ADVERTISEMENT

ഭയം തീരെയില്ലാത്തവരാണോ നിങ്ങൾ? എങ്കിലിതാ അദ്ഭുതവും സംഭ്രമവും ഒരുപോലെ ജനിപ്പിക്കുന്ന ഒരു കാഴ്ച. നിഗൂഡതകൾ ഏറെ ഒളിച്ചിരിക്കുന്ന ഒരു സെമിത്തേരിയാണ് സ്ഥലം, പേടിപ്പെടുത്തുന്ന എന്താണ് ലോഥിയൻ സെമിത്തേരിയിൽ എത്തുന്നവരെ കാത്തിരിക്കുന്നതെന്നു നോക്കാം.

ഡൽഹിയിൽ കാശ്മീരി ഗേറ്റിനോട് ചേർന്നാണ് ലോഥിയൻ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. അൽപം ഭയത്തിന്റെ മേമ്പൊടിയുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവരെ കാത്തിരിക്കുകയാണ് ഈ സെമിത്തേരി. വളരെ പഴക്കം ചെന്ന ഇവിടം വാർത്തകളിൽ നിറയുന്നത് ചില വ്ലോഗർമാരുടെ ലൈവ് സംപ്രേക്ഷണത്തിലൂടെയാണ്. നേരം അർധരാത്രിയോടടുക്കുമ്പോൾ ആണ് ഈ സെമിത്തേരിയിൽ ഭയപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറുന്നത്. നായ്ക്കൾ വലിയ ശബ്ദത്തിൽ ഓരിയിടുകയും മൂങ്ങകൾ മൂളുകയും ചെയ്യുമ്പോൾ തലയില്ലാത്ത പുരുഷ ശരീരം സെമിത്തേരിയിലൂടെ നിലവിളിച്ചുകൊണ്ട് ഓടുന്നതായി  വ്ലോഗർമാർ വിഡിയോ സഹിതം സാക്ഷ്യപ്പെടുത്തുന്നു.

വ്ലോഗർമാർക്കു പുറകെ വാർത്തയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനായി ലോഥിയനിലെത്തിയ മാധ്യമപ്രവർത്തകർക്കു നിരാശയായിരുന്നു ഫലം. നായ്ക്കൾ ഓരിയിടുകയും മൂങ്ങകൾ മൂളുകയും ചെയ്തുവെങ്കിലും തലയില്ലാത്ത ജോൺ നിക്കോളാസിന്റെ പ്രേതം മാത്രം വന്നുമില്ല ആരും കണ്ടുമില്ല. എങ്കിലും പേടിപ്പെടുത്തുന്ന ഈ സംഗതിയറിയാനായി ഇവിടെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.

കഥ ഇങ്ങനെ

Lothian-Cemetery-delhi3

കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ എത്തിയവരെ കാത്തിരുന്നത് ബ്രിട്ടീഷ് ജനറലായിരുന്ന ജോൺ നിക്കോളാസിന്റെ ശവക്കല്ലറയാണ്. ബ്രിട്ടീഷ് ഭരണകാലത്തു ഇന്ത്യയിൽ സൈനികനായിരുന്നു ജോൺ നിക്കോളാസ്. ഡൽഹിയിൽ വച്ച് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായ ജോൺ, അവളെ വിവാഹം ചെയ്യാൻ അതിയായി ആഗ്രഹിക്കുകയും തന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അനുമതി തേടുകയും ചെയ്തു. എന്നാൽ ജോണിന്റെ താൽപര്യം അംഗീകരിക്കാൻ കുടുംബാംഗങ്ങൾ തയാറായില്ല. മാത്രമല്ല, മേലുദ്യോഗസ്ഥരും കുടുംബവും ആ ബന്ധത്തിൽ നിന്നു പിന്തിരിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തു.

നിരാശനായ ജോൺ തന്റെ സർവീസ് റിവോൾവറിൽ നിന്നും സ്വയം വെടിയുതിർത്തു മരണം പൂകി. ലോഥിയൻ സെമിത്തേരിയിലാണ് ജോൺ നിക്കോളാസിന്റെ മൃതദേഹം അടക്കിയത്. തന്റെ പ്രേയസിയുടെ പേരും ഉച്ചരിച്ചുകൊണ്ടു ശവക്കല്ലറകൾക്കിടയിലൂടെ ഓടുന്ന തലയില്ലാത്ത മനുഷ്യരൂപം ജോണിന്റെയാണെന്നാണ് ഇവിടെയെത്തുന്നവർ വിശ്വസിക്കുന്നത്.

Lothian-Cemetery-delhi

ബ്രിട്ടീഷ് ഭരണത്തെ എതിർത്തുകൊണ്ടു നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ മരണമടഞ്ഞ സൈനികരുടെയും കോളറ പടർന്നു പിടിച്ചപ്പോൾ മരണമടഞ്ഞ ഇംഗ്ലീഷുകാരുടെയുമടക്കം ആയിരക്കണക്കിനു മൃതദേഹങ്ങൾ അടക്കിയ ഇടമാണ് ലോഥിയൻ സെമിത്തേരി. 

മൃതദേഹങ്ങൾ കുമിഞ്ഞു കൂടിയപ്പോൾ 1960 ഓടെ ഇവിടെ ശവസംസ്‌കാരം നടത്തുന്നത് സർക്കാർ ഔദ്യോഗികമായി നിർത്തലാക്കി. എത്രയെന്നു നിശ്ചയമില്ലാത്ത അത്രയും മൃതശരീരങ്ങളാണ് കലാപത്തിലും കോളറകാലത്തും ഇവിടെ അടക്കം ചെയ്തത്. അക്കാലത്താണ് ആദ്യമായി ജോൺ നിക്കോളാസിന്റെ പ്രേതം ലോഥിയൻ സെമിത്തേരിയിൽ പ്രത്യക്ഷപ്പെട്ടത്. ശാന്തികിട്ടാത്ത ദുരാത്മാവ്, തലയില്ലാത്ത മനുഷ്യ ഉടലുമായി കല്ലറയിലൂടെ അലഞ്ഞുതിരിയുന്നുവെന്നു വാർത്ത പരക്കുകയും പ്രേത ഭയത്താൽ ആളുകൾ സെമിത്തേരിയുടെ പരിസരത്തേക്ക് വരാതെയാകുകയും ചെയ്തു.

പുരാവസ്തു വകുപ്പിനു കീഴിലാണ് സെമിത്തേരി ഇപ്പോൾ. രാവിലെ ഒമ്പതു മണി മുതൽ അഞ്ചു മണി വരെ സൗജന്യമായി ഇവിടം സന്ദർശിക്കാവുന്നതാണ്.

English Summary: Lothian Cemetery, a haunted Place of Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com