ഒറ്റയ്ക്ക് കാറിൽ ഇന്ത്യ ചുറ്റുന്ന കോട്ടയംകാരി : കൊച്ചിയില്‍ നിന്ന് കശ്മീര്‍ വഴി കന്യാകുമാരിയിലേക്ക്

nidhi-trip
SHARE

ഇന്ത്യ മുഴുവന്‍ കാണാനായി രണ്ടു മാസത്തെ യാത്രക്കൊരുങ്ങി കോട്ടയം സ്വദേശി നിധി ശോശ കുര്യന്‍. കാറില്‍ ഒറ്റക്കാണ് യാത്ര. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നു ഫെബ്രുവരി ഏഴിന് രാവിലെ യാത്ര ആരംഭിച്ചു. ചായക്കടയില്‍ നിന്നു ലോകം ചുറ്റാനിറങ്ങി പ്രശസ്തരായ മോഹന-വിജയന്‍ ദമ്പതികളാണ് നിധിയുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

കാറിൽ ഒറ്റയ്ക്കുള്ള യാത്ര. അതും രണ്ടു മാസത്തിലേറെ കലയളവിൽ. അധികം സ്ത്രീകൾ പരീക്ഷിക്കാത്ത ഒരു യാത്രയ്ക്കാണ് നിധിയുടെ ഒരുക്കം. ആകെ 64 ദിവസത്തേക്കുള്ള യാത്രയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നിധി പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് സേലത്തു നിന്നും പോണ്ടിച്ചേരിലേക്കുള്ള യാത്രയിലാണ് നിധി. 

റൂട്ട് ഇങ്ങനെ

കൊച്ചിയില്‍ നിന്നു പോണ്ടിച്ചേരി, മഹാബലിപുരം, ചെന്നൈ, ഗുണ്ടൂര്‍, വിജയവാഡ, വിശാഖപട്ടണം, പുരി, ഭുവനേശ്വര്‍, കല്‍ക്കട്ട റൂട്ടിലാണ്‌ ആദ്യം നിധിയുടെ കാര്‍ സഞ്ചരിക്കുക. പിന്നീടങ്ങോട്ട് പര്‍വതങ്ങളിലൂടെയായിരിക്കും യാത്ര. ഹിമാലയഭാഗങ്ങളിലൂടെ ഉത്തരേന്ത്യ ചുറ്റും. അതിനുശേഷം ഡല്‍ഹിയിലൂടെയും രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയും മരുഭൂമികളിലൂടെയുമാണ് യാത്ര. ശേഷം മുംബൈ, പൂനെ, കണ്ണൂര്‍, തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ യാത്ര അവസാനിക്കും.

ടെന്‍റുണ്ട്, റോളിങ് ബെഡും

യാത്രാചിലവുകളെല്ലാം സ്വയം തന്നെയാണ് വഹിക്കുന്നത്. യാത്രയില്‍ സുരക്ഷിതമായി താമസിക്കാനുള്ള സ്ഥലങ്ങളും ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളുമെല്ലാം റെഡിയാണ്. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങള്‍ കാറില്‍ കൂടെ കൊണ്ടു പോകുന്നുണ്ട്. കൂടാതെ കിടന്നുറങ്ങാന്‍ റോളിങ് ബെഡ്, അത്യാവശ്യം ഉപയോഗിക്കാന്‍ ടെന്‍റ് തുടങ്ങിയവയും വാഹനത്തിൽ കരുതുന്നുണ്ട്. 

ഇത്രയും കാലം തന്‍റെ അവഞ്ചര്‍ ബൈക്കിലായിരുന്നു നിധി യാത്രകള്‍ ചെയ്തിരുന്നത്. ഇടയ്ക്ക് പൊതുഗതാഗതവും ഉപയോഗിക്കുമായിരുന്നു. യാത്രകളെക്കുറിച്ച് സ്ഥിരം എഴുതാറുമുണ്ട്. കൊച്ചിയില്‍ മൂവി പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുന്ന നിധി ഒരു ഫ്രീലാന്‍സ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് കൂടിയാണ്. ഇടയ്ക്ക് രണ്ടു മാസം ലീവ് കിട്ടിയപ്പോഴാണ് ഈ യാത്രക്ക് പ്ലാന്‍ ചെയ്യുന്നത്.

ടൂറിസം വകുപ്പിന്‍റെ പിന്തുണ

നിധിയുടെ യാത്രക്ക് കേരള ടൂറിസം വകുപ്പിന്‍റെ സഹകരണവുമുണ്ട്. കേരളത്തില്‍ നിന്നുള്ള സഞ്ചാരിയെന്ന നിലയില്‍, യാത്രക്കിടെ താമസിക്കുന്ന ഇടങ്ങളില്‍ നല്‍കാനായി മരവിത്തുകളും വിത്ത് അടങ്ങിയ പേന പോലുള്ള ഉല്‍പ്പന്നങ്ങളും നിധി കയ്യില്‍ കരുതുന്നുണ്ട്. തന്‍റെ ഇന്നോളമുള്ള യാത്രകളെക്കുറിച്ച് മൂന്നു പുസ്തകങ്ങളും നിധി എഴുതിയിട്ടുണ്ട്.

English Summary: Nidhi Kurian is ready for The great Indian Solo trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA