ഇത് യൂറോപ്പ് അല്ല; ആപ്പിളും ആപ്രിക്കോട്ടും ഓറഞ്ചും വിളയുന്ന നാട്

apple-farm
Representative Image
SHARE

യാത്രകള്‍ക്ക് ഓരോന്നിനും ഓരോ ലഹരിയാണ്. അവ പകര്‍ന്നു നല്‍കുന്ന അനുഭവങ്ങളും വ്യത്യസ്തമാണ്. എപ്പോഴെങ്കിലും യാത്രക്കിടെ കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കണം; പ്രകൃതിയോട് ഏറെ അടുത്ത് നില്‍ക്കുന്നതു പോലത്തെ ഒരു അനുഭവമാണത്. മാത്രമല്ല, ഭൂമി എത്രത്തോളം കനിവോടെയാണ് നമുക്കുള്ള ഭക്ഷണം ഒരുക്കുന്നതെന്ന് നന്ദിയോടെ സ്മരിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഇന്ത്യയില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു യാത്ര പോകാന്‍ പറ്റിയ ചില പഴത്തോട്ടങ്ങള്‍ പരിചയപ്പെടാം.

1. ഹിമാചല്‍‌പ്രദേശ്

മനോഹരമായ ഹിമാലയത്തലപ്പുകളുടെ പശ്ചാത്തല ദൃശ്യങ്ങള്‍ക്കിടയിലൂടെ, ചുവപ്പന്‍ ആപ്പിളുകളും ആപ്രിക്കോട്ടുമെല്ലാം വിളയുന്ന നിരവധി തോട്ടങ്ങള്‍ കാണാനുള്ള അവസരം ഹിമാചല്‍ പ്രദേശിലുണ്ട്. കിന്നൗര്‍, കോട്ട്ഗഡ്, റോഹ്റു, സാംഗ്ല എന്നിവിടങ്ങളുടെ പർവത ചരിവുകൾ പഴങ്ങളുടെ സ്വർഗഭൂമിയാണ്.

ആപ്പിൾ, ആപ്രിക്കോട്ട് ഫാമുകളിലൂടെ ട്രെക്ക് ചെയ്യാനും ആപ്പിൾ ജാം നിര്‍മാണം കാണാനും പഴങ്ങളില്‍ നിന്നുണ്ടാക്കുന്ന പ്രാദേശിക പാനീയങ്ങളായ അങ്കൂരി, ഗാണ്ടി എന്നിവ പരീക്ഷിക്കാനുമെല്ലാമായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇതിനു ഏറ്റവും മികച്ചത്.

2. മഹാരാഷ്ട്ര

വൈനിനോട് പ്രത്യേക ഇഷ്ടം ഉള്ളവര്‍ക്ക് സുല, യോർക്ക്, സാംപ തുടങ്ങിയ വൈൻ നിർമ്മാതാക്കൾ പ്രസിദ്ധമാക്കിയ നാസിക്, സതാര, ബീഡ്, ലത്തൂർ എന്നിവിടങ്ങളിലെ മുന്തിരിത്തോട്ടങ്ങളിലേക്ക് യാത്ര നടത്താം. മനോഹരമായ മുന്തിരിത്തോട്ടങ്ങളിലൂടെ സഞ്ചരിക്കുക മാത്രമല്ല, അത് എങ്ങനെയാണ് നിർമ്മിക്കുന്നതെന്നു മനസിലാക്കുകയും ചെയ്യാം. 

grapes1

ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യ ഗ്രേപ്പ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ സമയമാണ് ഈ മുന്തിരിത്തോട്ടങ്ങൾ സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. 

3. മഹാരാഷ്ട്രയിലെയും മേഘാലയയിലെയും സ്ട്രോബെറി തോട്ടങ്ങള്‍

മഹാബലേശ്വറിലെയും പഞ്ചഗാനിയുടെയും താഴ്‌‌‌വരകളില്‍, സൂര്യപ്രകാശത്തിൽ മാണിക്യങ്ങൾ പോലെ തിളങ്ങുന്ന സ്ട്രോബെറിപ്പഴങ്ങള്‍ കണ്ടുള്ള യാത്ര സ്ട്രോബെറി ആരാധകർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. ജാം ബ്രാൻഡായ മാപ്രോ മാർച്ച് / ഏപ്രിൽ മാസങ്ങളിൽ ഈ രണ്ട് സ്ഥലങ്ങളിലും സ്ട്രോബെറി ഉത്സവങ്ങൾ സംഘടിപ്പിക്കാറുണ്ട്. 

സ്ട്രോബെറി കൊണ്ടുള്ള വ്യത്യസ്തമായ വിഭവങ്ങള്‍ ഈ സമയത്ത് ആസ്വദിക്കാം. മേഘാലയയിലെ റി ഭോയ് ജില്ലയിലെ സൊഹ്ലിയയില്‍ ഫെബ്രുവരി പകുതിയോടെ സ്ട്രോബെറി ഉത്സവം നടത്താറുണ്ട്. സ്ട്രോബെറി വൈൻ, ഹോം മേഡ് ബെറി ഐസ്ക്രീം തുടങ്ങിയ ആസ്വദിക്കാനുള്ള അവസരമാണിത്. ജനുവരി മുതല്‍ മാര്‍ച്ചു വരെയാണ് സ്ട്രോബെറി സീസണ്‍.

4. പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും ഓറഞ്ചു തോട്ടങ്ങള്‍

ഓറഞ്ച്, കിന്നോവ്, മന്ദാരിൻ തുടങ്ങിയ സിട്രസ് കുടുംബത്തില്‍പ്പെട്ട ഫലങ്ങള്‍ വിളയുന്ന നിരവധി തോട്ടങ്ങള്‍ പഞ്ചാബിലും മഹാരാഷ്ട്രയിലും ഉണ്ട്. നാഗ്പൂര്‍ ഓറഞ്ച് പ്രസിദ്ധമാണല്ലോ. മഞ്ഞിന്‍ തുള്ളികളുടെ അകമ്പടിയുള്ള ഒക്ടോബര്‍-ഫെബ്രുവരി സീസണ്‍ സമയത്ത് അതിരാവിലെ ഈ തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കുന്നത്, അതീവ സുന്ദരമായ ഒരു അനുഭവമായിരിക്കും. പലയിടങ്ങളിലും ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ട്രാക്ടറില്‍ ഈ തോട്ടങ്ങളിലൂടെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  

himachal-apple

5. ഉത്തരാഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ലിച്ചിത്തോട്ടങ്ങള്‍

ഹൃദയത്തിന്റെ ആകൃതിയിലുള്ള ലിച്ചിപ്പഴങ്ങള്‍ രക്തത്തുള്ളികള്‍ പോലെ വിളഞ്ഞുകിടക്കുന്ന തോട്ടങ്ങളിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമാണ്. ഉത്തരാഖണ്ഡിലെ സഹാറൻപൂരിലെ ഡെറാഡൂൺ ലിച്ചി എന്ന ഇനവും ബീഹാറിലെ മുസാഫർപൂരിലെ പ്രശസ്തമായ ഷാഹി ലിച്ചിയും ഇക്കൂട്ടത്തില്‍ പരീക്ഷിക്കേണ്ട രണ്ടു വെറൈറ്റികളാണ്. മേയ്, ജൂണ്‍ മാസങ്ങളാണ് ലിച്ചിപ്പഴ സീസണ്‍.

English Summary:  Best Places For Fruit Picking In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA