ഹിൽസ്റ്റേഷനുകളിലെ മിസ് ഇന്ത്യയാണ് മസ്സൂറി. ഇന്ത്യയുടെ ചൂടില്‍നിന്നു രക്ഷപ്പെടാനായി ബ്രിട്ടിഷുകാര്‍ കണ്ടെത്തിയ തണുപ്പിന്റെ നാടെന്നും പറയുന്നു. ഇന്നു ഏറ്റവുമധികം സഞ്ചാരികൾ അവധിക്കാലം ചെലവഴിക്കാനായി തിരഞ്ഞെടുക്കുന്നതും മസ്സൂറിയാണ്. തണുപ്പിന്റെ നാട്ടിൽ സഞ്ചാരികളെ കാത്ത് നിരവിധിയിടങ്ങളുണ്ട്.
ആകാശകാഴ്ചകൾ ആസ്വദിച്ച്, കയ്യെത്തും ദൂരത്തിലുള്ള നക്ഷത്രങ്ങളെ കണ്ടു കൊണ്ട് രാത്രി ഭക്ഷണം ആസ്വദിക്കാൻ മോഹമുള്ളവരുണ്ടോ? നിലാവും നക്ഷത്രങ്ങളും വെള്ളപുതപ്പിൽ മയങ്ങുന്ന ഹിമവാനും കൂട്ടിരിക്കുന്ന ഒരു രാത്രി സ്വപ്നം കാണുന്നവരെ കാത്തിരിക്കുകയാണ് മസ്സൂറിയിലെ മൊസൈക് ഹൗസ്. അതിമനോഹരം എന്ന വാക്കിനുമപ്പുറത്തേയ്ക്കു കാഴ്ചകളുടെ വലിയ വാതായനങ്ങൾ തുറക്കുകയാണ് സഞ്ചാരികൾക്കായി മൊസൈക് ഹൗസ്. ആഡംബര സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ മനസുനിറയ്ക്കുക പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകളാണ്.

ഏറെ പ്രത്യേകതകളുണ്ട് മൊസൈക് ഹൗസിന്. ചുവരുകൾ തീർത്തിരിക്കുന്നത് ഗ്ലാസ്സുകൾ കൊണ്ടാണെന്നതു തന്നെയാണ് പ്രധാനാകർഷണം. ഹോട്ടലിനു അകത്തിരുന്നു തന്നെ പ്രകൃതിയിലെ കാഴ്ചകളെല്ലാം തന്നെ ആസ്വദിക്കാം. കൂടെ മിനി ബാർ അടക്കമുള്ള ആഡംബര സൗകര്യങ്ങളുമുണ്ട്. മൊസൈക് ഹോട്ടലിലെ രാത്രികളാണ് അതിസുന്ദരം. നക്ഷത്രങ്ങളും നിലാവും ചുറ്റിലുമുള്ള പർവ്വതങ്ങളും അതിസുന്ദരമായ കാഴ്ചകളൊരുക്കും. ആകാശത്തിനു താഴെയെന്നതു പോലെ ആ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് കിടക്കാം.
വെളിച്ചം ധാരാളം കടന്നു വരത്തക്കമുള്ള വലിയ വിശാലമായ മുറികളാണ്. ഹോട്ടലിനു മുകളിലായാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ വിദൂര കാഴ്ചകൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. രാത്രിയിൽ ഇതേറെ മനോഹരമായിരിക്കും. ഹോട്ടലിനകത്തു തന്നെ പൂൾ പോലുള്ള സൗകര്യങ്ങളുണ്ട്. ഡീലക്സ് റൂം, സ്യൂട്ട് റൂം, ആറ്റിക് റൂം എന്നിങ്ങനെ മൂന്നു തരത്തിലും നിരക്കിലുമാണ് അതിഥികൾക്കു താമസമൊരുക്കിയിരിക്കുന്നത്. ഡീലക്സ് മുറികളുടെ ഒറ്റ ദിവസത്തിനു 10000 രൂപയാണ്. മാസ്റ്റർ ബെഡ് റൂമും ലിവിങ് ഏരിയയും ഉള്ളതാണ് സ്യൂട്ട് റൂമുകൾ. ഒരു രാത്രി താമസത്തിനു 16000 രൂപയാകും. ആറ്റിക് മുറികൾക്ക് 13500 രൂപയാണ് താമസത്തിനു ചെലവ് വരുന്നത്.
മൊസൈക് ഹോട്ടലിനു ഏകദേശം ആറ് കിലോമീറ്റർ മാത്രം അകലെയാണ് കെംപ്റ്റി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്നവർക്കു എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം.
English Summary: Mosaic House in Mussoorie