എന്തുകൊണ്ട് ഈ വിഗ്രഹം വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുന്നു? നേപ്പാളിൽ നിന്നൊരു വിസ്മയ കാഴ്ച

Budhanilkantha-Temple
By Kristin Greenwood/shutterstock
SHARE

ജലത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന കല്ലു കൊണ്ടുള്ള ശില്‍പ്പം കണ്ടിട്ടുണ്ടോ? അത്തരമൊരു അദ്ഭുതക്കാഴ്ചയാണ് നേപ്പാളിലെ കാഠ്മണ്ഡുവില്‍ ശിവപുരി മലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധനീലകണ്‌ഠക്ഷേത്രത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ജലശായിയായ മഹാവിഷ്ണുവിന്‍റെ  അഞ്ച് മീറ്റർ ഉയരത്തിലുള്ള ഈ ഒറ്റക്കരിങ്കല്‍ ശില്‍പ്പം, ഭക്തി മാത്രമല്ല, കാണുന്നവരുടെയെല്ലാം കണ്‍കളില്‍  അദ്ഭുതവും നിറയ്ക്കുന്നു. പതിമൂന്ന് മീറ്റർ നീളമുള്ള തടാകത്തിന്‍റെ ഉപരിതലത്തില്‍ ശംഖചക്രഗദാപത്മധാരിയായി, അനന്തന്‍റെ പുറത്ത് ശയിക്കുന്ന രീതിയില്‍ കൊത്തിയ ഈ മഹാവിഷ്ണു ശില്‍പം നേപ്പാളിലെ ഏറ്റവും വലിയ ശിലാശിൽപമാണ്. വെള്ളിക്കിരീടവും പൂക്കളും കൊണ്ട് അലങ്കരിച്ച, മുഖവും ശിരസ്സും ജലത്തിന്‍റെ മുകളിലായി കാണാം. വര്‍ഷംതോറും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ ദര്‍ശനത്തിനായി ഇവിടെയെത്തുന്നു.

വിഷ്ണുവോ, ശിവനോ? പേരിനു പിന്നില്‍

ഏഴാം നൂറ്റാണ്ടില്‍, കാഠ്മണ്ഡുവിലെ ഗുപ്ത രാജവംശത്തിലെ അവസാനത്തെ പ്രസക്തനായ രാജാവായി കണക്കാക്കപ്പെടുന്ന വിഷ്ണുഗുപ്തയുടെ ഭരണകാലത്താണ് ഈ പ്രതിമ  കൊത്തിയതെന്നാണ് ഐതിഹ്യം. പിന്നീട് കാലക്രമേണ മണ്ണിനടിയിലായിപ്പോയ ഈ ശില്പത്തില്‍ നിലം ഉഴുതുമറിക്കുമ്പോള്‍ ഒരു കര്‍ഷകന്‍റെ കലപ്പ തട്ടിയെന്നും അപ്പോള്‍ അതില്‍ നിന്ന് രക്തം ഒഴുകിയെന്നും അങ്ങനെ ഈ വിഗ്രഹം വീണ്ടെടുത്തു എന്നുമാണ് കഥ. മല്ല രാജവംശകാലത്താണത്രേ ഈ വിഗ്രഹം വീണ്ടെടുത്തത്.

Budhanilkantha-Temple2
By Steve Barze/shutterstock

പേരില്‍ 'ബുദ്ധ'നുണ്ടെങ്കിലും ഈ ക്ഷേത്രത്തിന് ഗൗതമബുദ്ധനുമായി യാതൊരു ബന്ധവുമില്ല. വിഷ്ണുവിന്‍റെ അവതാരമാണ് ബുദ്ധന്‍ എന്നൊരു വിശ്വാസമുണ്ട്, ബുദ്ധമതത്തിന്‍റെ സംരക്ഷകനായി ചിലര്‍ വിഷ്ണുവിനെ കണക്കാക്കുന്നു. എന്നാല്‍, ഹിന്ദു ഐതിഹ്യമനുസരിച്ച് 'നീലകണ്ഠന്‍' എന്നാല്‍ ശിവനാണ്. ഈ വിഷ്ണുപ്രതിമയുടെ മറുപുറത്ത് ശിവരൂപമുണ്ടെന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. അങ്ങനെ രണ്ടു ദൈവങ്ങളും കൂടി ചേരുന്നതു കൊണ്ടാണ് ഈ പ്രതിഷ്ഠയ്ക്ക് ബുദ്ധനീലകണ്ഠന്‍ എന്ന് പേര് ലഭിച്ചതെന്ന് അവര്‍ കരുതുന്നു. ബുദ്ധൻ എന്നാൽ “പഴയത്” എന്നൊരര്‍ത്ഥം കൂടിയുണ്ട്. ഏകദേശം 1400 വര്‍ഷത്തോളം പഴക്കമുള്ളതുകൊണ്ടാണ് ശില്‍പ്പത്തിന് ഈ പേരു വരാന്‍കാരണം എന്ന് വാദിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്‌.

രാജാവിന്‍റെ സ്വപ്നം

നിർമിച്ചത് ഒരു രാജാവായിരുന്നെങ്കിലും ഈ വിഗ്രഹം കണ്ടു തൊഴാനായി പതിനേഴാം നൂറ്റാണ്ടുമുതല്‍ ഒരു രാജാവിന്‌ പോലും ധൈര്യം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ബുദ്ധ നീലകണ്‌ഠ വിഗ്രഹം വീണ്ടെടുത്ത 1641-1674 കാലയളവില്‍ നേപ്പാൾ ഭരിച്ച പ്രതാപ് മല്ല രാജാവിനുണ്ടായ ഒരു സ്വപ്നമാണ് കാരണം.

Budhanilkantha-Temple1
By mdsharma/Shutterstock

ക്ഷേത്രം സന്ദർശിച്ചാൽ രാജാവിന് അകാല മൃത്യുവുണ്ടാകും എന്ന് അദ്ദേഹം സ്വപ്നം കണ്ടത്രേ. പിൽക്കാലത്ത് ഭരണം കയ്യാളിയ രാജാക്കൻമാരാരും പിന്നീട് ഭയം മൂലം ക്ഷേത്ര സന്ദർശനത്തിനു മുതിര്‍ന്നില്ല.

എന്തുകൊണ്ട് വിഗ്രഹം വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുന്നു?

ഏറെക്കാലമായി ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്.  ലാവാ ശിലയോട് സദൃശമായതും സാന്ദ്രത കുറവുള്ളതുമായ സിലിക്ക അധിഷ്ഠിത കല്ലായതു കൊണ്ടാണ് ഇത് വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കിടക്കുന്നത് എന്ന് ഒരു വാദമുണ്ട്.

എന്നാല്‍, ഇതിനുമേല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 1957 ൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശ്രമം നടന്നുവെങ്കിലും വിശ്വാസികള്‍ പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് പഠനം മുന്നോട്ടു പോയില്ല. 

പൂക്കളെറിഞ്ഞ് പൂജ

തീര്‍ത്ഥക്കുളത്തിലേക്ക് പൂക്കളും ഇലകളും മന്ത്രജപത്തോടെ എറിഞ്ഞാണ് ബുദ്ധനീലകണ്‌ഠക്ഷേത്രത്തിലെ പൂജ. ശിവഭഗവാന്‍ ത്രിശൂലം ഭൂമിയിലാഴ്തിയപ്പോള്‍ ഉണ്ടായ ഗോസായി കുണ്ഡില്‍ നിന്നുള്ള വെള്ളമാണ് ഈ തടാകത്തില്‍ ഉള്ളതെന്നാണ് വിശ്വാസം. വിഗ്രഹത്തിന് മുകളില്‍ തുണി കൊണ്ടുള്ള പന്തലുണ്ട്. അരികില്‍ ദേവിയുടെയും മറ്റും ചെറിയ പ്രതിഷ്ഠകളും കാണാം. 

ഭഗവാനെ ഉണര്‍ത്താന്‍ ഉത്സവം

വര്‍ഷംതോറും കാർത്തിക മാസത്തിൽ നടക്കുന്ന ഹരിബോന്ദിനി ഏകാദശി മേളയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഈ സമയത്ത് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുംആയിരക്കണക്കിന് വിശ്വാസികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു.

Budhanilkantha-Temple4
By Steve Barze/shutterstock

പ്രധാന മൂര്‍ത്തിയായ വിഷ്ണുഭഗവാനെ, ഏറെനാള്‍ നീണ്ട ഉറക്കത്തിൽ നിന്നും ഉണർത്തുന്നതിനുള്ള ചടങ്ങുകളാണ് ഉത്സവമായി കൊണ്ടാടുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം എല്ലാവര്‍ഷവും ഒക്റ്റോബര്‍, നവംബര്‍ മാസങ്ങളിലാണ് ഇത് നടക്കുന്നത്.

എങ്ങനെ എത്താം?

കാഠ്മണ്ഡു താഴ്‌വരയുടെ വടക്കുവശത്തായാണ് ബുദ്ധനീലകണ്‌ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രത്‌നപാർക്കിൽ നിന്ന് 7 കിലോമീറ്ററും തമേലിൽ നിന്ന് 9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ക്ഷേത്രനിയമമനുസരിച്ച് ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ചാപ്പാലി ബസ് സ്റ്റോപ്പ്, പഞ്ചകന്യ മാർഗാ ദേവ ചോക് ബസ് സ്റ്റോപ്പ് എന്നിവയാണ് ക്ഷേത്രത്തിന് അടുത്തുള്ള ബസ് സ്റ്റോപ്പുകൾ.

English Summary: Budhanilkantha Temple, Kathmandu, Nepal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA