചെയ്യാന്‍ തയാറായില്ല. ആശുപതിയില്‍ പോകാന്‍ നന്നേ ബുദ്ധിമുട്ടി. അങ്ങനെയൊരു ബുദ്ധിമുട്ട്, ഇനിയാര്‍ക്കും വരാന്‍ പാടില്ലെന്ന് അന്നേ പാറ്റ്ലൂ മനസ്സില്‍ ഉറപ്പിച്ചു.

രോഗമോചിതനായ ഉടന്‍ ബോട്ടിന്‍റെ പണി ആരംഭിച്ചു. ഒരു മാസമെടുത്താണ് ബോട്ട് ആംബുലന്‍സ് വെള്ളത്തിലിറക്കാന്‍ തയാറായത്. ശിക്കാരവള്ളം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അതേ മരം ഉപയോഗിച്ചാണ് ബോട്ട് ആംബുലന്‍സും ഉണ്ടാക്കിയത്. അതിനുശേഷം വേണ്ട ക്രമീകരണങ്ങള്‍ നടത്തി. സഹായം ആവശ്യമുള്ളവര്‍ക്ക് ഹെല്‍പ്ലൈനില്‍ വിളിച്ച് സേവനം ആവശ്യപ്പെടാം. നിരവധി ടൂറിസ്റ്റുകള്‍ കാലാവസ്ഥാമാറ്റം കൊണ്ടും മറ്റും അസുഖബാധിതരാകുന്നത് പതിവാണ്. അവര്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പാറ്റ്ലൂ പറഞ്ഞു.

മഞ്ഞുകാലം തുടങ്ങിയതോടെ തണുത്തുറഞ്ഞിരിക്കുകയാണ് ദാല്‍ തടാകം ഇപ്പോള്‍. മൂന്നുഭാഗത്തും ഗിരിനിരകള്‍ പൊതിഞ്ഞു പിടിക്കുന്ന ദാലിന്‍റെ മഞ്ഞുമൂടിയ ഈ കാഴ്ച അഭൗമസുന്ദരമാണ്. ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പല നിറത്തിലുള്ള താമരകള്‍ വിരിയുന്ന ഇവിടത്തെ ഫ്‌ളോട്ടിങ് ഗാര്‍ഡന്‍ കാണാനും നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. ശ്രീനഗര്‍ നഗരത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നതിനാല്‍ തടാകത്തിലേക്ക് എത്തിച്ചേരാനും എളുപ്പമാണ്.

English Summary: Srinagar’s Dal Lake to get first floating Ambulance Service

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA