ADVERTISEMENT

2020 ലോകത്തിലെ മിക്കവർക്കും മോശം വർഷമായിരുന്നു. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും രൂക്ഷമായി ലോകത്തെ ആകെ ഉലച്ചു. വ്യക്തപരമായും പല പ്രതസന്ധികളിലൂടെ ആളുകൾ കടന്നുപോയ വർഷം കൂടിയായിരുന്നു 2020. എല്ലാവരെയും പ്രതിസന്ധിയിലാക്കി കടന്നുപോയ വർഷം അനാർക്കലി മരിക്കാർക്ക് ചില സന്തോഷങ്ങളുടേതു കൂടിയായിരുന്നു. എന്നാൽ  ഈ സന്തോഷങ്ങൾക്കിടയിലും ഏറെ സൈബറാക്രമണങ്ങൾ താരം നേരിട്ടിരുന്നു. എല്ലാത്തിനെയും വളരെ ബോൾഡായി തന്നെ അനാർക്കലി നേരിട്ടു.

anarkali-travel
ഹിമാചൽ യാത്രയിൽ അനാർക്കലി

കൊറോണ കാരണം കോളേജ് അവധിയായതോടെ തന്റെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ അനാർക്കലിക്ക് സാധിച്ചു. ലോക്ഡൗണിനു ശേഷം യാത്രകളുടെ തിരക്കിലായിരുന്നു താരം. സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും 2020ൽ ഒരുപാട് യാത്രകൾ നടത്താൻ സാധിച്ചു. പോക്കറ്റിലൊതുങ്ങുന്ന യാത്രകളാണ് പ്ലാൻ ചെയ്തൊക്കെയും – അനാർക്കലി പറയുന്നു.

കൊറോണ മാറ്റിമറിച്ച യാത്രകൾ

പുറത്തെങ്ങും പോകേണ്ട, ദൂരയാത്രയും വേണ്ട, കൊറോണയാണ്, ലോക്ഡൗൺ കാലത്ത് വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങി കടിച്ചുപിടിച്ചാണ് വീടിനുള്ളിൽ കഴിഞ്ഞത്. ഇളവുകൾ വന്നതോടെ പിന്നെ ഒട്ടും അമാന്തിച്ചില്ല എന്റെ സ്വപ്നയിടങ്ങളിലേക്ക് യാത്ര തിരിച്ചു നടി അനാർക്കലി പറയുന്നു. കോവിഡ് മാനദണ്ഡങ്ങളൊക്കെയും പാലിച്ചുള്ള യാത്രയായിരുന്നു. കേരളത്തിലെ ഒട്ടുമിക്കയിടങ്ങളിലേക്കും പോയി.

Anarkali-trip5
യാത്രയിൽ

മാങ്കുളം – ഓഫ്റോഡ്

മൂന്നാർ പോലെ വേറൊരു ലൊക്കേഷൻ തിരയുന്നവർക്കുള്ള മികച്ചയിടമാണ് മാങ്കുളം. സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഓഫ്റോഡിങ് യാത്രയായിരുന്നു മാങ്കുളത്തേക്ക് നടത്തിയത്. അവിടെ  മണ്‍ വീട്ടിലായിരുന്നു താമസം. അടിപൊളി അനുഭവമായിരുന്നു. മൺവീട്ടിലെ താമസം മറക്കാനാവില്ല. രാജമലയിലെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പും മലയാറ്റൂർ വനത്തിന്റെ വന്യതയും കൂടിചേര്‍ന്ന മാങ്കുളത്തേക്കുള്ള ട്രിപ് ശരിക്കും ആസ്വദിച്ചു.

പ്രകൃതിയോട് ചേർന്ന തണുത്ത വെള്ളം ഒഴുകിയെത്തുന്ന ചെറു അരുവി കണ്ടു, എന്നാൽ ഒരു കുളി പാസ്സാക്കാമെന്നു കരുതി. കാട്ടിലെ സ്വച്ഛമായ അന്തരീക്ഷം, സത്യത്തിൽ ഭയം തോന്നിയതേയില്ല. കുളിയൊക്കെ കഴിഞ്ഞെത്തിയപ്പോഴാണ് അവിടുത്തെ ആളുകൾ പറഞ്ഞത് അവിടെ നിറയെ പാമ്പുകളുണ്ടെന്ന്, കേട്ടതും ഞെട്ടി. പിന്നീട് നോക്കുന്നിടത്തൊക്കെ പാമ്പിനെ കണ്ടു. ആ സമയത്ത് ഉള്ള ധൈര്യം കൂടി ചോർന്നു പോകുന്നപോലെ തോന്നി.

Anarkali-trip6
കേരളത്തിലേക്കുള്ള യാത്ര

കേരളം വിട്ട യാത്ര

കഴിഞ്ഞുപോയ വർഷത്തിലെ അവസാനയാത്ര മഞ്ഞണിഞ്ഞ ഹിമാചൽ പ്രദേശിലേക്കായിരുന്നു. ഏറെ നാളത്തെ മോഹമായിരുന്നു തണുപ്പിന്റെ നാട്ടിലേക്കുള്ള യാത്ര, ആ യാത്ര സാധ്യമായി. ഡൽഹിയിൽ സുഹൃത്തുണ്ട്, അവന്റെ ഒപ്പമുള്ള യാത്രയായിരുന്നു. ഡിസംബർ 25ന് യാത്ര തിരിച്ചു. ഡൽഹിയിൽ നിന്നു ബസിലായിരുന്നു ഹിമാചലിലേക്ക് പോയത്. ഞങ്ങൾ ആകെ 5 പേരുണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ കസോളിലായിരുന്നു ആദ്യം എത്തിയത്. ബുന്ദാറില്‍ നിന്നു മണികരനിലേക്ക് പോകുന്ന വഴിയില്‍, പാര്‍വതി നദീതീരത്തുള്ള ഈ കൊച്ചുഗ്രാമമാണ് 'മിനി ഇസ്രായേല്‍' എന്നു അറിയപ്പെടുന്ന കസോള്‍.  

anarkali-travel3
സുഹൃത്തുക്കൾ ഒരുമിച്ച അനാര്‍ക്കലിയുടെ ഹിമാചൽ യാത്ര

മനോഹരമായ ഹിമാലയക്കാഴ്ചകളും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മനോഹരമായ കാലാവസ്ഥയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. അധികം ചെലവില്ല എന്നതിനാല്‍ ബാക്ക്പാക്കേഴ്സിനും ഇവിടം പ്രിയപ്പെട്ടതാണ്. അവിടെ മലയാളികളുടെ കഫേ ആയ ഷെമി മന്ദിറിലായിരുന്നു ഞങ്ങളുടെ താമസം. അടുത്ത യാത്ര ഹിമാചൽപ്രദേശിലെ തന്നെ ഏറ്റവും തണുപ്പുള്ള ഇടമായ ശിലയിലേക്കായിരുന്നു. അവിടെ എപ്പോഴും മഞ്ഞുണ്ടാകും. സൂര്യപ്രകാശം അധികം ഏൽക്കാത്തയിടമായതിനാൽ ശിലയിലെ മഞ്ഞുവീഴ്ച ഒരേ നിലയിലായിരിക്കും. കാഴ്ചയിലും ശില സൂപ്പറാണ്.

anarkali-travel2
മഞ്ഞിന്റെ നാട്ടിലെത്തിയ അനാർക്കലി

തണുപ്പ് അധികം സഹിക്കാനാവാത്തയാളാണ് ഞാൻ എങ്കിലും ഇൗ യാത്ര ചലഞ്ചായി തന്നെ ഏറ്റെടുത്തു. പകുതിവരെ കാറിൽ യാത്ര ചെയ്യാം, ശേഷം മഞ്ഞിലൂടെയുള്ള ട്രെക്കിങ്ങാണ്. ആ ട്രെക്കിങ്ങായിരുന്നു രസം. മഞ്ഞിലൂടെ നടന്നും തെന്നിവീണുമൊക്കെയുള്ള യാത്ര നല്ലൊരു അനുഭവമായിരുന്നു. മലയാളികളുടെ ഫാർമേസ് കഫേയിലാണ് അവിടെയും താമസിച്ചത്. ഞങ്ങൾ എത്തിച്ചേർന്ന സമയത്ത് –10 ഡിഗ്രിയായിരുന്നു. ന്യൂയർ പാർട്ടിയൊക്കെ ശിലയിൽ ഉണ്ടായിരുന്നു പക്ഷേ ഞങ്ങൾ ന്യൂയർ തലേന്ന് ഞങ്ങൾ അവിടെ നിന്നും തിരിച്ചു. സത്യത്തിൽ മറക്കാനാവാത്ത യാത്രയായിരുന്നു ഹിമാചൽപ്രദേശിലേക്ക് നടത്തിയത്. വളരെ ചെലവ് കുറച്ച് ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആസ്വദിക്കുവാനായി.

സുഹൃത്തുക്കൾ ഒരുമിച്ച  അനാര്‍ക്കലിയുടെ ഹിമാചൽ യാത്ര
സുഹൃത്തുക്കൾ ഒരുമിച്ച അനാര്‍ക്കലിയുടെ ഹിമാചൽ യാത്ര

അന്നും ഇന്നും സ്വപ്നം ഇതാണ്

ആദ്യ സിനിമയായ ആനന്ദത്തിൽ ഷൂട്ടിന്റെ ഭാഗമായി യാത്ര പോയ ഹംപി തന്നെയാണ് തന്റെ സ്വപ്നയിടമെന്ന് അനാർക്കലി. ഇനിയും യാത്രപോകാൻ കൊതിക്കുന്നതും ഹംപിയിലേക്ക് തന്നെയാണ്.

 

English Summary: Celebrity Travel Anarkali Marikar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com