ADVERTISEMENT

സിനിമാതാരങ്ങള്‍ ആയിരുന്നു കൂടുതലും കാരവനുകള്‍ ഉപയോഗിച്ചിരുന്നത്. ആ‍‍‍ഡംബര സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന കാരവനുകള്‍ ഇന്ന് ഏറെക്കുറെ സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. ഇവ ടൂറിസത്തിനും ഉപയോഗിക്കാം എന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി 'കാരവന്‍ ടൂറിസം പോളിസി' എന്ന് പേരിട്ടിരിക്കുന്ന പുതിയ നയവും പാസാക്കിയിട്ടുണ്ട്. 

സഞ്ചാരികള്‍ക്ക് സുരക്ഷിതവും ആര്‍ഭാടകരവുമായ യാത്ര എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഒപ്പം ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും ഇത് മുതല്‍ക്കൂട്ടാകും എന്നാണു കരുതുന്നത്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഏറെ നാളത്തെ തൊഴിലില്ലായ്മക്കാലത്തിനു ശേഷം സാമ്പത്തികനേട്ടത്തിനു വഴിയൊരുക്കാനും ഈ പദ്ധതിയ്ക്ക് കഴിയും എന്നാണ് പ്രതീക്ഷ.

യാത്ര ഇങ്ങനെ

കാരവന്‍, കാരവന്‍ പാര്‍ക്കുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് പദ്ധതിക്കുള്ളത്. മഹാരാഷ്ട്രയുടെ പ്രകൃതി സുന്ദരമായ ലൊക്കേഷനുകളിലൂടെയായിരിക്കും കാരവന്‍ സഞ്ചാരികളെ കൊണ്ടുപോവുക. യാത്ര, വിനോദം, താമസം എന്നിവയ്ക്കായി പ്രത്യേകം നിർമിച്ച വാഹനം എന്നതാണ് കാരവന്‍ എന്നതുകൊണ്ട്‌ ഈ നിയമം ഉദ്ദേശിക്കുന്നത്. അതേസമയം, കാരവനുകൾക്ക് രാത്രി നിര്‍ത്തിയിടാനും വിനോദസഞ്ചാരികൾക്ക് വേണ്ട മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതുമായ സ്ഥലമായിരിക്കും കാരവൻ പാർക്ക്.

പദ്ധതിയുടെ ഭാഗമായി ടൂർ ഓപ്പറേറ്റർമാർക്ക് സ്റ്റാമ്പ് ഡ്യൂട്ടി, ഇലക്ട്രിസിറ്റി ഡ്യൂട്ടി എന്നിവ ഒഴിവാക്കൽ, ജിഎസ്ടി റീഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ നല്‍കും. യാത്രാസംഘങ്ങളും കാരവൻ പാർക്കുകളും ടൂറിസം ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യണം. ഇവിടങ്ങളില്‍ വച്ച് പ്രൊമോട്ടർമാര്‍ക്ക് മാർക്കറ്റിങ്, മാനേജ്മെന്‍റ്, ശുചിത്വപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും.

ഹോട്ടലുകൾ, റിസോർട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലും നോ ഡെവലപ്മെന്‍റ് സോണുകളിലും ഫാമിലി പിക്നിക്കുകൾ സംഘടിപ്പിക്കുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ, വിദൂരമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കാരവന്‍ സര്‍വീസ് സഞ്ചാരികളെ കൊണ്ടുപോകും.

വെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലങ്ങള്‍ കാരവൻ പാർക്കുകളായി ഉപയോഗിക്കാം. സ്വകാര്യമോ സർക്കാർ ഉടമസ്ഥതയിലുള്ളതോ ആയ സ്ഥലങ്ങളിൽ ഇങ്ങനെ പാർക്ക് ചെയ്യാം. കാരവൻ പാർക്കുകളുടെ ഉടമകൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം. 

മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (എംടിഡിസി) ഗസ്റ്റ് ഹൌസ്‌ ഏരിയകളിലും സ്ഥലങ്ങളിലും കാരവൻ പാർക്കുകൾ ഉണ്ടാകും. കാരവനുകളില്‍ യാത്രക്കാർക്ക് വേണ്ട കിടക്കകൾ, അടുക്കളകൾ, ടോയ്‌ലറ്റുകൾ, സോഫകൾ, മേശകൾ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. ടൂറിസം ഡയറക്ടറേറ്റിന് പുറമെ ട്രാൻസ്പോർട്ട് കമ്മീഷണര്‍ക്ക് മുന്‍പാകെയും കാരവനുകള്‍ രജിസ്റ്റർ ചെയ്യണം. 

5,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഓപ്പറേറ്റർമാരുടെ ലൈസൻസുകൾ പുതുക്കുന്നതിനായി 2,000 രൂപയാണ് അടക്കേണ്ടത്.

English Summary: Maharashtra passes Caravan Tourism policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com