പാരീസിനേക്കാള്‍ ആകര്‍ഷകമായ റൊമാന്റിക് നഗരങ്ങള്‍

valentine-travel
SHARE

വെളിച്ചത്തിന്റെ നഗരം, കലയുടെ നഗരം, പ്രണയത്തിന്റെ നഗരം, അനേകം വിളിപ്പേരുകളുണ്ട് പാരീസിന്. ഇൗ നഗരം സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമായി മാറുന്നതും ഇൗ കാരണങ്ങൾ തന്നെയാണ്. എന്നാല്‍ പാരീസില്‍ പോകാതെ തന്നെ ആ റൊമാന്റിക് അനുഭവം ആസ്വദിക്കണമെങ്കിൽ ഇന്ത്യയിലുമുണ്ട് ആകര്‍ഷകമായ റൊമാന്റിക് നഗരങ്ങള്‍. ഈ പ്രണയദിനത്തില്‍ പങ്കാളിയ്‌ക്കൊപ്പം ഒരു പ്രണയാര്‍ദ്രമായ യാത്ര നടത്താം.

പോണ്ടിച്ചേരി

valentine-trip-pondicherry

ഫ്രാന്‍സിലെ പ്രശസ്തമായ സിറ്റിയാണ് പാരീസ് എങ്കില്‍ എല്ലാ അര്‍ത്ഥംകൊണ്ടും ഇന്ത്യയുടെ ഫ്രഞ്ച് സിറ്റിയാണ് പോണ്ടിച്ചേരി. ഫ്രഞ്ച് ക്വാര്‍ട്ടേഴ്‌സിലൂടെ  നിങ്ങളുടെ പങ്കാളിയുടെ കൈകോര്‍ത്ത്പിടിച്ച് ഒരു റൊമാന്റിക് നടത്തം ആകാം. ബോഗന്‍വില്ല പൂക്കൾ നിറഞ്ഞ മതിലുകള്‍, കൊളോണിയല്‍ വാസ്തുവിദ്യ ആകര്‍ഷകമായ കഫേകളും രുചികരമായ വിഭവങ്ങളും കാണാനും ആസ്വദിക്കാനും ഒട്ടേറെയുണ്ട് ഇവിടെ. അതിമനോഹരമായ കടല്‍ത്തീരത്ത് കൂടെ നടക്കുമ്പോള്‍ ഒരു റൊമാന്റിക് ഫെയറിടെയില്‍ പോലുള്ള അനുഭവമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

ലവേഴ്സ് പാരഡൈസ് - മണാലി

ഇന്ത്യയുടെ ഹണിമൂണ്‍ ക്യാപിറ്റല്‍ എന്നാണ് മണാലി അറിയപ്പെടുന്നതുതന്നെ. നവദമ്പതികളും പ്രണയിതാക്കളും യാത്രയ്ക്ക് ലിസ്റ്റ് ഇട്ടാല്‍ ആദ്യം മണാലിയെന്ന പേരാകും ഉണ്ടാവുക. പിര്‍ പഞ്ജലിന്റെയും ധൗലധര്‍ പര്‍വതനിരകളുടെയും മഞ്ഞുമൂടിയ ചരിവുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മണാലി രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്.

valentine-trip-manali

പര്‍വത നിരകളുടെ മനോഹരമായ കാഴ്ചകള്‍, സമൃദ്ധമായ പച്ച വനങ്ങള്‍, വിശാലമായ പുല്‍മേടുകള്‍, പുഷ്പങ്ങളാല്‍ അലംകൃതമായ പൂന്തോട്ടങ്ങള്‍, നീല നിറത്തിലുള്ള അരുവികള്‍, പൈനിന്റെയും പുതുമയുടെയും നിരന്തരമായ സുഗന്ധം - മണാലിക്ക് അസാധാരണമായ പ്രകൃതിഭംഗിയാണ്. മ്യൂസിയങ്ങള്‍ മുതല്‍ ക്ഷേത്രങ്ങള്‍ വരെ, മനോഹരമായ ഗ്രാമങ്ങള്‍ മുതല്‍ തിരക്കേറിയ തെരുവുകള്‍, നദീതീരങ്ങൾ മുതൽ, ട്രെക്കിങ് പാതകള്‍ വരെ, വര്‍ഷം മുഴുവനും എല്ലാത്തരം സഞ്ചാരികളെയും കാന്തികവലയത്തിലാക്കുന്നു മണാലി. 

ബീച്ചുകള്‍, സൂര്യാസ്തമയങ്ങളും അണയാത്ത രാത്രികളും- ഗോവ

goa-beach

ഗോവയാണല്ലോ പ്രണയിതാക്കളുടെ വിശുദ്ധനാട്. ലോകമാനമുള്ള പ്രണയികളും ദമ്പതിമാരും സഞ്ചാരികളും ഒരിക്കലെങ്കിലും ആ പഞ്ചാരമണല്‍ത്തീരത്ത് ആര്‍ത്തുല്ലസിക്കാന്‍ എത്തുന്നു. ഒരിക്കലും തീരാത്ത രാത്രീജീവിതത്തില്‍ നേടിയെടുക്കുന്നത് മരിക്കാത്ത ഓര്‍മകളും അനുഭവങ്ങളുമാണ്. അപ്പോള്‍ പിന്നെ പ്രണയദിനത്തില്‍ ഗോവയിലേക്ക് അല്ലാതെ മറ്റെവിടെ പോകാന്‍. പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഗോവ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ്. അതിമനോഹരമായ ബീച്ചുകള്‍, രുചികരമായ സീഫുഡ്, പോര്‍ച്ചുഗീസ് പൈതൃകം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ നാട്. ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി ലക്ഷ്വറി ഡെസ്റ്റിനേഷനാണ് ഗോവ.

മഞ്ഞില്‍ പൊതിഞ്ഞ മൂന്നാർ

മൂന്നാറിലേക്കല്ലാതെ വേറെവിടേക്കാണ് പ്രണയദിനം ആഘോഷിക്കാന്‍ പോകേണ്ടത്.  ഇപ്പോഴത്തെ കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ മാടിവിളിക്കുകയാണ് മൂന്നാർ. മഞ്ഞിന്റെ മൂടുപടമണിഞ്ഞ് പച്ചപ്പട്ടുത്ത് നില്‍ക്കുന്ന മൂന്നാറിലേക്കാവട്ടെ ഇത്തവണത്തെ പ്രണയദിനയാത്ര. സമുദ്രനിരപ്പില്‍നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്നു നദികള്‍ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. 

Severe cold blankets Munnar with frost

ആലപ്പുഴ

കിഴക്കിന്റെ വെനീസിലേക്ക് ഒരു യാത്ര നടത്താതെ ഈ പ്രണയദിനം കടന്നുപോകുമെന്ന് തോന്നുന്നുണ്ടോ?. കായല്‍ഭംഗി ആസ്വദിച്ച് ഹൗസ്‌ബോട്ടിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. സൂര്യന്‍ അസ്തമിക്കും നേരം വേമ്പനാട് കായല്‍പരപ്പിലൂടെ ഓളം തെന്നിനീങ്ങുന്ന ചങ്ങാടയാത്ര,കുട്ടനാടൻ രുചിയുണർത്തുന്ന വിഭവങ്ങൾ,പച്ചപ്പിന്റെ കാഴ്ച, അങ്ങനെ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാനായി സ്വദേശീയരടക്കം നിരവധി വിദേശസഞ്ചാരികളാണ് ആലപ്പുഴയിൽ എത്തുന്നത്. പാരിസീനേക്കാള്‍ പതിന്‍മടങ്ങ് സുന്ദരിയാണെന്ന് നിസംശയം പറയാം.

ഉദയ്പ്പൂര്‍

valentine-trip-alappuzha

സിറ്റി ഓഫ് ലേക്‌സ് എന്നും അറിയപ്പെടുന്ന ഉദയ്പൂര്‍ രാജസ്ഥാന്റെ കിരീടമാണ്. മനോഹരമായ അരവല്ലി കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ നഗരം അതിമനോഹരമാണ് എന്ന് വാക്കുകള്‍കൊണ്ട് പറഞ്ഞാല്‍ മതിവരില്ല. ഈ 'വെനീസ് ഓഫ് ഈസ്റ്റി'ന് എടുത്തുപറയാന്‍ ധാരാളം സൗന്ദര്യകാഴ്ചകളുണ്ട്. പൗരാണിക ക്ഷേത്രങ്ങളും മനംമയക്കുന്ന വാസ്തുവിദ്യയും ആരെയും മോഹിപ്പിക്കുന്നതാണ്.

ശ്രീനഗര്‍

valentine-trip-Srinagar

ശ്രീനഗറില്‍ എല്ലാം റൊമാന്റിക് ആണ്. ഭൂമിയിലെ പറുദീസ എന്നാണ് ഇൗ സുന്ദരയിടത്തെ വിളിക്കുന്നത്. ഇവിടെ എത്തുന്നവർ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു പറയും. മനോഹരമായ ഹൗസ്ബോട്ടുകളില്‍ ഇരുന്ന് ധാല്‍ തടാകത്തിലൂടെയുള്ള യാത്രയും ആരെയും ആകർഷിക്കുന്നതാണ്. പരമ്പരാഗത കശ്മീര്‍ കരകൗശല വസ്തുക്കളുടെയടക്കമുള്ള ഷോപ്പിങ്ങും സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്. 

English Summary: Most Romantic Cities In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA