ബസ്‌യാത്രയിലെ മറക്കാനാകാത്ത അനുഭവം : ശ്രുതി രജനീകാന്ത്

Shruthi-Rajanikanth-Travel
SHARE

ഇഷ്ടമുള്ള കാര്യങ്ങളെയെല്ലാം ജീവിതത്തോട് ചേർത്തു നിർത്താൻ ആഗ്രഹം മാത്രം പോരാ, അതിനുള്ള ധൈര്യവും വേണം. അഭിനയം പാഷനാണെങ്കിലും ഇഷ്ടപ്പെട്ട കരിയർ മേഖലകളിലെല്ലാം ഒരു കൈനോക്കണമെന്ന് ആഗ്രഹമുള്ള ശ്രുതി രജനീകാന്ത് എന്ന അഭിനേത്രിയുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ യാത്രയുമുണ്ട്. യാത്രചെയ്യാൻ ഏറെ ഇഷ്ടമുള്ള സ്ഥലത്തെക്കുറിച്ചും യാത്രകളിൽ താൻ പിന്തുടരുന്ന ചില ശീലങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് മലയാളി പ്രേക്ഷകരുടെ മനം കവർന്ന ശ്രുതി രജനീകാന്ത്.

∙ മടുക്കാത്ത യാത്രകൾ

എത്ര യാത്ര ചെയ്താലും എനിക്കു മടുക്കാറില്ല. എത്ര ദൂരമായാലും, വയ്യെന്നോ ഞാൻ പോകുന്നില്ലെന്നോ പറയാറില്ല. എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്. കൂട്ടുകാരോടൊത്തും ഒറ്റയ്ക്കും യാത്ര ചെയ്യാറുണ്ടെങ്കിലും ഒറ്റയ്ക്കുള്ള യാത്രകൾ കുറവാണ്.

Shruthi Rajanikanth-trip3

ഞാൻ പഠിച്ചത് വയനാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ആ സമയത്ത് കോളജിലേക്കും തിരിച്ചുമുള്ള യാത്രകൾ മിക്കവാറും ഒറ്റയ്ക്കായിരിക്കും. ചിലപ്പോൾ കൂട്ടുകാരും കാണും. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകൾ എൻജോയ് ചെയ്യാറുണ്ട്. എനിക്ക് സ്കൂട്ടിയിലും ബൈക്കിലും ട്രാവൽ ചെയ്യുന്നത് ഒരുപാടിഷ്ടമാണ്. നൈറ്റ്റൈഡ്സ്, സിനിമാ കാണാൻ പോകുന്നത്.. അതൊക്കെ ആസ്വദിക്കാറുണ്ട്. 

∙ ബസ്‌യാത്രയിലെ മറക്കാനാകാത്ത അനുഭവം

ഞാൻ പഠിച്ചത് വയനാട് പഴശ്ശിരാജ കോളജിലാണ്. അവിടുന്നു രാവിലെ പുറപ്പെട്ടാലും രാത്രിയൊക്കെ ആകുമ്പോഴായിരിക്കും വീട്ടിലെത്തുക. ഒറ്റയ്ക്കാണെങ്കിൽ മിക്കവാറും കെഎസ്ആർടിസി ബസിലായിരിക്കും യാത്ര. രാത്രിയാത്രകളാണെങ്കിൽ ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റു തന്നെ പിടിക്കും. ജനാലയിലൂടെ കാഴ്ചകൾ കണ്ടിരിക്കാം എന്നതിനേക്കാൾ ഏറെ രസമുള്ള കാര്യം, രാത്രിയാത്രകളിൽ ഉറങ്ങിപ്പോകാതിരിക്കാൻ യാത്രയുടെ ഒരു ഘട്ടത്തിൽ ഡ്രൈവറും കണ്ടക്ടറും തമ്മിൽ ഉറക്കെ സംസാരിച്ചു തുടങ്ങും. നല്ല രസമാണ് അതു കേട്ടിരിക്കാൻ. അവരുടെ വീട്ടിലെ വിശേഷങ്ങളെക്കുറിച്ചോ കഴിഞ്ഞ ട്രിപ്പിലെ രസകരമായ തമാശകളെക്കുറിച്ചോ ഏതെങ്കിലും വ്യക്തിയെക്കുറിച്ചോ ഒക്കെയായിരിക്കും അവർ സംസാരിക്കുന്നത്. അത്തരം യാത്രകളിൽ ഉറങ്ങാതെ ഈ സംസാരം കേട്ടിരിക്കാറുണ്ട്. 

∙ യാത്രയോടുള്ള ഇഷ്ടം കൂട്ടിയത് കുടുംബവുമൊത്തുള്ള യാത്രകൾ

അവധിക്കാലം വന്നാൽ വീട്ടിലെല്ലാവരും കൂടി എങ്ങോട്ടെങ്കിലും ട്രിപ് പോകാറുണ്ട്. അച്ഛന്റെയൊരു സുഹൃദ്‌വലയമുണ്ട് അവരും കുടുംബാംഗങ്ങളും കുട്ടികളുമെല്ലാം ചേർന്നായിരുന്നു ആ യാത്രകൾ. ഇപ്പോൾ പക്ഷേ കുട്ടികളെല്ലാം മുതിർന്നതുകൊ‌ണ്ട് അവരുടെ പഠനത്തിരക്കും സമയക്കുറവും ഒക്കെക്കാരണം അത്തരം യാത്രകൾ മുടങ്ങിയിരിക്കുകയാണ്. കുടുംബവുമൊത്തുള്ള അത്തരം യാത്രകൾ ഏറെയിഷ്ടമാണ്. കുടുംബവുമൊത്തുള്ള യാത്രകളിൽ അങ്ങനെ കാഴ്ചകളൊന്നും കാണാറില്ല.

shruthi-rajanikanth2

യാത്ര തുടങ്ങി അഞ്ചുമിനിറ്റിനുള്ളിൽത്തന്നെ ഞാനുറങ്ങും. അച്ഛനെപ്പോലെ ഏറ്റവും കംഫർട്ടബിൾ ആയവരോടൊപ്പമുള്ള യാത്രയായതുകൊണ്ട് അത്തരം യാത്രകളിൽ നന്നായി ഉറങ്ങുന്ന ശീലവും എനിക്കുണ്ട്. പൊതുവേ യാത്രകൾ ഒരു റിഫ്രഷ്മെന്റാണ്. നമ്മളെ കുറേ കാര്യങ്ങൾ പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. നമ്മൾ ഭയങ്കര സമ്മർദ്ദത്തിലിരിക്കുമ്പോൾ അതിനെ അതിജീവിക്കാനൊക്കെ യാത്രകൾ നന്നായി സഹായിക്കാറുണ്ട്.

∙ യാത്ര നൽകിയ സൗഹൃദങ്ങൾ

യാത്രക്കിടയിൽ ഒരുപാടു സൗഹൃദങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. യാത്രക്കിടയിൽ പരിചയപ്പെട്ടവർ സമൂഹമാധ്യങ്ങൾ വഴിയൊക്കെ ആ സൗഹൃദം നിലനിർത്തുന്നുണ്ട്. പ്രായമായ ചിലരൊക്കെ, അവരൊക്കെ ആരാണെന്നറിയില്ലെങ്കിൽക്കൂടി, പറഞ്ഞ കഥകളൊക്കെ ഇപ്പോഴും മനസ്സിലുണ്ട്. ജോലിയുടെ ഭാഗമായി സംഭവിക്കുന്ന വിജയങ്ങളിലൊക്കെ സമൂഹമാധ്യമങ്ങളിലൂടെ അവരും സന്തോഷമറിയിക്കാറുണ്ട്. യാത്രക്കിടയിൽ അത്തരം ഒരുപാട് നല്ല കാര്യങ്ങളും സംഭവിക്കാറുണ്ട്.

∙ ആളുകളെ കണ്ടുകണ്ടിരിക്കാം

തനിച്ചുള്ള യാത്രകളിൽ ബസ്സിലെയോ ട്രെയിനിലെയോ വിൻഡോ സീറ്റിലിരുന്ന് കാഴ്ചകൾ കാണാനും മറ്റു യാത്രക്കാരെ നിരീക്ഷിക്കാനും ഇഷ്ടമാണ്. പ്രത്യേകിച്ച് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ. തിരക്കുള്ള സമയത്ത് വൈകുന്നേരങ്ങളിൽ ലേഡീസ് കംപാർട്ട്മെന്റിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരം യാത്രക്കാരെ ശ്രദ്ധിക്കാറുണ്ട്. അവരുടെ സംസാരം, മാനറിസങ്ങൾ ഒക്കെ ഏറെ കൗതുകത്തോടെ അങ്ങനെ നോക്കിയിരിക്കും.

Shruthi-Rajanikanth

എന്നും ഒരുമിച്ച് യാത്രചെയ്യുന്നതുകൊണ്ട് അവർക്ക് അത്യാവശ്യം നല്ലൊരു സൗഹൃദവലയം തന്നെ ട്രെയിനിലുള്ളിലുണ്ടാകും. അവർ പരസ്പരം പങ്കുവയ്ക്കുന്ന വീട്ടുവിശേഷങ്ങളൊക്കെ കൗതുകത്തോടെ കേൾക്കാറുണ്ട്. അത്തരം ചെറിയ ചെറിയ അനുഭവങ്ങൾ കാണാനും അനുഭവിക്കാനും ഏറെയിഷ്ടമാണ്. ഒറ്റയ്ക്കുള്ള യാത്രകളിലാണ് ഇതൊക്കെ സംഭവിക്കുക. ഫ്രണ്ട്സിനൊപ്പമായിരിക്കുമ്പോൾ ചുറ്റുപാടുള്ളതൊന്നും നിരീക്ഷിക്കാൻ സാധിക്കില്ലല്ലോ. അപ്പോൾ തനിച്ചുള്ള യാത്രകളിലാണ് അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത്.

∙ ഒരിക്കൽ ലക്ഷദ്വീപിൽ പോകണം

ലക്ഷദ്വീപിൽ പോകണമെന്നൊരു ആഗ്രഹമുണ്ട്. എന്താണ് അങ്ങനെയൊരു ആഗ്രഹം മനസ്സിൽ തോന്നാൻ കാരണം എന്നറിയില്ല. കൊറോണ കാരണമുള്ള നിയന്ത്രങ്ങളെല്ലാം മാറുന്ന ഒരു സമയത്ത് ഉറപ്പായും ഞാൻ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്ന് ലക്ഷദ്വീപായിരിക്കും.

English summary: Celebrity Travel Actress Shruthi Rajanikanth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA