ADVERTISEMENT

നാസാരന്ധ്രങ്ങളിലൂടെ ഉള്ളിലേക്ക് പരന്നൊഴുകുന്ന കാപ്പിപ്പൂക്കളുടെ സുഗന്ധം. ചുറ്റും കടുത്ത പച്ചയില്‍ പരിലസിക്കുന്ന വൃക്ഷലതാദികള്‍ നിറഞ്ഞ കാട്. ദൂരെ കാണുന്ന മഞ്ഞുപൊതിഞ്ഞ മലനിരകളുടെ മനം മയക്കുന്ന ദൃശ്യങ്ങള്‍... അതിനിടയിലൊരു കുഞ്ഞു വീട്ടില്‍ താമസം. സ്വപ്നസമാനമായ ഈ അനുഭവം സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് കൂര്‍ഗിലെ കടക്കേരി ഹോംസ്റ്റേ ആന്‍ഡ്‌ ട്രീ ഹൗസ്.

ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം പ്രകൃതിയുടെ കൈതൊടുന്ന അനുഭവം കടക്കേരി സഞ്ചാരികള്‍ക്ക് നല്‍കുകയാണ്. കടക്കേരി ഗ്രാമത്തിലെ വനപ്രദേശത്തിനുള്ളില്‍ ഒരേക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പ്രദേശത്താണ് ഈ ഹോംസ്റ്റേ. കൂര്‍ഗിലെ പ്രധാന പട്ടണമായ മടിക്കേരിയില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ ദൂരെയായാണ് ഇതു സ്ഥിതിചെയ്യുന്നത്.

മരത്തില്‍ നിര്‍മിച്ച മനോഹരമായ ട്രീഹൗസ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സുപ്പീരിയര്‍ സ്റ്റുഡിയോ, ഡീലക്സ് സ്റ്റുഡിയോ എന്നിങ്ങനെ രണ്ടു സ്റ്റുഡിയോ റൂമുകളാണ് ഇതിനുള്ളത്. ചുറ്റുമുള്ള വനത്തിന്‍റെ ഭംഗി ആസ്വദിക്കാനായി ബാല്‍ക്കണിയും ഇവയോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

പാരമ്പര്യത്തനിമയോടൊപ്പം പുതുമയാര്‍ന്ന സൗകര്യങ്ങള്‍ സമന്വയിപ്പിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയിലുള്ള സുപ്പീരിയര്‍ സ്റ്റുഡിയോയില്‍ ഫ്രിഡ്ജ്, മൈക്രോവേവ്, ഡ്രൈ അടുക്കള, ചായ, കോഫി സൗകര്യങ്ങൾ എന്നിവയുണ്ട്. പരമാവധി ആറു പേർക്ക് ഇവിടെ താമസിക്കാം. മുകളിലത്തെ നിലയിലാണ് ഡീലക്സ് സ്റ്റുഡിയോ. കാട്ടിലേക്ക് തുറക്കുന്ന ബാല്‍ക്കണിയാണ് ഇതിന്‍റെ പ്രത്യേകത.

മടിക്കേരി കോട്ട, ആബി വെള്ളച്ചാട്ടം, ഓംകരേശ്വർ ക്ഷേത്രം, ടിബറ്റൻ മൊണാസ്ട്രി, ഇറുപ്പു വെള്ളച്ചാട്ടം തുടങ്ങിയവ സമീപത്തായതിനാല്‍ താമസത്തിനിടെ ഇവ സന്ദര്‍ശിക്കാനും എളുപ്പമാണ്.

കൂര്‍ഗ് നിവാസികളായ സതീഷ് റായും ഭാര്യ ശ്ലോകയുമാണ് ഹോംസ്റ്റേ നടത്തുന്നത്. 7800 രൂപ മുതല്‍ 20,700 രൂപ വരെയാണ് താമസസൗകര്യങ്ങള്‍ക്ക് ഈടാക്കുന്നത്. ഇത് സീസണ്‍ അനുസരിച്ച് വ്യത്യാസപ്പെടാം.

ഇന്ത്യയുടെ സ്കോട്ട്ലന്റ്

പ്രകൃതിസ്നേഹികളുടെയും വന്യജീവി നിരീക്ഷകരുടെയും ഒരുപോലെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് കുടക് എന്ന കൂര്‍ഗ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന ഇവിടം, മനോഹരമായ കാലാവസ്ഥ മൂലം 'ഇന്ത്യയുടെ സ്കോട്ട്ലന്റ്' എന്നും അറിയപ്പെടുന്നു. പ്രകൃതിസ്നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും പറുദീസയായ ഇവിടം ജൈവസമൃദ്ധിയാല്‍ സമ്പന്നമാണ്. 

പുഷ്പഗിരി വന്യജീവി സങ്കേതം, നാഗർഹോൾ നാഷണൽ പാർക്ക്, ബ്രഹ്മഗിരി വന്യജീവി സങ്കേതം എന്നിങ്ങനെ മൂന്നു വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ കൂർഗിലുണ്ട്, അവിടെ നിങ്ങൾക്ക് ആന, കാട്ടുപൂച്ച, സാമ്പാർ മാൻ, പുള്ളി മാൻ, ഗൌർ തുടങ്ങിയ വന്യമൃഗങ്ങളെയും നീലഗിരി ഫ്ലൈകാച്ചർ, മലബാർ ഗ്രേ ഹോൺബിൽ, ബ്ലൂ വിംഗ്ഡ് പാരകീറ്റ്, നീലഗിരി മരപ്രാവ് പോലെയുള്ള നിരവധി ഇനം പക്ഷികളെയും ഇവിടെ കാണാം.

ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് കൂര്‍ഗ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

English Summary: Karnataka Coorg Katakeri Homestay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com