ADVERTISEMENT

മഞ്ഞു മൂടിക്കിടക്കുന്ന ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ നിന്നും അന്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പരാശര്‍ തടാകത്തിലെത്താം. സമുദ്രനിരപ്പില്‍ നിന്നും 2,730 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ നീലത്തടാകം തീര്‍ഥാടകരുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. മഞ്ഞിന്‍ തൊപ്പിയണിഞ്ഞ ധൗലധാര്‍ കൊടുമുടികളും ബിയാസ് നദിയും ചുറ്റും മനോഹര കാഴ്ചയാണ് ഒരുക്കുന്നത്. സുന്ദരവനങ്ങളും നിരവധി നദികളുമുള്ള പാതയിലൂടെയാണ് പരാശര്‍ ട്രെക്കിങ്. ഒപ്പം ധൗലധാര്‍, പീര്‍പഞ്ചല്‍, കിന്നൗര്‍ പര്‍വത നിരകളുടെ 180 ഡിഗ്രി കാഴ്ചയും കാണാം.

പരാശര്‍ തടാകത്തിന്റെ കഥ ഇങ്ങനെ

കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭീമന്‍ ഇവിടെ കൈമുട്ടുകൊണ്ട് ഒരു കുഴി കുഴിച്ചെന്നും അതാണ്‌ പിന്നീട് പരാശര്‍ തടാകമായി മാറിയതെന്നുമാണ് വിശ്വാസം. പരാശര മഹര്‍ഷി ഈ തടാകക്കരയില്‍ തപസ് ചെയ്തിരുന്നുവെന്നും ഐതിഹ്യം പറയുന്നു. അങ്ങനെയാണ് തടാകത്തിന് ആ പേര് ലഭിച്ചത്. മൂന്നുതട്ടായി, ഹിമാചല്‍ ശൈലിയില്‍ നിര്‍മിച്ച ഒരു കല്‍ക്ഷേത്രവും തടാകത്തിനരികില്‍ കാണാം. പതിനാലാം നൂറ്റാണ്ടിൽ ബാൻസൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. 

'ഹിമാചലിലെ കാശി', 'മലമുകളിലെ വാരണാസി' എന്നെല്ലാം അറിയപ്പെടുന്ന മണ്ഡിയില്‍ നിന്നും രണ്ടു മണിക്കൂറുണ്ട്‌ കാന്ത്‌‌ളുവിലേക്ക്. ഇവിടെ നിന്നാണ് പരാശര്‍ തടാകത്തിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. തീര്‍ഥാടനത്തിന്‍റെ ഭാഗമായി യാത്ര ചെയ്യുന്നവര്‍ ആദ്യം മണ്ഡിയിലുള്ള ത്രിലോക് നാഥ് ക്ഷേത്രം, രാജാ മാധവ് ക്ഷേത്രം, ഭൂത് നാഥ് ക്ഷേത്രം, തര്‍ന ശ്യാംകാളി ക്ഷേത്രം, പഞ്ചവക്ത്ര മഹാദേവ ക്ഷേത്രം, അര്‍ധനാരീശ്വര ക്ഷേത്രം,ഭീമാകാളി ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാറുണ്ട്.

Prashar-Lake
By iRishi/shutterstock

കാന്ത്‌‌ളുവില്‍ എത്തിയ ആദ്യം അര കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. കയറിയ ശേഷം പിന്നീട് ഏറെ ദൂരം കാട്ടിനുള്ളിലൂടെ യാത്ര ചെയ്യണം. അതിനു ശേഷം ആപ്പിള്‍ മരങ്ങള്‍ക്കിടയിലൂടെയും ഓക്ക് മരങ്ങള്‍ക്കിടയിലൂടെയും പുല്‍ത്തകിടികളിലൂടെയുമെല്ലാമുള്ള യാത്രയാണ്. 

ധൗലധർ മാറ്റർഹോൺ, കപ് ചുലി, മാൻ ഹിൽ, ഹനുമാൻ ടിബ്ബ, സിക്കാർ ബെ, മുക്കർ ബെ, മനാലി കൊടുമുടി, ഫ്രണ്ട്ഷിപ്പ് പീക്ക്, മുകില, അലി രത്നി ടിബ്ബ തുടങ്ങിയ മനോഹര കാഴ്ചകളും ഈ യാത്രക്കിടെ ആസ്വദിക്കാം. പരാശര്‍ തടാകത്തില്‍ നിന്നും, വേണമെങ്കില്‍ 12 കിലോമീറ്റർ മുകളിലായി സ്ഥിതിചെയ്യുന്ന തുംഗ മാതാ ക്ഷേത്രത്തിലേക്ക് പോകാം. ഇവിടെ നിന്നുള്ള തടാകക്കാഴ്ച അതിസുന്ദരമാണ്. 

മഞ്ഞുകാലമാണ് യാത്രക്കായി തെരഞ്ഞെടുക്കുന്നതെങ്കില്‍ അതിനുവേണ്ട തയാറെടുപ്പുകള്‍ നടത്തി വേണം യാത്ര തുടങ്ങാന്‍. കിലോമീറ്ററുകളോളം നീളുന്ന മഞ്ഞിലൂടെ യാത്ര ചെയ്യേണ്ടി വരും എന്നുള്ളതിനാല്‍ പോകുന്നതിനു മുന്‍പ് കാലാവസ്ഥ എന്താണെന്നുള്ള കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌.

English Summary: Prashar Lake Trekking In Himachal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com