ADVERTISEMENT

പ്രകൃതിയെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ഇടമാണ് കുടക്. കാപ്പിപ്പൂക്കളുടെ മനംമയക്കുന്ന സുഗന്ധവും സുഗന്ധവ്യഞ്ജന തോട്ടങ്ങളും ഏതു ഋതുവിലും സുഖകരമായ കാലാവസ്ഥയും പച്ചപ്പ്‌ നിറഞ്ഞ താഴ്വരകളുമെല്ലാം പശ്ചിമഘട്ടത്തിന്‍റെ മടിയില്‍ കിടക്കുന്ന കുടക് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്ന മനോഹര അനുഭവങ്ങളാണ്. മലകള്‍ക്കും കാട്ടിനുമിടയിലൂടെ അനന്തവിശാലമായി നീളുന്ന പാതകളിലൂടെയുള്ള ട്രെക്കിംഗ് ഏതു സഞ്ചാരിയും മോഹിപ്പിക്കും. എന്നാല്‍ എവിടെയൊക്കെ എങ്ങനെയൊക്കെയാണ് പോകേണ്ടത് എന്നറിയാമോ? അത്തരത്തില്‍ പോകാന്‍ പറ്റിയ ചില ഇടങ്ങളും പാതകളും പരിചയപ്പെട്ടോളൂ.

1. മണ്ഡല്‍പട്ടി ട്രെക്കിങ്

കുടകില്‍ ട്രെക്കിങ്ങിനു പോകാന്‍ പറ്റിയ മനോഹര സ്ഥലങ്ങളില്‍ ഒന്നാണ് മടിക്കേരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള മണ്ഡല്‍പട്ടി. ബ്രഹ്മഗിരി മലനിരകളില്‍, സമുദ്രനിരപ്പില്‍ നിന്നും 1,800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മണ്ഡല്‍പട്ടിയില്‍, കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മഞ്ഞു മൂടിയ മലനിരകള്‍ സ്വര്‍ഗ്ഗീയമായ കാഴ്ചയാണ്. മഞ്ഞണിഞ്ഞ മലനിരകള്‍ക്കിടയിലൂടെ സൂര്യന്‍ പൊങ്ങി വരുന്ന ഉദയക്കാഴ്ചയാണ് ഇവിടത്തെ ഏറ്റവും വലിയ ഒരു ആകര്‍ഷണം. 

coorg-madikeri

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയും ഉള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്. മഴക്കാലത്ത് വഴുക്കല്‍ ഉണ്ടാവുന്നതിനാല്‍ അപകടങ്ങള്‍ പതിവാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ വനംവകുപ്പിന്‍റെ ടിക്കറ്റ് എടുക്കേണ്ടതുണ്ട്‌. 

2. കൊട്ടേബട്ട ട്രെക്കിങ് 

കൊട്ടേബട്ട എന്നാല്‍ 'കോട്ട മല' എന്നാണര്‍ത്ഥം. കുടകിലെ ഉയരം കൂടിയ കൊടുമുടികളില്‍ വച്ച് മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്. മദാപ്പൂരിലെ ഹട്ടിഹോളില്‍ നിന്നും ആരംഭിക്കുന്നത് മുതല്‍ വഴി നീളെ മനോഹരമായ കാഴ്ചകളാണ് ഈ ട്രെക്കിംഗ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. തോട്ടങ്ങളും പുല്‍മേടുകളും മരക്കൂട്ടങ്ങളുമെല്ലാം സ്വപ്നസമാനമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. 

coorg-Kotebetta

ഇരുപതു കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന വഴിയിലൂടെയുള്ള യാത്രക്ക് മൂന്നുദിവസം വേണം. ക്യാമ്പിംഗിനും ഇവിടം മികച്ചതാണ്, വേണ്ട സാമഗ്രികള്‍ കയ്യില്‍ കരുതണം. ഏറ്റവും മുകളില്‍ ഒരു ശിവക്ഷേത്രം കാണാം. ഇവിടെ നിന്നും നോക്കിയാല്‍ ദൂരെയായി, പുഷ്പഗിരി വന്യജീവി സങ്കേതത്തിന്‍റെ കാഴ്ച കാണാം. യാത്ര തുടങ്ങും മുന്‍പേ വനവകുപ്പിന്‍റെ അനുമതി വങ്ങേണ്ടതുണ്ട്.  ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്.

3. തടിയന്‍റമോള്‍ ട്രെക്കിങ്

കുടക് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുമാണ് മടിക്കേരി താലൂക്കിലെ ഭാഗമണ്ഡല റിസര്‍വ് വനത്തിലുള്ള തടിയന്‍റമോള്‍. ഈ പേരിന്‍റെ അര്‍ത്ഥം തന്നെ ' വലിയമല ' എന്നാണ്. സമുദ്രനിരപ്പില്‍നിന്ന് 1,748 മീറ്റര്‍ ഉയരത്തിലായാണ് തടിയന്‍റമോള്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. മൈസൂരില്‍ നിന്നും 140 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. 

coorg-trip

ഹുന്‍സൂര്‍, ഗോണിക്കുപ്പ വഴി വീരാജ്‌പേട്ടയിലെത്തിയ ശേഷം മടിക്കേരി റോഡിലൂടെ തലക്കാവേരി റോഡിലേക്ക് പ്രവേശിച്ച് കക്കബെ എത്തുന്നതിന് ഒന്നരകിലോമീറ്റര്‍ മുമ്പായി ഇടതുവശത്ത് പാലസ് സ്റ്റോപ്പ് എന്നൊരു സ്ഥലമുണ്ട്. ഇവിടെനിന്നാണ് തടിയന്‍റമോള്‍ കൊടുമുടിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അതിനു മുന്‍പേ സഞ്ചാരികള്‍ വനംവകുപ്പിന്‍റെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റ് വാങ്ങണം. മഞ്ഞുകാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവുമനുയോജ്യം.

4. ബ്രഹ്മഗിരി

വയനാട് ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് സമുദ്രനിരപ്പില്‍ നിന്നും 1608 മീറ്റർ ഉയരത്തിലുള്ള ബ്രഹ്മഗിരി മലനിരകള്‍. 'ദക്ഷിണ കാശി' അഥവാ 'തെക്കേ ഇന്ത്യയിലെ കാശി' എന്നെല്ലാം വിളിക്കുന്ന, പ്രശസ്തമായ തിരുനെല്ലി ക്ഷേത്രമാണ് ബ്രഹ്മഗിരിയുടെ പ്രധാന ആകര്‍ഷണം. 1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

കൂടാതെ മുനിക്കൽ ഗുഹയും ഇരുപ്പു വെള്ളച്ചാട്ടത്തിന്‍റെ സുന്ദരമായ കാഴ്ചയുമെല്ലാം ഇവിടെ കാണാം. തിരുനെല്ലിയിൽ നിന്ന് 11 കി.മീ സഞ്ചരിച്ചാല്‍ ബ്രഹ്മഗിരിയിൽ എത്താം. മാനന്തവാടിയിൽ നിന്ന് 29 കി.മീ. ദൂരമാണ് ബ്രഹ്മഗിരിയിലേക്കുള്ളത്. ഇരുപ്പു വെള്ളച്ചാട്ടത്തിനടുത്ത് നിന്നും 9 കിലോമീറ്ററും മുനിക്കൽ ഗുഹ പ്രദേശത്തു നിന്ന് 7 കിലോമീറ്ററൂം ദൂരം ട്രെക്കിംഗ് നടത്താം. ഇതിനായി വനം വകുപ്പിന്‍റെ പ്രത്യേക അനുവാദം വാങ്ങണം. 

5. ചെലവറ വെള്ളച്ചാട്ടവും കബ്ബെ മലനിരകളും 

കൂർഗിലെ ചിയന്ദാനെ ഗ്രാമത്തിലാണ്  ചെലവറ വെള്ളച്ചാട്ടം. കാവേരി നദിയില്‍ നിന്നുള്ള ജലം പാല്‍നുര പോലെ ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്. കാപ്പിത്തോട്ടത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനരികെ അപൂർവ പക്ഷികളെയും മനോഹരമായ കാട്ടുപൂക്കളുമെല്ലാം കാണാം. കബ്ബെ കുന്നുകളുടെ താഴ്വാരത്തിലാണ്, 150 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

കൂർഗിലെ ഏറ്റവും മനോഹരമായ നടപ്പാതകളിലൊന്നാണ് ചെലവറ വെള്ളച്ചാട്ടത്തിലേക്കും കബ്ബെ ഹിൽസിലേക്കുമുള്ള ട്രെക്ക്. വെള്ളച്ചാട്ടത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് മനോഹരമായ പുൽമേടുകള്‍ നിറഞ്ഞ കബ്ബെ ഹിൽസ്. കാട്ടിനുള്ളിലൂടെയാണ് ഈ യാത്ര. മൺസൂണിൽ വഴുക്കലും അപകടവും ഉണ്ടാകുമെന്നതിനാല്‍ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം. 

6. കുന്ദ ബേട്ട ട്രെക്കിങ്

പൊന്നാംപേട്ടിനടുത്തുള്ള കുന്ദ എന്ന ഗ്രാമത്തിലെ ഒരു ചെറിയ കുന്നാണ് കുന്ദ ബേട്ട. ഇതിന്‍റെ കൊടുമുടിയിലുള്ള ശിവക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ താഴ്വാരത്തിലുള്ള നെൽവയലുകളുടെയും അകലെയുള്ള കുന്നുകളുടെയും മനോഹരമായ കാഴ്ചകൾ കാണാം. പുൽത്തകിടിയിലൂടെ ആരംഭിക്കുന്ന യാത്രയുടെ അവസാനം, കുത്തനെയുള്ള മല കയറണം. “ദേശത്തിന്‍റെ സംരക്ഷകൻ” ആയിട്ടാണ് ഈ ക്ഷേത്രത്തിലെ ശിവനെ പ്രദേശവാസികള്‍ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ, ക്ഷേത്രത്തിന്‍റെ വാർഷിക ഉത്സവമാണ് ഈ സ്ഥലം സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. മഴക്കാലത്ത് വഴുക്കല്‍ ഉണ്ടാവുന്നതിനാല്‍ യാത്ര അപകടകരമാണ്. 

English Summary: Places To Visit In Coorg 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com