ബീച്ചിൽ ഇരുന്ന് മദ്യപിക്കുന്നവർക്ക് കനത്ത പിഴ, നിയമം കർശനമാക്കി ഗോവ

goa-beach
SHARE

ബീച്ചില്‍ ഇരുന്ന് മദ്യപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഗോവ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്. പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ബീച്ചുകള്‍ കുപ്പികളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞതാണ്‌ ഇത്തരമൊരു നടപടിക്ക് പിന്നിലെന്ന് ടൂറിസം ഡയറക്ടര്‍ മെനിനോ ഡിസൂസ അറിയിച്ചു. മദ്യപിക്കാന്‍ പാടില്ലെന്ന് അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ ബീച്ചുകളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യപാനവുമായി ബന്ധപ്പെട്ട് 2019 ജനുവരി 29-ന് ടൂറിസ്റ്റ് ട്രേഡ് നിയമത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയിരുന്നു. ഇത് പ്രകാരം ബീച്ചുകളില്‍ മദ്യപിക്കുന്ന വ്യക്തികൾക്ക് 2,000 രൂപയും ഗ്രൂപ്പുകൾക്ക് 10,000 രൂപയുമാണ് പിഴ. പോലീസിന്‍റെ സഹായത്തോടെ ഇനിമുതല്‍ ഇൗ നിയമം കര്‍ശനമാക്കും. പിഴയടക്കാത്തവര്‍ക്ക് മൂന്നുമാസം ജയില്‍ശിക്ഷ ലഭിക്കും. തുറസ്സായ തീരങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും ഈ നിയമത്തിന്‍റെ ഭാഗമായി വിലക്കിയിരുന്നു.

ന്യൂ ഇയര്‍ പാര്‍ട്ടികളുടെ ഭാഗമായി തീരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട കുപ്പികള്‍ പൊട്ടിയത് മൂലം ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്ക് മുറിവുകളേറ്റിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷമുള്ള ദിനങ്ങളില്‍, ഒരു ദിവസം മൂന്നിലേറെ തവണ വൃത്തിയാക്കല്‍ നടന്നിട്ടു പോലും മുഴുവന്‍ മാലിന്യങ്ങള്‍ നീക്കാനായിരുന്നില്ല. പ്രതിവര്‍ഷം പത്തു കോടി രൂപയോളമാണ് ബീച്ച് വൃത്തിയാക്കലിനായി ഗോവന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത്. എന്നിട്ടും, ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ ഗോവയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

പുതിയ കൊറോണ തരംഗത്തിനിടയിലും നിരവധി സഞ്ചാരികളാണ് ഗോവയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിച്ചേര്‍ന്നത്. രാജ്യാന്തര വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ സാധാരണ ഉണ്ടാവാറുള്ളതുപോലെ ഗോവയില്‍ ഇക്കുറി വിദേശ ടൂറിസ്റ്റുകള്‍ ഉണ്ടായില്ല. എന്നിരുന്നാലും ബീച്ചുകളിൽ രാജ്യത്തിനകത്തു നിന്നുള്ള തിങ്ങിനിറഞ്ഞിരുന്നു, പ്രത്യേകിച്ച് വടക്കൻ ഗോവയിലെ കാലൻ‌ഗ്യൂട്ട്, ബാഗ, കാൻ‌ഡോലിം തുടങ്ങിയ പ്രശസ്തമായ ബീച്ചുകളില്‍ നിരവധി സഞ്ചാരികള്‍ എത്തി.

English Summary: Goa To Impose Fine Of Rs 10,000 For Drinking On Beaches

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA