ADVERTISEMENT

മാസങ്ങളായി വീട്ടിലിരിപ്പാണ്. 2017 മുതൽ വർഷത്തിൽ രണ്ടു തവണയെങ്കിലും യാത്ര പതിവുള്ളതാണ്. പ്രത്യേകിച്ചു ഹിമാലയ സാനുക്കളിലേക്ക്.. ലോക്ഡൗൺ ആയപ്പോഴേക്കും ഹിമാലയം മാടി വിളിച്ചു തുടങ്ങി. എങ്ങനെയെങ്കിലും യാത്ര പോകണം. എന്നാൽ, കൊറോണയെ പേടിയുണ്ടുതാനും. ഈ ചിന്തയാണ് മുഹമ്മദ് ജാബിർ എന്ന യുവ അനിമേറ്ററെ വർക്ക് അറ്റ് ട്രാവൽ എന്ന കിടിലൻ ആശയത്തിലേക്കെത്തിച്ചത്. കൂട്ടിന് ചങ്ക് സുഹൃത്ത് ഖാദർ ഖാനെയും ഒപ്പം കൂട്ടി. അവസാന നിമിഷം തിരുവനന്തപുരം സ്വദേശിയായ റാഷിദ് ഒപ്പം ചേർന്നു. പത്രപ്രവർത്തകൻകൂടിയായ റാഷിദ് മുൻപും ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട്. കൊച്ചി കളമശ്ശേരി സ്വദേശികളാണ് മുഹമ്മദ് ജാബിറും ഖാദർ ഖാനും. 

വർക്ക് @ ട്രാവൽ എന്ന ആശയം കൊണ്ടുനടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ബെംഗളൂരുവിലെ അനിമേഷൻ ജോലിയുടെ തിരക്കുകൾ മാറ്റിവച്ചു നാലു വർഷമായി സോളോ യാത്രകൾ ചെയ്യാറുണ്ട്. 

caravan-travel2

സുരക്ഷിത യാത്ര എന്ന ആശയം ട്രാവലറിൽ എത്തി. ഇതാകുമ്പോൾ കാഴ്ചകൾ കാണാം, ജോലിയും നടക്കും, ശാരീരിക അകലം പാലിക്കപ്പെടുകയും ചെയ്യും. വിഷയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവരും ഓക്കെ. ഫാത്തിമയാണ് ജാബിറിന്റെ ഭാര്യ. രണ്ടു കുട്ടികളുണ്ട്. തിരിച്ചെത്തിയ ശേഷം സ്വന്തമായി വർക്‌ഷോപ്പ് ആരംഭിക്കാനിരിക്കുകയാണ് ഖാദിർ. 

വണ്ടിവീട്

ആദ്യം ഒരു സെക്കൻഡ്ഹാൻഡ് ഫോഴ്സ് ട്രാവലർ വാങ്ങി. ഖാദർ മെക്കാനിക്കാണ്. രണ്ടുപേരും കൂടി ഇന്റീരിയർ ഡിസൈൻ ചെയ്തു. ഉള്ളിലെ സീറ്റ് അഴിച്ചുമാറ്റി അതേ അളവിൽത്തന്നെ ഓടുന്ന വീടിനു വേണ്ട സൗകര്യങ്ങൾ റെഡിയാക്കി. ബെഞ്ച് ടൈപ്പ് ബെഡ്, ടേബിൾ, ജോലിചെയ്യാൻ പ്രത്യേക വർക്ക് സ്പെയ്സ്, വൈഫൈ കണക്റ്റിവിറ്റി, ചെറിയ ഫ്രിഡ്ജ്, കുക്കിങ് ഗ്യാസ്, വാഷ് ബേസിൻ, സ്റ്റോറേജ് ഏരിയ, ഡ്രെസ് ഡ്രോ, പോർട്ടബിൾ ടോയ്‌ലറ്റ് തുടങ്ങിയവയെല്ലാം സെറ്റ് ആക്കി. യാത്ര കഴിഞ്ഞാൽ വേണമെങ്കിൽ എല്ലാം അഴിച്ചുമാറ്റി പഴയപോലെയാക്കാം. ഊർജാവശ്യങ്ങൾക്കായി പ്രത്യേക ബാറ്ററിയും വച്ചിട്ടുണ്ട്. ഇന്റീരിയർ വർക്കിന് ഒരുലക്ഷത്തോളം രൂപ ചെലവായി.  

caravan-travel3

ലക്ഷ്യമില്ലാ യാത്ര

ജനുവരി 2ന് കൊച്ചിയിൽനിന്നു ഹിമാചൽപ്രദേശിലേക്ക് വച്ചുപിടിച്ചു. ഇടത്താവളമൊന്നും ഇല്ലാത്തതിനാൽ ദിവസേന ശരാശരി 300 കിമീ സഞ്ചരിച്ചു. ഒരാൾ ഡ്രൈവ് ചെയ്യുമ്പോൾ മറ്റേ ആൾ ജോലി ചെയ്യും. രാത്രി സുരക്ഷിതമായി എവിടെയെങ്കിലും നിർത്തി വിശ്രമിക്കും. രാവിലെ യാത്ര തുടങ്ങുന്നതിനു മുൻപ് വണ്ടി കണ്ടീഷനാണോ എന്നുറപ്പാക്കുന്നത് ഖാദറിന്റെ ജോലി. പാചകമെല്ലാം വാഹനത്തിൽത്തന്നെ. ഒന്നുരണ്ടു മാസത്തേക്കുള്ള സാധനങ്ങൾ കരുതിയിട്ടുണ്ട്. മൂവർസംഘത്തിന്റെ ആകെ ഒരു വീക്നെസ് ചായയാണ്. ഓരോ നാട്ടിലെത്തുമ്പോഴും വഴിയരികിലെ ചായപ്പീടികയിൽനിന്നു ചായരുചി ആസ്വദിക്കും. 

മഞ്ഞു യാത്ര

ഹിമാചൽ പ്രദേശിലെ ഡ്രൈവിങ് പുതിയ അനുഭവമായിരുന്നു. നാട്ടിലെ രീതിയിൽ ഇവിടെ ഡ്രൈവ് ചെയ്താൽ അപകടം ഉണ്ടാകും. ഇവിടെ ഓടിക്കുമ്പോൾ ടയറിലെ എയർ പ്രഷർ കുറച്ച് കുറവായിരിക്കണം. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം റോഡിലെ ബ്ലാക്ക് ഐസ് ആണ്. തുടർച്ചയായി മ‍‍ഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ മഞ്ഞ് ഉറച്ചു റോഡിൽ പാളികളായി പറ്റിപ്പിടിക്കും. ഒറ്റനോട്ടത്തിൽ റോഡിൽ മഞ്ഞുള്ളതായി തോന്നില്ല. 

caravan-travel1

പക്ഷേ, വാഹനം ഓടിക്കുമ്പോൾ തെന്നിപ്പോകും. രാവിലെയും രാത്രിയും റോഡിൽ ബ്ലാക്ക് ഐസ് ഉണ്ടാകും. അതിനാൽ അതിരാവിലെയും രാത്രിയും യാത്ര ഒഴിവാക്കി. ബ്രേക്ക് മാത്രം ഉപയോഗിക്കാതെ ഗിയർ ഫ്രിക്‌ഷൻ കൂടി ഉപയോഗിച്ചാണ് ഇറക്കം ഇറങ്ങിയത്. ഹിമാചലിൽ എത്തിയശേഷം കോഴിക്കോട്ടുകാരൻ ബാബ്സ് സാഗറിന്റെ കൂട്ടുകിട്ടി. യാത്രികനും ഡോക്ടറുമാണെങ്കിലും കൃഷിയിൽ താൽപര്യം മൂലം 22 വർഷങ്ങളായി ഹിമാചലിലാണ് ബാബുക്കാന്റെ താമസം. സ്ഥലം സുപരിചിതമായതിനാൽ വഴികാട്ടിയായി അദ്ദേഹം മൂവർ സംഘത്തോടൊപ്പം ചേർന്നു.

caravan-travel4

അവസാന ഗ്രാമം

ഹിമാചലിൽ ഇന്തോ–ടിബറ്റൻ അതിർത്തിയിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. ഇന്ത്യയിലെ അവസാന ഗ്രാമമായ ചിത്കുലിൽ അന്നുരാത്രി കഴിച്ചുകൂട്ടി. –150 ആയിരുന്നു ഊഷ്മാവ്. പിന്നീട് കുനു, സെരൻ ഗ്രാമങ്ങളിലൂടെയായി യാത്ര. നൂറ്റാണ്ടുകൾ പഴക്കമുള്ള ചാരാങ് മൊണാസ്ട്രിയിലേക്കുള്ള റോഡ് പണിതിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ഭൂമിക്കുള്ളിലേക്ക് ഇറങ്ങിപ്പോകുന്നതുപോലുള്ള വീടുകളാണിവിടെ. ഹിമാചലിലെ ഏറ്റവും അപകടം പിടിച്ച റോഡുകളും ഇവിടെത്തന്നെ. ഒന്നു തെറ്റിയാൽ നിലയില്ലാക്കയത്തിലെത്തും... ജാബിർ പറയുന്നു. 

caravan-travel5

വണ്ടിവീടായതുകൊണ്ട് ഏതു കുഗ്രാമത്തിൽ പോയാലും താമസിക്കാൻ ഇടം നോക്കി അലയേണ്ടതില്ല. ഭക്ഷണവും പ്രശ്നമല്ല. എവിടെയാണോ എത്തുന്നത് അവിടെ കിടക്കാം. ടെൻഷനടിക്കാതെ ഫ്രീയായി യാത്ര ആസ്വദിക്കാം. രണ്ടു, മൂന്നു മാസംകൊണ്ടു പറ്റുന്നിടത്തോളം കറങ്ങാനാണു മൂവർ സംഘത്തിന്റെ പദ്ധതി.

English Summary: Work at Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com