ADVERTISEMENT

ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റിനു പോലും മൈലേജ് എത്ര കിട്ടുമെന്നു ചോദിക്കുന്നവരാണല്ലോ നമ്മൾ. എങ്കിലിതാ, ലക്ഷ്വറിയും ജാഡകളും ഒഴിവാക്കി ഏറ്റവും ഇന്ധനക്ഷമതയുള്ള ബൈക്കുമായി കൊണ്ടോട്ടിയിൽനിന്ന് കശ്മീർ വരെ സഞ്ചരിച്ച് മടങ്ങിയെത്തിയ യുവാക്കളെ പരിചയപ്പെടാം. 

ട‌ൈൽസ് പണിക്കാരായ മലപ്പുറം ഓമാനൂർ തടപ്പറമ്പ് വരിച്ചാലിൽ വീട്ടിൽ അബ്ദുൽ സത്താർ (24), ബന്ധുവായ ചാളക്കണ്ടി വീട്ടിൽ ‍അബ്ദുൽ ജലീൽ (22) എന്നിവരാണ് ഒരു മാസത്തെ റോഡ് ട്രിപ്പിൽ ഡൽഹിയും മണാലിയും കശ്മീരും കറങ്ങി നാട്ടിലെത്തിയത്. യാത്രയിൽ ഇവർക്കു കൂട്ടായതാകട്ടെ 2005 മോഡൽ ഹീറോ ഹോണ്ട പാഷൻ ബൈക്കും. 16 വർഷം പഴക്കമുള്ള ബൈക്കിന്റെ പണികൾ തീർത്ത് റീ റജിസ്ട്രേഷൻ ചെയ്താണ് സത്താറും ജലീലും രാജ്യം ചുറ്റാനിറങ്ങിയത്. ഇന്ധനച്ചെലവ് 7100 രൂപയും വട്ടച്ചെലവ് 31,900 രൂപയും കൂട്ടി ആകെ ചെലവായത് വെറും 39,000 രൂപ.

താമസം ടെന്റിൽ,2 നേരം ഭക്ഷണം

∙ നേരത്തേ ബൈക്കിൽ ഊട്ടി, ഇടുക്കി, മൂന്നാർ ട്രിപ്പുകളൊക്കെ പോയിരുന്ന ഇരുവർക്കും ഉള്ളിലുണ്ടായിരുന്ന ഏറ്റവും വലിയ മോഹമായിരുന്നു കശ്മീർ യാത്ര. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ പരിമിതമായ സൗകര്യങ്ങളുമായി അധികം ആലോചിക്കാതെ യാത്ര പുറപ്പെടുകയായിരുന്നു. ലോക്‌ഡൗണും മറ്റും ജോലിയെയും വരുമാനത്തെയും ബാധിച്ചിരുന്നതിനാൽ ചെലവു കുറച്ചുള്ള യാത്രയാണു പ്ലാൻ ചെയ്തത്. 

ഒരു വർഷം മുൻപ് ചെറിയ ട്രിപ്പുകളിൽ ഉപയോഗിക്കാൻ വാങ്ങിയ ടെന്റുമായാണ് യാത്ര പുറപ്പെട്ടത്. അതിനാൽ താമസത്തിന് ചെലവുവന്നില്ല. ഉച്ചയ്ക്കും വൈകിട്ടും 2 നേരം മാത്രം കുശാലായി ഭക്ഷണം കഴിച്ച് ബാക്കി സമയം ക്ഷീണം മാറ്റാൻ ചായ കുടിച്ചായിരുന്നു യാത്ര. 2 പേർക്കുമായി ദിവസം പരമാവധി 350 രൂപയാണ് ഭക്ഷണത്തിനും മറ്റും ചെലവിട്ടത്. ഇടയ്ക്കിടെയുള്ള ഓയിൽ മാറ്റത്തിനും ചെയിൻ മുറുക്കുന്നതിനുമുള്ള ചെലവല്ലാതെ ബൈക്കിനു വേണ്ടി ഒരു രൂപ പോലും മുടക്കേണ്ടി വന്നില്ലെന്ന് അബ്ദുൽ സത്താർ പറയുന്നു. 15 വർഷം പഴക്കമുള്ള ബൈക്ക് കഴിഞ്ഞ വർഷമാണ് സത്താർ വാങ്ങിയത്. ദൂരയാത്രയ്ക്ക് മറ്റൊരു വണ്ടി സംഘടിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് സ്വന്തം വാഹനത്തിൽ യാത്ര പുറപ്പെടാൻ തീരുമാനിച്ചത്.

കർഷകർക്കൊപ്പം സമരവേദിയിലും

∙ ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ്, മണാലി വഴിയാണ് കശ്മീരിലെത്തിയത്. ദിവസവും 300 മുതൽ 400 കിലോമീറ്റർ വരെ പിന്നിട്ടു. ഡൽഹിയിലും മണാലിയിലും കശ്മീരിലുമാണ് കൂടുതൽ ദിവസം തങ്ങിയത്. ഇതിനിടെ കർഷക സമരത്തിലും പങ്കെടുത്തു. ഹൃദയം നിറയെ സ്നേഹവും വയറു നിറയെ ഭക്ഷണവും നൽകി, ഒപ്പം നിർത്തി സെൽഫിയെടുത്താണ് കർഷകർ യാത്രയാക്കിയതെന്ന് സത്താർ പറയുന്നു. ‌‌

ഫെബ്രുവരി 5ന് പുറപ്പെട്ട യാത്ര മാർച്ച് ഒന്നിനാണ് പൂർത്തിയായത്. അടുത്ത വർഷം നോർത്ത് ഈസ്റ്റ് കൂടി ഉൾപ്പെടുത്തി ഒരു അഖിലേന്ത്യാ യാത്ര നടത്തണമെന്നതാണ് ഇരുവരുടെയും ‘പാഷൻ’. അന്നത്തെ ധനസ്ഥിതിയനുസരിച്ച് പുതിയ ബൈക്ക് വാങ്ങും, അല്ലെങ്കിൽ വീണ്ടും രാജ്യം ചുറ്റാനുള്ള നറുക്ക് ഹീറോ ഹോണ്ട പാഷനു തന്നെ.

 

English Summary: Budget Bike trip to Kashmir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com