ഇങ്ങോട്ട് സഞ്ചാരികൾ എത്തുന്നത്, ചൂണ്ടയെറിഞ്ഞു മീന്‍ പിടിക്കാൻ

fishing-arunachal-pradesh
SHARE

എല്ലാത്തരത്തിലുള്ള വിനോദങ്ങള്‍ക്കും പറ്റിയ ഇടങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതി കൊണ്ടും അനുഗ്രഹീതമായതിനാല്‍ വൈവിധ്യങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് യാത്രാനുഭവങ്ങളും വ്യത്യാസപ്പെടും എന്നതിനാല്‍ ഒരേ പ്രദേശത്തു തന്നെ പല തവണ പോയാലേ അതിന്‍റെ ഭംഗിയും അത് പകര്‍ന്നു നല്‍കുന്ന അനുഭവങ്ങളും പൂര്‍ണ്ണമായും ആസ്വദിക്കാനാവൂ.

fly-fishing

ലോകമെങ്ങും നിരവധി ആരാധകരുള്ള ഒരു ജലവിനോദമാണ് മീന്‍പിടിത്തം. ധാരാളം നദികളും തടാകങ്ങളും കടലുകളുമെല്ലാമുള്ള ഇന്ത്യയില്‍ ഇതിനായി ഏറ്റവും മികച്ച നിരവധി ഡെസ്റ്റിനേഷനുകളുണ്ട്. ഈയിടെയായി ഏറെ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന ഒരു വിനോദം കൂടിയാണ് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത്. ഇതിനായി സഞ്ചാരികള്‍ക്ക് അവസരമൊരുക്കാന്‍ ഹിമാലയൻ താഴ്‌വരകൾ മുതൽ ബംഗാൾ ഉൾക്കടലിന്‍റെയും അറബിക്കടലിന്‍റെയും വിശാലമായ തീരപ്രദേശങ്ങൾ വരെ വൈവിധ്യമാർന്ന ജലാശയശ്രേണിയുമുണ്ട്. അത്തരത്തിലുള്ള ചില വിനോദകേന്ദ്രങ്ങള്‍ പരിചയപ്പെടാം.

1. രാംഗംഗ, ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ഉത്തരാഖണ്ഡ്

മീൻപിടുത്ത വിനോദാവസരങ്ങള്‍ക്ക് പ്രശസ്തമായ സ്ഥലമാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിൽ സ്ഥിതിചെയ്യുന്ന കോർബറ്റ് നാഷണൽ പാർക്ക്. വൈവിധ്യമാർന്ന നിരവധി സസ്യജന്തുജാലങ്ങൾ പാർക്കിലുണ്ട്. പാര്‍ക്കിനുള്ളിലൂടെ ഒഴുകുന്ന രാംഗംഗ നദിയില്‍ മഹ്‌സീർ, ഗൂഞ്ച്, ബ്രൗൺ ട്രൌട്ട് തുടങ്ങി നിരവധി മത്സ്യങ്ങളുണ്ട്. നാഗറ്റേലി മുതൽ മാസി വരെ നീളുന്ന അപ്പർ രാംഗംഗയിൽ സഞ്ചാരികള്‍ക്ക് മീന്‍പിടിത്തം അനുവദനീയമാണ്. 

എന്നാല്‍ ഇതിനായി പാർക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (ഡിഎഫ്ഒ) അനുമതി വേണം. പാർക്കിന് സമീപത്തായി സ്ഥിതിചെയ്യുന്ന സ്വകാര്യ റിസോർട്ടുകാര്‍ വഴി ഫിഷിംഗ് പെർമിറ്റ് ലൈസൻസ് എളുപ്പത്തില്‍ ഒപ്പിക്കാം.ഒക്ടോബർ മുതൽ ജൂൺ പകുതി വരെയുള്ള സമയമാണ് ഇതിന് ഏറ്റവും മികച്ച സമയം. 

fishing-himachal-pradesh

2. കോസി, ഉത്തരാഖണ്ഡ്

ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന കോസി നദിയില്‍ മഹ്‌സീര്‍ മത്സ്യങ്ങള്‍ നിരവധിയുണ്ട്. പാര്‍ക്കിന്‍റെ, മോഹൻ മുതൽ രാംനഗർ വരെയുള്ള കിഴക്കൻ അതിർത്തിയിലാണ് കോസി നദി. ഒക്ടോബർ, ജൂൺ മാസങ്ങളാണ് ഏറ്റവും മികച്ച സമയം. ബെറ്റാൽഘട്ട്, ചര എന്നിവിടങ്ങളാണ് മീന്‍ പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍. പ്രദേശത്തെ ഹോട്ടലുകളും റിസോർട്ടുകളുമായി ബന്ധപ്പെട്ടാല്‍ മത്സ്യബന്ധനത്തിനുള്ള അനുമതി എളുപ്പത്തില്‍ നേടാം. 

3. പഞ്ചേശ്വര്‍, മഹാകാളി നദി, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലുള്ള ലോഹഘട്ട് നഗരത്തില്‍ നിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് പഞ്ചേശ്വർ. മഹ്‌സീർ മത്സ്യങ്ങളാല്‍ സമൃദ്ധമാണ് ഇതിലൂടെ ഒഴുകുന്ന മഹാകാളി നദി. മണ്‍സൂണ്‍ കാലത്തിനു മുമ്പും ഒക്ടോബർ മാസത്തിനുശേഷവുമാണ് ഇവിടെ മീന്‍പിടിത്ത വിനോദപരിപാടികള്‍ സജീവമാകുന്നത്. എല്ലാ വർഷവും മാർച്ചിൽ നടക്കുന്ന രാജ്യാന്തര ആംഗ്ലിംഗ് മത്സരത്തിൽ പങ്കെടുക്കാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. 

4. ഹിമാചല്‍‌പ്രദേശ്

മറ്റു വിനോദങ്ങള്‍ക്കെന്ന പോലെ മീൻപിടിത്തത്തിനും ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണ് ഹിമാചൽ പ്രദേശ് എന്നതിൽ സംശയമില്ല. ഷിംലയുടെ 80 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പബ്ബാർ വാലി പ്രദേശം ഇന്ത്യയിലെ ഗോൾഡൻ മഹ്‌സീർ ഫിഷിംഗിനുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. പബ്ബാർ നദിയില്‍ ധാരാളം മത്സ്യങ്ങളുണ്ട്. മണ്ടിൽ, ധാംവാരി, ചിർഗാവ്, സീമ, സന്ധാസു എന്നിവയാണ് ഹിമാചൽ പ്രദേശിലെ മറ്റ് പ്രശസ്തമായ മീന്‍പിടിത്ത വിനോദ കേന്ദ്രങ്ങള്‍. 

ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിലൂടെ ഒഴുകുന്ന ബീഡ്, സത്‌ലജ്, രവി, ബാസ്പ നദികളില്‍ തവിട്ടുനിറത്തിലുള്ള ട്രൌട്ട്  മത്സ്യങ്ങള്‍ ധാരാളമുണ്ട്. ബിയാസ് നദിയുടെ കൈവഴികളായ സർവാരി, പർബതി, സൈഞ്ച്, ഹർല, ഫോജൽ, തീർത്ഥൻ എന്നിവ മീന്‍പിടിത്തത്തിനുള്ള മികച്ച ഇടങ്ങളായി കണക്കാക്കപ്പെടുന്നു. ബ്രൗൺ ട്രൌട്ട്, ക്യാറ്റ്ഫിഷ്, റോഹു, കാറ്റ്‌ല, ഗോൾഡൻ മഷീർ, മ്രിഗൽ നെമാചിലസ്, ബറിലസ്, സ്കീസോത്തോറാസിഡുകൾ എന്നിങ്ങനെ വിവിധതരത്തിലുള്ള മത്സ്യങ്ങള്‍ ഈ നദികളില്‍ ധാരാളമുണ്ട്.

fishing-jammukashmir

മത്സ്യബന്ധനം അനുവദനീയമായ ഇടങ്ങളില്‍ മാത്രമേ മീന്‍പിടിത്തം നടത്താനാവൂ. ഇതിനായി പ്രത്യേക ലൈസന്‍സ് നേടേണ്ടതുണ്ട്. ലൈന്‍ ഫിഷിങ്, റോഡ്‌ ഫിഷിങ് എന്നിവ മാത്രമാണ് ഈയിടങ്ങളില്‍ അനുവദിച്ചിട്ടുള്ളത്.

5. അരുണാചല്‍ പ്രദേശ്‌

കാമെങ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഭാലുക്പോങ്, ടിപ്പി എന്നിവയും സിയാങ് നദീതീരത്തെ പാസിഗട്ട്,  ലോഹിത് നദിക്കരികിലുള്ള വക്രോ എന്നിവയാണ് അരുണാചൽ പ്രദേശിലെ പ്രധാന മീൻപിടുത്ത വിനോദ കേന്ദ്രങ്ങള്‍. ഗോൾഡൻ മഹ്‌സീർ, ബ്രൗൺ ട്രൌട്ട് എന്നിവയാണ് ഈ നദികളിൽ പ്രധാനമായും കാണപ്പെടുന്ന മത്സ്യങ്ങൾ. 

7. ജിയ ഭോരോളി നദി, ആസാം

മീന്‍പിടിത്ത പ്രേമികളുടെ പറുദീസ എന്ന് വേണമെങ്കില്‍ ആസാമിനെ വിളിക്കാം. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ നിന്ന് ഉത്ഭവിച്ച് ആസാമിലെ സോനിത്പൂർ ജില്ലയിലൂടെ ഒഴുകുന്ന ജിയ ഭോരോളി നദി ഗോൾഡൻ മഹ്‌സീർ മത്സ്യബന്ധനത്തിന് പ്രസിദ്ധമാണ്. എല്ലാ വർഷവും നവംബർ മാസത്തിൽ ആസാം സ്റ്റേറ്റ് സ്റ്റേറ്റ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ആസാം ഭോരോളി ആംഗ്ലേഴ്സ് അസോസിയേഷനും സംയുക്തമായി വാർഷിക ആംഗ്ലിംഗ് മത്സരം സംഘടിപ്പിക്കാറുണ്ട്.

fishing-assam

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി വിനോദസഞ്ചാരികൾ ഈ സമയത്ത് ഇവിടേക്ക് ഒഴുകിയെത്തുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. സാൽ, ഗോരുവ, കോരംഗ്, ബോക എന്നിവയാണ് ജിയ ഭോരോളി നദിയിൽ കാണപ്പെടുന്ന മറ്റ് മത്സ്യങ്ങൾ. കപിലി, മനസ്, ഭാലുക്പുങ് നദികളും മീന്‍പിടിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങളാണ്.

8. ജമ്മു കാശ്മീര്‍

ദാൽ തടാകം, നാഗിൻ തടാകം, അഞ്ചർ തടാകം തുടങ്ങിയ കശ്മീരിലെ വിവിധ തടാകങ്ങളിൽ മീന്‍പിടിത്ത വിനോദങ്ങള്‍ക്ക് സൗകര്യമുണ്ട്. കശ്മീരിലെ അരുവികളില്‍ ജർമ്മൻ ബ്രൌൺ, റെയിൻബോ ട്രൌട്ട് മത്സ്യങ്ങൾ ധാരാളമുണ്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് മീന്‍പിടിത്തത്തിന് ഏറ്റവും അനുയോജ്യം. മെയ് മുതൽ ജൂലൈയുള്ള സമയത്ത് സിന്ധ്, ക്രിഷെൻ ഗംഗ, ദൂദ് ഗംഗ, നൂബഗ്, ലിഡ്ഡർ നദികളിലെ മഞ്ഞുരുകുന്നതിനാല്‍ ഈ സമയത്ത് ഇവിടെ ധാരാളം മത്സ്യങ്ങളെ കാണാം.

English Summary:Best Places in Fishing and Angling in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA