ADVERTISEMENT

സ്വര്‍ഗസുന്ദരമായ ഒരു ഹിമാലയന്‍ ഗ്രാമമാണ്‌ ഡാര്‍ജിലിങ്ങിലെ കുര്‍സിയോംഗ് ഡിവിഷനിലുള്ള സിറ്റോങ്ങ്. പച്ച വിരിച്ച താഴ്‌വാരങ്ങളും വിളഞ്ഞുകിടക്കുന്ന ഓറഞ്ചു തോട്ടങ്ങളും അരുവികളും നദികളും മുള കൊണ്ടുണ്ടാക്കിയ പാലങ്ങളുമെല്ലാം ചേര്‍ന്ന് അഴകൊഴുകുന്ന ഈ പ്രദേശം പ്രകൃതി വരച്ച ഒരു ത്രിമാന ചിത്രമെന്ന പോലെ തികച്ചും അയഥാര്‍ത്ഥമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുക. നാലായിരം അടി ഉയരത്തില്‍, അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ഈ സുന്ദരഭൂമിക്ക് 'സിറ്റോങ്ങ് ഖാസ്മഹല്‍' എന്നും പേരുണ്ട്. 

ലെപ്ച്ച ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന ഈ ഗ്രാമപ്രദേശത്തെ മിക്ക വീടുകളിലും ഓറഞ്ചുതോട്ടമുണ്ട്. അതുകൊണ്ടുതന്നെ, 'ഓറഞ്ചു താഴ്‌‌വര' എന്നാണ് സിറ്റോങ്ങിനെ വിളിക്കുന്നത്. മഞ്ഞുകാലമാകുമ്പോഴേക്കും ഓറഞ്ചുകളെല്ലാം വിളഞ്ഞു പാകമാകും. നയനമനോഹരമായ ഈ കാഴ്ച കാണാന്‍ വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. സ്വര്‍ണ്ണനിറത്തില്‍ പഴുത്തു തൂങ്ങുന്ന രുചികരമായ ഓറഞ്ചുകള്‍ മരത്തില്‍ നിന്നുതന്നെ നേരിട്ട് പറിച്ച് കഴിക്കുന്നത് രുചിമുകുളങ്ങള്‍ക്ക് പുത്തനുണര്‍വേകുന്ന അനുഭവമാണ്.

സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന മറ്റൊരു കാഴ്ചയാണ് സിറ്റോങ്ങിലെ ആഹല്‍ഡാര വ്യൂപോയിന്‍റ്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ മുഖത്തിനോട് സാമ്യമുള്ള ആകൃതിയിലുള്ള ഒരു പാറയാണ്‌ ഇവിടത്തെ ആകര്‍ഷണം, അതുകൊണ്ടുതന്നെ 'രവീന്ദ്ര പീക്ക്' എന്നും ഇതിനെ വിളിക്കുന്നു. അദ്ദേഹം സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന മുംഗ്പൂ എന്ന സ്ഥലം ഇവിടെ നിന്നും വെറും അര മണിക്കൂര്‍ ദൂരത്തിലാണ് എന്നത് മറ്റൊരു യാദൃശ്ചികതയാണ്.

Sitong-in-Darjeeling
ഡാര്‍ജിലിങ്ങിലെ കുര്‍സിയോംഗ് ഡിവിഷനിലുള്ള സിറ്റോങ്ങ്

മുള കൊണ്ടുണ്ടാക്കിയ പരമ്പരാഗത പാലങ്ങള്‍ക്കും പേരു കേട്ടതാണ് സിറ്റോങ്ങ്. ഈ പ്രദേശത്തിന്‍റെ ജീവധാരയായ ടീസ്റ്റ നദിയുടെ നിരവധി കൈവഴികള്‍ ഇവിടം ഫലഭൂയിഷ്ടമാക്കുന്നു. കൂടാതെ സിറ്റോങ്ങ് ചര്‍ച്ച്, മൊണാസ്ട്രി തുടങ്ങിയവയും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.

മഹാനന്ദ, ലറ്റ്പഞ്ചര്‍ തുടങ്ങിയ വന്യജീവിസങ്കേതങ്ങളും സിറ്റോങ്ങിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. വിവിധയിനം വേഴാമ്പലുകള്‍ അടക്കം അപൂര്‍വ്വങ്ങളായ നിരവധി പക്ഷികളെ ഇവിടെ കാണാം. പക്ഷികള്‍ മാത്രമല്ല, ഹിമാലയന്‍ മുള്ളന്‍പന്നി, ഹിമാലയന്‍ കറുത്ത കരടി, ആനകള്‍, ബംഗാള്‍ കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയവയും ഇവിടെയുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അടുത്തുള്ള ഗ്രാമങ്ങളിലേക്ക് ട്രെക്കിംഗ്, ഹൈക്കിംഗ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. സിറ്റോങ്ങിനടുത്തായി ഇത്തരത്തില്‍ പോകാന്‍ പറ്റുന്ന ഒരു മനോഹര ഗ്രാമമാണ് ലാബ്ഡ. യാത്രക്കിടെ ലെപ്ച്ച ഗോത്രവര്‍ഗ്ഗക്കാരുമായി ഇടപഴകാനും അവസരം ലഭിക്കും.

നവംബര്‍ മുതല്‍ ജനുവരി വരെയാണ് സിറ്റോങ്ങ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ഓറഞ്ചുമരങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതുമെല്ലാം ഈ സമയത്താണ്. മഞ്ഞുകാലമായതിനാല്‍ ഹിമാലയന്‍ ഗ്രാമങ്ങള്‍ക്ക് ഈ സമയത്ത് സാധാരണയില്‍ക്കവിഞ്ഞുള്ള ഭംഗി കാണും. 

English Summary: Offbeat Destination Sitong in Darjeeling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com