ADVERTISEMENT

നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം ആ സ്വപ്നജീവിതത്തിലേക്കു കടക്കാൻ ഒരുങ്ങുകയാണ് എലീന. പ്രണയനായകൻ കോഴിക്കോട് സ്വദേശി രോഹിത്. ഓഗസ്റ്റിലാണ് വിവാഹം. എന്തും ധൈര്യത്തോടെ പറയാനുള്ള ചങ്കുറപ്പു തന്നെയാണ് എലീനയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. എലീനയുടെ ഇഷ്ടങ്ങളിലൊന്ന് യാത്രകളാണ്. യാത്രാപ്രിയത്തിൽ എലീനയെക്കാളും ഒരുപടി മുന്നിലാണ് രോഹിത്. ഇഷ്ട യാത്രകളെക്കുറിച്ച് എലീന മനോരമ ഒാൺലൈനിൽ മനസ്സ്തുറക്കുന്നു.

alina-trip

∙ഡ്രൈവിങ്ങാണ് ഞങ്ങൾക്ക് പ്രിയം

യാത്രകൾക്കു മിക്കവരും തിരഞ്ഞെടുക്കുന്നത് ബസോ ഫ്ലൈറ്റോ ട്രെയിനോ ആയിരിക്കും. ലക്ഷ്യസ്ഥാനം എത്തുന്നതുവരെ വാഹനത്തിലിരുന്ന് ഉറങ്ങുന്നവരാണ് ഭൂരിപക്ഷവും. അത്തരം യാത്രകൾ എനിക്കു മുഷിപ്പാണ്. സ്വയം ഡ്രൈവ് ചെയ്തുള്ള യാത്രയാണെങ്കിൽ ഓരോ സ്ഥലത്തെക്കുറിച്ചും അറിഞ്ഞും വഴി മനസ്സിലാക്കിയും കാഴ്ചകൾ കണ്ടുമൊക്കെ പോകാം. എന്നെപ്പോലെ സ്വയം ഡ്രൈവ് ചെയ്ത് യാത്രപോകാനാണ് രോഹിത്തിനും പ്രിയം. വിവാഹശേഷം യാത്ര പോകാനായി ഒരുപാട് ഇടങ്ങൾ ലിസ്റ്റിലുണ്ട്. രോഹിത്  ഇന്റർനാഷനൽ ട്രിപ് നടത്താറുണ്ട്. അടുത്തുള്ള സ്ഥലങ്ങളിലേക്കും യാത്ര പോകാറുണ്ട്. 

alina-travel3

∙എന്റെയും രോഹിത്തിന്റെയും ഇഷ്ടം

മിക്ക കാര്യങ്ങളിലും ഞങ്ങൾ രണ്ടാൾക്കും എതിർ അഭിപ്രായങ്ങൾ ഒന്നുമില്ല. യാത്രയുടെ കാര്യം എടുത്താൽ എനിക്ക് ബീച്ച് ട്രിപാണ് ഏറെ ഇഷ്ടം. അടിച്ചുപൊളിക്കാം എന്ന പ്ലാനാണ് എനിക്ക്. രോഹിത്തിന് ഹിൽസ്റ്റേഷനാണ് കുറച്ചുകൂടി ഇഷ്ടം. യാത്രകൾ രണ്ടുപേർക്കും അസ്ഥിക്കു പിടിച്ചതുകൊണ്ട് എവിടേക്കു പ്ലാൻ ചെയ്താലും ഞാൻ ഒാകെയാണ്. 

alina-travel4

ഒരുപാടു യാത്രാവിശേഷങ്ങൾ രോഹിത് പങ്കുവയ്ക്കാറുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു ത്രില്ലാണ് എനിക്ക്. വിവാഹശേഷം അവിടേക്കെല്ലാം എന്നെയും കൂട്ടി യാത്ര പോകണം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. രോഹിത് ഡബിൾ ഒാകെയാണ്. വിദേശരാജ്യങ്ങളിൽ ചുറ്റയടിക്കണമെന്ന് എനിക്കില്ല. അവസരം കിട്ടിയാൽ പോകും. നമ്മുടെ നാട്ടിൽത്തന്നെ ഒരുപാട് സുന്ദര ഇടങ്ങളുണ്ട്. അവിടെയൊക്കെ കറങ്ങണം. ബൈക്ക് ട്രിപ്പുകളും എനിക്കും രോഹിത്തിനും പ്രിയമാണ്. വിവാഹശേഷം ബൈക്കിൽ ലേ ലഡാക്ക് പോകണം എന്നത് എന്റെ ആഗ്രഹമാണ്.

alina-travel2

∙വിവാഹം കഴിഞ്ഞുള്ള ട്രെൻഡ്

വിവാഹം കഴിഞ്ഞുള്ള ട്രെൻഡാണ് ഹണിമൂൺ ട്രിപ്. എനിക്കും രോഹിതിനും ഹണിമൂൺ ട്രിപ്പ് എന്ന രീതിയോടൊന്നും വലിയ താൽപര്യമില്ല. വിവാഹം കഴിഞ്ഞുള്ള ട്രെൻഡാണ് ഹണിമൂൺ ട്രിപ്പ്, തീർച്ചയായും ആ യാത്ര ഒഴിവാക്കരുതെന്നാണ് സുഹൃത്തുക്കളുടെ നിലപാട്. എന്നാൽ പോയേക്കാം എന്നും ഞങ്ങളും സമ്മതം മൂളി. മാലിദ്വീപ് അല്ലെങ്കിൽ ബാലി ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഞങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടപ്പെട്ട കുറച്ചിടങ്ങൾ കണ്ടുപിടിച്ചുവച്ചിട്ടുണ്ട്. ആ യാത്രകളെല്ലാം രോഹിത്തിനൊടൊപ്പം ആസ്വദിക്കണം.

∙ഞാനും രോഹിത്തും ഒരുമിച്ച ആദ്യ യാത്ര പൊളിഞ്ഞു

ഞാനും രോഹിത്തും ആദ്യമായി യാത്ര പോകുന്നത് കോളജ് സമയത്തായിരുന്നു, 2014 ൽ. ഞങ്ങളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അന്ന് ഞാനും അമ്മയും അപ്പയും ബെംഗളൂരുവിലായിരുന്നു താമസം. അമ്മയും അപ്പയും നാട്ടിൽ പോയ സമയത്തായിരുന്നു ഇൗ യാത്ര ഒത്തുവന്നത്. വീട്ടിൽ അറിഞ്ഞാൽ വിടില്ലെന്ന് ഉറപ്പായിരുന്നു. ഒരു സെമിനാറിന്റെ ഭാഗമായി ഹൈദരാബാദിൽ പോകണം എന്നുപറഞ്ഞ് ഞങ്ങൾ പോണ്ടിച്ചേരിലേക്കു പോയി. കഷ്ടക്കാലം എന്റെ ഫോൺ ഒാഫ് ആയി.

ഫോൺ ചാർജായപ്പോൾ അമ്മയെ വിളിച്ചു. ആദ്യം അമ്മ ചോദിച്ചത് സത്യം പറ നീ എവിടെയാണ് എന്നാണ്. നീ തമിഴ്നാട്ടിലാണല്ലോ എന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നെ സത്യം പറയേണ്ടിവന്നു. വേഗം തിരിച്ചു നാട്ടിൽ വരണമെന്നും പറഞ്ഞു. ട്രിപ് പൊളിഞ്ഞു പിന്നെ ഒന്നു നോക്കിയില്ല നേരേ വീട്ടിലേക്കു പോയി. ഫോൺ ഒാഫ് ആയപ്പോൾ തമിഴിൽ പറയുന്നത് കേട്ടാണ് അമ്മ മനസ്സിലാക്കിയത്. ആദ്യ യാത്ര അങ്ങനെയായി. അന്ന് മനസ്സിൽ കുറിച്ചതാണ് വിവാഹശേഷം രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിൽ പോയിട്ട് അമ്മയ്ക്ക് സെൽഫി അയച്ചു കൊടുക്കണം എന്നിട്ട് പകരം വീട്ടണം എന്ന്.

∙ബെംഗളൂരു ലൈഫ് പൊളിയാണ്

അമ്മയ്ക്ക് എന്നെയോർത്ത് എപ്പോഴും ടെൻഷൻ ആണ്. ഞാൻ ചിലപ്പോൾ ഒറ്റയ്ക്കു വണ്ടിയോടിച്ചു കുറേ ദൂരമൊക്കെ യാത്ര പോകും. ഡ്രൈവിങ് എനിക്കേറെയിഷ്ടമാണ്. ഒരു തവണ ഞാനോടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടിട്ടുണ്ട്. അന്നു കഷ്ടിച്ചാണ് ജീവൻ തിരിച്ചുകിട്ടിയത്. സത്യത്തിൽ എന്നെയൊന്നു നന്നാക്കാനും തുടർ പഠനത്തിനും വേണ്ടിയാണ് ബെംഗളൂരുവിലേക്ക് അയച്ചത്. ഇത്രയധികം ഞാൻ ആസ്വദിച്ച മറ്റൊരു സ്ഥലമില്ല എന്നുതന്നെ പറയാം. 

ഏറ്റവുമിഷ്ടപ്പെട്ട സ്ഥലമേതെന്നു ചോദിച്ചാൽ എനിക്ക് അന്നുമിന്നുമെന്നും ഒരു ഉത്തരമേയുള്ളൂ... അത് ബെംഗളൂരു ആണ്. അവിടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞാൻ പോയിട്ടുണ്ട്. അവിടുത്തെ മിക്ക സ്ഥലങ്ങളും എനിക്കേറെ പരിചിതമാണ്. അവിടുത്തെ ഭക്ഷണവും ഫാഷനുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്.

∙ഇനി ഞാൻ കോഴിക്കോട്ടുകാരി

കോഴിക്കോട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. അധികം യാത്ര പോകാൻ സാധിച്ചിട്ടില്ല. ഇനി ഞാൻ കോഴിക്കോട്ടുകാരിയാകാൻ പോകുവല്ലേ. ഫൂഡിന്റെ കാര്യത്തിൽ കോഴിക്കാട് സൂപ്പറാ. തനിമ നിറഞ്ഞ വിഭവങ്ങളും നല്ല മനുഷ്യരുമാണ് കോഴിക്കോടുള്ളത്. രുചികരമായ ഭക്ഷണവും അകമഴിഞ്ഞു സ്നേഹിക്കുന്ന കുറേയാളുകളെയും കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ കാണാൻ സാധിച്ചിട്ടുണ്ട്. രോഹിത് എപ്പോഴും കോഴിക്കോടിനെ വർണിക്കാറുണ്ട്. നിന്നെ കൂട്ടി കോഴിക്കോട് മുഴുവൻ ചുറ്റിയടിക്കാം എന്നാണ് രോഹിത് പറയുന്നത്.

∙ആ കാത്തിരിപ്പിലാണ് ഞാൻ

വിവാഹശേഷം യാത്രകളുടെ വലിയ ലിസ്റ്റാണ് ഞങ്ങളുടെ മനസ്സില്‍. ഗോകർണ, ഗോവ, മാലിദ്വീപ്, ലേ ലഡാക്ക്, പിന്നെ മറ്റു  ചെറിയ ട്രിപ്പുകളും. ഇനിയുള്ള എന്റെ യാത്രകൾ രോഹിത്തിനൊടൊപ്പം തുടങ്ങുകയാണ്........ ആ കാത്തിരിപ്പിലാണ് ഞാൻ.

English Summary: Celebrity Travel Actress Alina Padikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com