ADVERTISEMENT

ബംഗാൾ ഹൈവേകൾ ഗംഭീരമാണ്. ആറുവരി പാതകൾ. പക്ഷേ, കുറച്ചു ദൂരം തടസ്സമില്ലാതെ സഞ്ചരിക്കാമെന്നു കരുതിയാൽ നടപ്പില്ല. ഇടയ്ക്കിടെ ഫ്ളൈഓവറിന്റെയോ മറ്റോ പണി. ഏതു റൂട്ടിൽ പോയാലും മാർഗതടസ്സം നിഷ്ഠ പോലെ നടക്കുന്നു. ആകെ പൊടിപാറും എന്നതാണ് ഈ തടസ്സങ്ങളിലെ വലിയ വെല്ലുവിളി. ചിലപ്പോൾ വഴിയൊക്കെ ഊഹിച്ചു പോകേണ്ടി വരും.

2Roads-to-Mirick
ബംഗാള്‍ സിലിഗുഡിയില്‍ നിന്നും മിറിക്കിലേക്കുള്ള വളഞ്ഞുപുളഞ്ഞ പാതകള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

എന്നാലും പോകുന്നത് സിലിഗുഡിയും ഡാർജിലിങ്ങും പോലുള്ള മലയോരങ്ങളിലേക്കാണെന്ന് ഓർത്താൽ വഴിയിൽ ഭയവും പൊടിയും തോന്നില്ല. മിറിക് എന്നൊരു ദേശമുണ്ട്. ചുരങ്ങളേറെ കയറിച്ചെല്ലുന്ന മനോഹരമായ ഉയരം. തിരഞ്ഞെടുപ്പു വിശേഷമൊന്നും ഏറെയില്ല അവിടെ. ബംഗാളിൽ ഗിരിവർഗ രാഷ്ട്രീയം ആകെയുള്ളത് ഈ മേഖലയിലാണെന്നു പറയാം. പക്ഷേ, മലമടക്കുകളിൽ അങ്ങിങ്ങു കഴിയുന്ന ജനങ്ങളുടെ ശ്രദ്ധയിൽ അതൊന്നുമില്ല. താഴ്‌വരകളിൽനിന്ന് ഏറെ അകലെ കഴിയുന്ന അവർ ദൈനംദിന അത്യാവശ്യങ്ങളിൽ മാത്രം മുഴുകി കഴിയുന്നു.

3I-love-mirik
മിറിക്കിലേക്കുള്ള പാതയില്‍ ടിങ്‌ലിങ്ങിലെ വ്യൂ പോയിന്റ്. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

സിലിഗുഡി നഗരത്തിൽനിന്നു 10 കിലോമീറ്ററോളം അകലെ ദുധിയ എന്ന സ്ഥലത്തെ ഇരുമ്പുപാലം കടന്നാൽ മലകയറ്റം തുടങ്ങാം.  ബാലാസൻ നദിയിലാണു പാലം. അവിടെനിന്ന് 28 കിലോമീറ്റർ ചുറ്റിയെത്തുന്ന ഉയരത്തില്‍ മിറിക്. മലകളെ വലംവച്ചു പോകണം. വീതി കുറഞ്ഞ വഴിയാണ്. എങ്കിലും അത്ര അപകടകരമല്ല. കൊക്കകളുടെ ഭാഗത്ത് ഇരുമ്പിലോ കോൺക്രീറ്റിലോ തീര്‍ത്ത സംരക്ഷണമുണ്ട്.

4mirik-houses
മിറിക്കിലേക്കുള്ള പാതയോരത്തുനിന്നും താഴ്‌വാരത്തെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

വലിയ വാഹനങ്ങളുടെ പെരുമാറ്റം ഈ വഴിയിലൊന്നുമില്ല. അതിനുള്ള ഇടമില്ല മലമ്പാതകൾക്ക്. ചെറിയ കാരിയർ വാഹനങ്ങളിലാണ് പൊതുഗതാഗതം. അവയിൽ എപ്പോഴും നിറയെ യാത്രക്കാരുണ്ട്. തുടരെ ഹോൺ മുഴക്കി പോകണം. മലമ്പാതകളിൽ പതിവായി ഓടുന്ന വാഹനങ്ങൾക്ക് വേഗം കൂടുതലാണ്. ഡ്രൈവർമാർ അഭ്യാസികളാണ്.

55mirik-lake-and-horse
മിറിക് തടാകത്തില്‍ മീന്‍ കാത്തിരിക്കുന്ന പക്ഷികളും കരയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന കുതിരകളും. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

സിലിഗുഡിയിൽ വേനൽച്ചൂടായിരുന്നു. അത്ര കടുത്തതല്ലെന്നു മാത്രം. മിറിക്കിലേക്കുള്ള മലകയറ്റത്തിൽ ചൂട് കുറഞ്ഞു വരുന്നത് അനുഭവിക്കാം. വണ്ടിയുടെ ചില്ലു താഴ്ത്തി വച്ചാൽ ശുദ്ധവായു ശ്വസിക്കു കയറാം. എത്ര വളവുകൾ, എത്ര കയറ്റങ്ങൾ, എത്ര ദൂരം, … അതൊന്നും അളക്കാൻ നിൽക്കരുത്. പുറത്തേക്കു നോക്കിയാൽ മനോഹരമായ കാഴ്ചകളാണ്. കയറിപ്പോന്ന വഴികൾ താഴെ നാട പോലെ വളഞ്ഞു കിടക്കുന്നതു കാണാം. ഇടയ്ക്കിടെ കോടമഞ്ഞിറങ്ങുമ്പോൾ കാഴ്ച മങ്ങും.

7mirik-shore-park
മിറിക് തടാകവും സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

മിക്ക മലകളിലും തേയിലത്തോട്ടങ്ങളുണ്ട്. വഴിയിലെല്ലാം തേയില നുള്ളാൻ പോകുന്ന സ്ത്രീകള്‍. അവരുടെ മുതുകിൽ കൊളുന്തു നിറച്ച വലിയ കൊട്ടകൾ. അതിന്റെ വള്ളി തലയിലൂടെ. കൊളുന്തു സഞ്ചി മാത്രമല്ല, അത്യാവശ്യ സാധനങ്ങൾ കൊണ്ടുപോകാനുള്ള മറ്റു സഞ്ചികളും അവർ ഇങ്ങനെ ചുമക്കുന്നു.

8mirik-fish-die
മിറിക് തടാകത്തില്‍ ശ്വാസംകിട്ടാതെ പിടഞ്ഞു ചാകുന്ന മീന്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

കുറേ ചുറ്റിയെത്തിയപ്പോൾ റോഡരികിൽ ‘ഐ ലവ് മിറിക്’ എന്നു കൂറ്റൻ നിർമിതി. അതിനു മുന്നിൽനിന്നു ചിത്രമെടുക്കുന്നവരുടെ തിരക്ക്. തണുപ്പ് അരിച്ചെത്തുന്നു. താഴെ മലമടക്കുകളും ചില മൂലകളിലെ വീടുകളും ചെറിയ കടകളും.

9Snow-lake
കോവിഡ് പ്രതിസന്ധിയില്‍ ബോട്ടിങ് ഇല്ലാതായ മിറിക് തടാകത്തില്‍ കോടമഞ്ഞിറങ്ങിയപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

മിറിക്കിൽ നിർമാണങ്ങൾ പ്രകൃതിയെ ഒട്ടും ഉപദ്രവിക്കാതെയാണ്. മലയിടിച്ച് അവർ വീടിനു വിസ്തൃതി കൂട്ടുന്നില്ല. മല എങ്ങനെയോ അതിനോടിണങ്ങുന്ന വീടുകൾ. ഒരു വീട് രണ്ടോ മൂന്നോ ‘നിലകൾ’ വരെ അങ്ങനെ വഴങ്ങി നിൽക്കുന്നു.

10mirik-dogs-fight
മിറിക് നഗരത്തില്‍ കുതിരയുമായി പോരിനിറങ്ങിയ തെരുവുനായ്ക്കള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

മിറിക്കിന്റെ ‘കൊടുമുടി’യിലേക്ക് വഴിയേറെ പോകാനുണ്ട്. തണുപ്പുണ്ടെങ്കിലും തെളിമയുള്ള കാഴ്ചകൾ. മലയുടെ ഉച്ചിയിലെത്തുന്നതിനു കുറച്ചു മുൻപ് റോഡ് രണ്ടായി പിരിയുന്നു. വഴി പറഞ്ഞു തരാൻ പൊലീസുണ്ട്.

നേരെ എത്തുന്നത് മിറിക് ലേക്ക് എന്ന തടാകക്കരയിലാണ്. അവിടമാണ് മിറിക് യാത്രയുടെ അവസാനം. വേനലിൽ തടാകത്തിലെ വെള്ളത്തിന് ഒട്ടും തെളിച്ചമില്ല. കലങ്ങി തവിട്ടായി കിടക്കുന്നു. കോവിഡും വേനലും കാരണം ബോട്ടിങ്ങും മറ്റും ഇല്ല.

11mirik-entrance-park
മിറിക് പാര്‍ക്കിന്റെ പ്രവേശനകവാടം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

വലിയ മൈതാനം, തടാകത്തിനക്കരെയുള്ള വനത്തിലേക്കൊരു പാലം, കുതിര സവാരി. ഇതൊക്കെയാണ് മിറിക്കിലെ ആകർഷണം. കമ്പിളി വസ്ത്രങ്ങളും തൊപ്പികളും കൗതുക വസ്തുക്കളുമൊക്കെ വിൽക്കുന്ന കടകളുണ്ട്. യാത്രയുടെ ഓർമയ്ക്കായി സാധനങ്ങൾ വാങ്ങുന്നവർ കടകളിൽ കയറിയിറങ്ങുന്നു. ചെറിയ റസ്റ്ററന്റുകളുണ്ട്. നല്ല ഭക്ഷണം, നന്നായി പെരുമാറുന്ന കടക്കാർ.

നോക്കിനിൽക്കെ കാഴ്ച മറയുന്നു. നേരിയ ഇരുട്ടും. തണുപ്പ് ഓടിക്കയറി വന്നു. അൽപം കഴിഞ്ഞപ്പോൾ കാഴ്ചകൾ വീണ്ടും തെളിഞ്ഞു. പക്ഷേ, തണുപ്പ് തടാകത്തിന്റെ ചുറ്റുവട്ടത്ത് കുടിപാർക്കുന്നു. ലൈറ്റുകൾ തെളിച്ചു വേണം മലയിറക്കം. മഞ്ഞും ചെറിയ ഇരുട്ടുമുണ്ട്. യാത്രയാക്കാനെന്നപോലെ കുറച്ചു വളവുകൾ വരെ തണുപ്പ് ഒപ്പം വന്നു.

English Summary: West Bengal Travelogue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com