25 ദിവസം കൊണ്ട് കന്യാകുമാരിയിൽ നിന്ന് കശ്മീരിലെത്തണം; ഇത് ശിവ് ദത്തിന്റെ യാത്ര

shiv-datt-trip
SHARE

ആലപ്പുഴ ∙ ‍ഡ‍ീസലടിച്ച എൻജിൻ‍ പോലെ ആയത്തിൽ സൈക്കിൾ പെഡൽ ചവിട്ടിക്കറക്കുന്ന കാല് നിലത്തൂന്നി ശിവ് ദത്ത് ബീച്ചിലേക്കു നോക്കി. അവിടെ തിരകൾ തീരത്തേക്ക് കാറ്റിനെ ആഞ്ഞു ചവിട്ടിക്കറക്കുകയാണ്. ആദ്യമായാണ് ശിവ് ദത്ത് ആലപ്പുഴ കാണുന്നത്. കുട്ടനാടും കേരളവുമെല്ലാം ആദ്യ കാഴ്ചയാണ്. ഹൈദരാബാദിൽ നിന്നു കന്യാകുമാരിയിലെത്തിയ ശിവ് ദത്ത് (29) ഇപ്പോൾ കശ്മീരിലേക്കുള്ള സൈക്കിൾ പര്യടനത്തിലാണ്. 2 നാൾ കൊണ്ട് കന്യാകുമാരിയിൽ നിന്ന് ആലപ്പുഴയിലെത്തിയ ആവേശത്തിൽ ശിവ് ദത്ത് പറഞ്ഞു – ‘25 ദിവസം കൊണ്ട് കശ്മീരിലെത്തണം!’

ഇന്ത്യയിലെ‍ ലോക്ഡൗൺ തുടങ്ങിയ ദിവസം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിലായിരുന്നു ശിവ് ദത്ത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം എവറസ്റ്റ് പര്യടനം അവസാനിപ്പിക്കേണ്ടി വന്നു. നേരെ കാഠ്മണ്ഡുവിലേക്ക്. ഇന്ത്യയിൽ ലോക്ഡൗൺ ആയതിനാൽ സ്വദേശമായ ഹൈദരാബാദിലേക്കു പോകാനായില്ല. കയ്യിലുള്ള എടിഎം കാർഡ് നേപ്പാളിൽ ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ, കാഠ്മണ്ഡുവിലെ ഒരു റസ്റ്ററന്റിൽ ജോലിക്കു കയറി. മൂന്നര മാസം അവിടെ ജോലി. അന്ന് നേപ്പാളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ല. അവിടെയുള്ള പലരോടും നാട്ടിലെത്തിക്കാൻ സഹായം തേടി. ഒരു സൈക്കിളെങ്കിലും കിട്ടിയെങ്കിലെന്നായിരുന്നു പ്രാർഥന. ഒടുവിൽ ഓഗസ്റ്റിലാണ് നാട്ടിലെത്താനായത്.പരിശോധനയിൽ ശിവ് ദത്തിനു കോവിഡ്. ശിവ് ദത്തിനു മാത്രമല്ല, അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമെല്ലാം കോവിഡ് ബാധിച്ചു. 

ഐസലേഷനിലായി. കോവിഡ് ഭേദമായപ്പോൾ മുതൽ അടുത്ത യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി. ഡിസംബർ അവസാന വാരം സൈക്കിൾ ഒരു ബസിൽ കയറ്റി കന്യാകുമാരിയിലെത്തി. വിവേകാനന്ദാശ്രമത്തിൽ തങ്ങി. പുതുവർഷപ്പുലരിയിൽ അവിടെ നിന്നാരംഭിച്ച യാത്രയാണ്. ദിവസം 100– 150 കിലോമീറ്റർ സഞ്ചരിക്കും.

നേരത്തെ പശ്ചിമഘട്ടത്തിലും ഹിമാചൽ പ്രദേശിലുമെല്ലാം ട്രക്കിങ് നടത്തിയിട്ടുള്ള ശിവ് ദത്ത് സെക്കന്തരാബാദില്‍ ഒരു മൾട്ടിനാഷണൽ സ്ഥാപനത്തിലെ ജീവനക്കാരനാണ്. 

യാത്രയ്ക്കു സാമ്പത്തിക സഹായം കിട്ടിയില്ലെങ്കിലും കമ്പനി ഷോറൂമുള്ള സ്ഥലങ്ങളിൽ താമസിക്കാൻ സൗകര്യമൊരുക്കാമെന്നു സ്ഥാപനം ഉറപ്പു നൽകിയതിനാൽ ഇന്നലെ കൊച്ചിയിൽ ആ സ്ഥാപനത്തിന്റെ വകയായി കിടക്കാനിടം കിട്ടി. 

‘കേരളത്തിലെത്തിയപ്പോഴാണ് മുൻപേ വരേണ്ട സ്ഥലമായിരുന്നു ഇതെന്നു മനസ്സിലായത്. ഇനി ഇവിടേക്കു മാത്രമായി ഒരു യാത്ര കൂടി വരണം–’ ശിവ് ദത്ത് പറഞ്ഞു. കയ്യിൽ തുച്ഛമായ പണം മാത്രമേ കരുതിയിട്ടുള്ളൂ. പോകുന്ന സ്ഥലങ്ങളിൽ സുഹൃത്തുക്കളെ കണ്ടെത്തും. പലരും സഹായിക്കും. കിടക്കാൻ ഇടം കിട്ടിയില്ലെങ്കിൽ ബസ് സ്റ്റോപ്പിലോ ആശ്രമങ്ങളിലോ തീർഥാടന കേന്ദ്രങ്ങളിലോ കഴിയും. അങ്ങനെ ഈ മാസം തന്നെ യാത്ര പൂർത്തിയാക്കി അടുത്ത യാത്രയ്ക്കു തയാറെടുക്കണമെന്നു പറഞ്ഞ്, ശിവ് ദത്ത് സൈക്കിൾ ആഞ്ഞു ചവിട്ടി യാത്ര തുടരുകയാണ്.

English Summary: Kanyakumari to kashmir in 25 days 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA