ഇഗ്ലൂവിനുള്ളിലിരുന്ന് ചൂടുകാപ്പി ഊതിയൂതി കുടിച്ചാലോ? സഞ്ചാരികളെ കശ്മീര്‍ വിളിക്കുന്നു!

igloo-cafe
Igloo Cafe
SHARE

കശ്മീര്‍ എന്ന് കേള്‍ക്കുമ്പോഴേ സഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന നിരവധി മനോഹര ചിത്രങ്ങളുണ്ട്. മഞ്ഞില്‍ പുതഞ്ഞ പുലരികളുമായി വരവേല്‍ക്കുന്ന ശൈത്യകാലമാണ് ഏറ്റവും സുന്ദരമായ കശ്മീര്‍ അനുഭവങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ, കശ്മീരില്‍ പോകാന്‍ ഒരു കാരണം കൂടിയുണ്ട്. മഞ്ഞുകൊണ്ട് ഉണ്ടാക്കിയ നല്ല രസികനൊരു കഫേ!

ഇഗ്ലൂ കഫേ എന്നാണ് ഇതിന്‍റെ പേര്. ഗുല്‍മാര്‍ഗിലെ സ്കീ റിസോര്‍ട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ കഫേ, ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇഗ്ലൂ കഫേയാണിത്‌.  കൊലഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ആണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍. കാശ്മീരിലെ ഏറ്റവും പുതിയ ഹോട്ടൽ ബ്രാൻഡുകളില്‍ ഒന്നാണ് കൊലഹോയ്. ഗുല്‍മാര്‍ഗിനെ കൂടാതെ പഹൽഗാം, ശ്രീനഗര്‍ തുടങ്ങിയ ഇടങ്ങളിലും ഇവര്‍ക്ക് റിസോര്‍ട്ടുകള്‍ ഉണ്ട്. 

"ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ആശയമാണെങ്കിലും പല വിദേശരാജ്യങ്ങളിലും ഇത് മുന്‍പേ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  ലിംക ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം നേടാനും ശ്രമിക്കുന്നുണ്ട്" കൊലഹോയ് ഗ്രീൻ ഗുൽമാർഗ് ജനറൽ മാനേജർ ഹമീദ് മസൂദി ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിഥികള്‍ക്ക് അല്‍പ്പം വ്യത്യസ്തമായ തരത്തിലുള്ള ഒരു സൗകര്യം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും അത് ധാരാളം സഞ്ചാരികളെ ആകര്‍ഷിച്ചു, ഇതോടെ, ഇഗ്ലൂ കഫേ ഗുൽമാർഗിലെ ഒരു സെൽഫി പോയിന്റായി മാറിയെന്നും മസൂദി കൂട്ടിച്ചേര്‍ത്തു.

22 അടി വ്യാസവും 12.5 അടി ഉയരവുമാണ് ഇഗ്ലൂ കഫേയുടെ ഉള്‍വശത്തുള്ളത്. ഉള്ളില്‍ പതിനാറ് അതിഥികൾക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ നാല് ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. പുറം വശത്തിന് 26 അടി വ്യാസവും 15 അടി ഉയരവുമുണ്ട്. 

ഗ്രീൻലാന്‍റ്, കാനഡ, അലാസ്ക എന്നിവയുടെ ആർട്ടിക് മേഖലകളിൽ അധിവസിക്കുന്ന ആളുകള്‍ നിർമ്മിക്കുന്ന ഡോം ആകൃതിയിലുള്ള മഞ്ഞുവീടാണ് ഇഗ്ലൂ. അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ വാസ്തുവിദ്യയ്ക്ക്. ഇപ്പോള്‍ ടൂറിസത്തിന്‍റെ ഭാഗമായി ലോകത്ത് പലയിടങ്ങളിലും ഇത്തരം മഞ്ഞുവീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവയില്‍ സഞ്ചാരികള്‍ക്ക് താമസിക്കുകയും ചെയ്യാം.

സ്വീഡനിലെ ഐസ്ഹോട്ടല്‍, റൊമാനിയയിലെ ഐസ് ബാലെ ലേക്ക് ഹോട്ടല്‍, നോര്‍വേയിലെ സോറിസ്നിവ ഇഗ്ലൂ ഹോട്ടല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ വൈറ്റ്പോഡ് ഇക്കോ ലക്ഷ്വറി ഹോട്ടല്‍, ഫിന്‍ലന്‍ഡിലെ കാക്സ്ലോട്ടനെന്‍ ആര്‍ട്ടിക് റിസോര്‍ട്ട് എന്നിവയെല്ലാം ഇഗ്ലൂ അനുഭവം ഒരുക്കുന്ന ഹോട്ടലുകളാണ്. ഇന്ത്യയില്‍, മണാലിയിലെ കീലിംഗ ക്യാമ്പ്സൈറ്റും ഇഗ്ലൂ വീട്ടില്‍ താമസിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

English Summary: J-K's Gulmarg attracts tourists with new Igloo Cafe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA