ADVERTISEMENT

ഞാണുകിടക്കുന്ന പഞ്ഞിക്കെട്ടുകൾ പോലെ മേഘക്കൂട്ടങ്ങൾ ആ ഗിരിനിരകളുടെ നിറുകയിൽ അങ്ങിങ്ങ് കുഞ്ഞുമ്മകൾ നല്‍കുന്നുണ്ട്. താഴ്‌വാരത്തിൽ നിന്നെത്തുന്ന ശീതക്കാറ്റ് തലയെടുപ്പോടെ നിൽക്കുന്ന റോഡോഡെൻറോൺ മരങ്ങളെ പോലും അടിമുടി കോരിത്തരിപ്പിച്ച് കടന്നു പോയി. ശൈത്യകാലം എല്ലാ മനോഹാരിതയോടെയും ഈ കുഞ്ഞു ഹിമാലയൻ ഗ്രാമത്തിനു മേൽ മഞ്ഞിന്റെ മൂടുപടം അണിയിക്കുകയാണ്. മഞ്ഞുഞൊറിയിട്ട പുതപ്പിനുള്ളിൽ അലസമായി ഉറങ്ങുകയാണ് ‘മുൻസിയാരി’ എന്ന ഗ്രാമസുന്ദരി. ഹിമനിരകളെ ഉള്ളാലെ പ്രണയിക്കുന്ന ഏതൊരു സഞ്ചാരിയും ഉറപ്പായും കാണേണ്ട ഹിമാലയൻ മലയോര ഗ്രാമം. 

ഉത്തരാഖണ്ഡിലെ പിത്തോഘർ ജില്ലയിലാണ് മുൻസിയാരി. കാത്കോദാമിൽ നിന്ന് ഒരു പകൽ ദൂരമുണ്ട് ലിറ്റിൽ കാശ്മീർ എന്നും അറിയപ്പെടുന്ന മുൻസിയാരിയിലേക്ക്. 280 കിലോമീറ്റര്‍. കൊടുംവളവുകൾ ചങ്ങല കോർക്കുന്ന റോഡ് ചിലർക്കൊക്കെ അൽപം ശാരീരിക അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും കൺമുന്നിൽ എത്താനിരിക്കുന്ന മഞ്ഞുകാഴ്ചകളെ കുറിച്ചോർക്കുമ്പോൾ ആ അവശതയെല്ലാം പമ്പ കടക്കും. അഗാധ ഗർത്തവും കുത്തനെയുള്ള മലകളും നിറയുന്നതാണ് യാത്രയിലെ കാഴ്ച.

 

tamrikund-myst

താഴ്‌വരയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഹിമവാഹിനികളും പൈന്‍മരക്കാടുകളും പുത്തുനിൽക്കുന്ന കടുകുപാടവുമൊക്കെ മനം കുളിർപ്പിക്കുന്നതിൽ മൽസരിക്കും. മുൻസിയാരിക്കു കിലോമീറ്ററുകൾക്കു മുൻപു തന്നെ തണുപ്പ് യാത്രികനെ പൊതിഞ്ഞു തുടങ്ങും. വഴിയോരങ്ങളിൽ അവിടവിടെയായി മഞ്ഞുപാളികള്‍ കണ്ടു തുടങ്ങി. ജാക്കറ്റിനും തെർമൽസിനും ഉള്ളിലൂടെ തണുപ്പ് ശരീരത്തിലേക്ക് ഒളിഞ്ഞുകയറാൻ തുടങ്ങിയപ്പോള്‍ മനസ് മന്ത്രിച്ചു. കേട്ടറിഞ്ഞ മഞ്ഞുകോട്ട ഇങ്ങെത്തിക്കഴിഞ്ഞു. 

വൈകിട്ട് ഏഴുമണിയോടെ എത്തിയ 22 പേരുടെ പെൺസംഘത്തെ തണുത്തുറഞ്ഞ കൈകൾ നീട്ടി മുൻസിയാരി എന്ന മഞ്ഞുകൂടാരം ഇറുകെ പുണർന്നു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തണുപ്പ് അതിന്റെ സർവസ്വാതന്ത്ര്യവും വ്യക്തമാക്കി. വാക്കുകൾ പുറത്തേക്കു വരാൻ കഴിയാത്ത വിധം നാവു പോലും മരവിച്ചിരിക്കുന്നു. ശക്തമായ ശീതകാറ്റില്‍ പുറത്തിറങ്ങി അധികനേരം അങ്ങനെ നിൽക്കാനായില്ല. ബാഗുകളുമായി പാണ്ഡെ ലോഡ്ജില്‍ ബുക്കു ചെയ്ത റൂമിലേക്ക് വേഗത്തിൽ നടക്കുകയായിരുന്നു. റൂമിലെ ബ്ലാങ്കെറ്റിനടിയിലേക്ക്  ഊളിയിട്ടെങ്കിലും തണുപ്പ് സഹിക്കാനാകുന്നില്ല. ജാക്കറ്റും തെർമല്‍സും എല്ലാം ധരിച്ച് കട്ടിയുള്ള കരിമ്പടത്തിനു കീഴിലേക്ക് വീണപ്പോഴും തണുപ്പ് വിടുന്ന മട്ടില്ല. രക്തം പോലും മരവിച്ചു പോകുമെന്നു തോന്നിയ രാത്രി. മൊബൈൽ ഫോണെടുത്ത് താപനില പരിശോധിച്ചു. പിത്തോർഗർ മൈനസ് 19 ഡിഗ്രി സെൽഷ്യസ്....

തലയെടുപ്പോടെ ‘പഞ്ചചുളി’ പുരാണം

ഈ മലനിരകളില്‍ പൊന്നുരുക്കിയൊഴിച്ചത് ആരാകും? ആ കാഴ്ച കാണുമ്പോൾ നാം അറിയാതെ ചോദിച്ചു പോകും. അഞ്ചു മലകളുടെ മനോഹര കാഴ്ചയിലേക്കാണ് മുൻസിയാരിയിലെ പ്രഭാതം കൺതുറക്കുന്നത്. സ്വര്‍ണനിറത്തിൽ അങ്ങു നിന്നു തിളങ്ങുകയാണ് പഞ്ചചുളി. ഉദയാസ്തമയങ്ങളിൽ അഭൗമസൗന്ദര്യമാണ് ഈ മലനിരകൾക്ക്. ഹിമാലയത്തിലെ കുമയൂൺ മേഖലയിൽ ഉൾപ്പെട്ടതാണ് ഈ മലനിരകൾ. 6334 മുതൽ 6904 അടി വരെയാണ് ഈ മലനിരകളുടെ ഉയരം. അടുത്തടുത്ത് അഞ്ച് കൊടുമുടികളെന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്കൊപ്പം തന്നെ ഒരു പഴംകഥയും ‘പഞ്ചചുളി’യെ പറ്റി ഇവിടത്തുകാർക്കു പറയാനുണ്ട് . 

tamri-3

പഞ്ചപാണ്ഡവരുടെ വനവാസവും ഈ മലനിരകളും തമ്മിൽ ബന്ധമുണ്ടെന്നും അങ്ങനെയാണ് ഈ മലനിരകൾക്ക് പഞ്ചചുളി എന്നു പേരു വന്നതെന്നുമാണ് ഇവരുടെ വിശ്വാസം. വനവാസകാലത്ത് പഞ്ചപാണ്ഡവർ ഭക്ഷണം പാകം ചെയ്യാൻ അടുപ്പുകൂട്ടിയത് ഇവിടെയത്രേ. ഇതിൽ ഏറ്റവും വലിയ മല ഭീമസേനന് അടുപ്പുകൂട്ടിയതാണെന്നാണ് ഇവർ പറയുന്നത്.

 

ബാക്കിയുള്ളവ യഥാക്രമം മറ്റു  സഹോദരൻമാർക്കും. മുൻസിയാരിയുടെ ഏറ്റവും വലിയ ആകർഷണീയതയും ഈ മലനിരകളാണ്. ഗ്രാമത്തിനു കവചം തീർക്കുന്നത് ഈ മലനിരകളാണെന്നു തോന്നുംവിധം എവിടെനിന്നു നോക്കിയാലും അവ കാണാം. മുൻസിയാരിയിൽ നിന്നാണ് പഞ്ചചുളിയുടെ ഏറ്റവും മനോഹര ദൃശ്യങ്ങൾ കാണാനാകുന്നത്. 

munziyari-mist
മഞ്ഞുമൂടിയ മുൻസിയാരി

ഖലിയ ടോപ്പ് എന്ന മഞ്ഞുമല

tamrikund-tal
മഞ്ഞുമൂടിയ താമ്റികുണ്ഡ് തടാകം

റോഡോഡെൻറോൺ മരങ്ങൾ തണൽ വിരിച്ച ചെങ്കുത്തായ വഴി. മുന്നോട്ടു വയ്ക്കുന്ന ഓരോ കാലടിയിലും താഴ്‌വരയിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് നമ്മെ ഒന്നു തടലോടി കടന്നു പോകും. സുഖമുള്ള തണുപ്പ്. മഞ്ഞുകണങ്ങൾ ചിതറിയ വഴിയിൽ ഓരോ കാൽവയ്പ്പും സൂക്ഷിച്ചു വേണം. പതുക്കെ നടന്നു കയറിയാൽ മുകളിലെ മഞ്ഞുകൂടാരത്തിലെത്താം. മുകളിലെത്തിയാൽ സകലം മഞ്ഞുമയം. വർണനാതീതമാകും ആ കാഴ്ചകൾ. പഞ്ചചുളി മലനിരകളെ കയ്യെത്തി ഒന്നു തൊടാമെന്നു തോന്നും ഖാലിയ ടോപ്പിലെത്തുമ്പോൾ. ഒറ്റച്ചാട്ടത്തിൽ മേഘത്തെ തൊടാമെന്നും. 

സമുദ്രനിരപ്പിൽ നിന്ന്  3500 മീറ്റർ ഉയരത്തിലാണ് ഖാലിയ ടോപ്പ്. പഞ്ചചുളി  രാജ്‌രംഭ, ഹാർദിയോൾ, നന്ദാകോട്ട് എന്നീ കൊടുമുടികളുടെ ഒത്തൊരുമിച്ചുള്ള കാഴ്ച തന്നെയാണ് ഖാലിയടോപ്പിലെ പ്രത്യേകത. പൊട്ടിവിടരാനിരിക്കുന്ന പൊൻപ്രഭാതത്തെ സ്വപ്നം കണ്ട് ബേസ്ക്യാംപിൽ ഒരുക്കിയ ടെന്റുകളിലും ഖാലിയ ടോപ്പിലെത്തുന്ന സഞ്ചാരികൾക്ക് രാപാർക്കാം.

nandadevi-temple
നന്ദാദേവി ക്ഷേത്രം

തമ്റികുണ്ഡ് അഥവാ താഴ്‌വരയിലെ തടാകം

കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു നീങ്ങുമ്പോൾ താഴ്‌വരയിൽ നിന്നെത്തുന്ന തണുത്ത കാറ്റിന് രൗദ്രഭാവമാണ്. ചൂളംവിളിയുമായി കാതേൽക്കുന്ന കാറ്റ് ആകെ ശരീരത്തെ ഒന്നുലച്ചാണ് കടന്നുപോകുന്നത്. ഓരോ ചുവടുവയ്പ്പിലും ശക്തമായ കാറ്റിൽ വിറങ്ങലിച്ചു പോകുമെന്നു തോന്നും. താഴേ വശങ്ങളിലേക്കു നോക്കിയാൽ തലകറങ്ങുമെന്നുറപ്പ്. സൂക്ഷിച്ചു വേണം ഓരോ കാൽവയ്പ്പും. കാടിനു നടുവിലാണ് തടാകം. ചുറ്റുമുള്ള മരങ്ങൾ ഇലപൊഴിച്ച് നിൽക്കുന്ന ശൈത്യകാലത്ത് തടാകവും പരിസരവും മഞ്ഞുമൂടും. വേണ്ടത്ര മഴ ലഭിക്കാതിരുന്നാൽ ഈ തടാകമുള്ളതിനാലാണ് ആവശ്യത്തിനു വെള്ളം ഗ്രാമത്തിലുണ്ടാകുന്നതെന്നാണ് മുൻസിയാരിക്കാർ പറയുന്നു. മഞ്ഞുകാലത്ത് ഇവിടെയെത്തുന്ന ഓരോ  സഞ്ചാരിയ്ക്കും മനംകുളിർക്കുന്ന കാഴ്ച സമ്മാനിക്കും ഈ കുഞ്ഞുതടാകം. 

nandadevi-entrance
നന്ദാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം

മഞ്ഞുമലയുടെ മടിത്തട്ടിൽ നന്ദാദേവി

nandadevi-panchchuli
നന്ദാദേവി ക്ഷേത്രത്തില്‍ നിന്നുള്ള പഞ്ചാചുളി ദൃശ്യം

കരിയിലകൾ വീണ പാതയിലൂടെ പതുക്കെ നടന്നാൽ ചെന്നെത്തുന്നത് മനോഹരമായൊരു താഴ്‌വാരത്തിലാണ്. പ്രകൃതി പുൽമെത്ത വിരിച്ച താഴ്‌വാരത്തിനു നടുവിൽ ഒരു കുഞ്ഞുക്ഷേത്രം. ദുരെനിന്നു തന്നെ നന്ദാദേവിയെ സ്തുതിക്കുന്ന ഭജൻ കേൾക്കാം. ചുറ്റും മഞ്ഞുമലകൾ കോട്ടതീർത്തിരിക്കുന്നു. 

മുൻസിയാരി പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് നന്ദാദേവി ക്ഷേത്രം. ഹൈന്ദവ മതവിശ്വാസികളായ ബൂട്ടിയ വിഭാഗക്കാരുടെ ആരാധനാമൂർത്തിയാണ് ദേവി. പാർവതി ദേവിയെയാണ് ഇവർ നന്ദാദേവിയായി  ആരാധിക്കുന്നത്. ഉത്തരാഖണ്ഡിലെ പുരാതനമായ ക്ഷേത്രമാണ് നന്ദാദേവിക്ഷേത്രം. രണ്ട് നന്ദാദേവി ക്ഷേത്രങ്ങളുണ്ട് ഉത്തരാഖണ്ഡിൽ. മുൻസിയാരിയിലും അൽമോറയിലും. 

team
മുൻസിയാരിയിലെന്നതിയ വനിതകളുടെ സംഘം

തേനൂറും ബാൽമിഠായി

മലയിറങ്ങുമ്പോൾ അൽപം മധുരവും നുകരാം. ഉത്തരാഖണ്ഡിലെ ബാൽമിഠായി ഏറെ പ്രശസ്തം. ഒറ്റനോട്ടത്തിൽ മൈസൂർപാവിന്റെ വകഭേദമാണെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. അൽമോറയുടെ മധുരം എന്നാണ് ബാൽ മിഠായി അറിയപ്പെടുന്നത്. പാൽക്കട്ടി പ്രത്യേക രീതിയിൽ ശർക്കരപ്പാവിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് ബാൽമിഠായി. സൂര്യദേവന്റെ പ്രസാദമാണ് ബാൽമിഠായി എന്നാണ് വിശ്വാസം. 

ഹിമവാനോളം ഉയരമുള്ള യാത്ര സ്വപ്നങ്ങളുമായി വന്നുകയറിയ പെണ്ണുങ്ങളെ മുൻസിയാരി നിരാശപ്പെടുത്തിയില്ല. അൽമോറയിലെ ബാല്‍ മിഠായിയുടെ മധുരവുംനുണഞ്ഞ് മഞ്ഞുമലയിറങ്ങുമ്പോൾ യാത്രയുടെ മത്തുപിടിച്ചുതുടങ്ങും. റോഡോഡെൻറോൺ മരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റിന് കാതോർത്താൽ മുൻസിയാരി തിരികെ വിളിക്കുന്നതായി തോന്നാം. തിരിഞ്ഞു നോക്കണ്ട... വീണ്ടും കണ്ടാൽ ആ മലയിറങ്ങാനെ തോന്നില്ല.  

 

English Summary: Best Places to Visit in Munsiyari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com