ADVERTISEMENT

സംസ്‌കാരവും വൈവിധ്യവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഏപ്രില്‍ 18 ന് ലോക പൈതൃക ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള, പഴമയും ചരിത്രവും ഇഴചേർന്ന പൈതൃകകാഴ്ചകളിലേക്ക് യാത്ര ചെയ്യുന്നവരും കുറവല്ല.

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായത്രി അരുണിന് ഏറ്റവും ഇഷ്ടം പൈതൃക പട്ടികയിലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളാണ്. യാത്രകൾ എവിടേക്കാണെങ്കിലും അത്തരം പുരാതനമായ കോട്ടയോ കൊട്ടാരമോ കാണാന്‍ സമയം കണ്ടെത്താറുണ്ടെന്ന് താരം പറയുന്നു. കൊറോണകാലത്ത് നടത്തിയ ആഗ്ര- ഗ്വാളിയര്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗായത്രി.

Gayathri-Arun-trip1-image-845-440

ഇഷ്ടമാണ് ഹെറിറ്റജ‍് യാത്ര

ഗായത്രിയുടെ സഹോദരിയും കുടുംബവും ആഗ്രയിലാണ് താമസിക്കുന്നത്. അവിടെ എത്തിയാൽ താനും ഭർത്താവ് അരുണും കാറുമെടുത്ത് അന്നാട്ടിലെ കാഴ്ചകൾ ആസ്വദിക്കുവാനായി പോകാറുണ്ടെന്നും അങ്ങനെയാണ് ഗ്വാളിയര്‍ കോട്ട കാണാന്‍ പോയതെന്നും ഗായത്രി. ‘അരുണിന് യാത്ര  ഭയങ്കര ഇഷ്മാണ്, അതും സ്വന്തം വാഹനത്തിൽ. ദൂരം ഒരു പ്രശ്നമേയല്ല. ഞങ്ങള്‍ ഗ്വാളിയര്‍ ആണെന്ന് കരുതി ആദ്യമെത്തിയത് മറ്റൊരിടത്തായിരുന്നു.കാട്ടിലൂടെയുള്ള വഴിയിലെങ്ങും ആരുമില്ല. കുറെചെന്നപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ അമ്പലങ്ങളും കുറേ പുരാതന അവശിഷ്ടങ്ങളും കണ്ടു. ഞങ്ങള്‍ ആദ്യം കരുതിയത് ഇതാണ് ഗ്വാളിയര്‍ കോട്ടയെന്നായിരുന്നു. എന്നാല്‍ ആരെയും കാണാതായതോടെ സംശയമായി. വീണ്ടും മുന്നോട്ട് പോയപ്പോഴാണ് യഥാര്‍ഥ കോട്ടയെത്തിയത്. സംരക്ഷിക്കപ്പെടാതെ കിടക്കുന്ന നിരവധി പൈതൃക ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. 

Gayathri-Arun-trip6-image-845-440

ഗ്വാളിയര്‍ എന്ന വാസ്തുവിദ്യാ അദ്ഭുതം

മുഗള്‍ ചക്രവര്‍ത്തി ബാബര്‍ എഴുതിയതുപോലെ ഇന്ത്യയിലെ കോട്ടകള്‍ക്കിടയിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്വാളിയര്‍ കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണ്. മധ്യപ്രദേശിലെ ഗ്വാളിയറിനടുത്തുള്ള പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന, നഗരത്തിന്റെ സ്വത്വത്തിന്റെയും വാസ്തുവിദ്യയുടെയും ഭാഗമായ കോട്ട ഏത് കാലത്താണ് നിര്‍മിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഏതാണ്ട് ആറാം നൂറ്റാണ്ടു മുതല്‍ നിലനില്‍ക്കുന്നുണ്ട്. വിസ്മയിപ്പിക്കുന്നതും സങ്കീര്‍ണ്ണവുമായ കൊത്തുപണികളുള്ള മതിലുകള്‍, മനോഹരമായ താഴികക്കുടങ്ങള്‍, ഭീമാകാരമായ കോട്ടവാതില്‍ എന്നിവ കാലത്തിന്റെ പരീക്ഷണത്തെ ചെറുത്ത് ഇന്നും ആരെയും അമ്പരിപ്പിക്കുന്ന തലയെടുപ്പോടെ നില്‍ക്കുന്നു.

ഗ്വാളിയര്‍ കോട്ടയുടെ ചരിത്രം

വിദഗ്ധരുടെ അഭിപ്രായത്തില്‍, കോട്ട കൃത്യമായി എപ്പോള്‍ നിര്‍മിച്ചു എന്നതിന് തെളിവുകളൊന്നുമില്ല. എങ്കിലും പ്രാദേശിക ഐതിഹ്യമനുസരിച്ച്, കോട്ട ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ പ്രാദേശിക രാജാവായ സൂരജ് സെന്‍ നിര്‍മിച്ചതാണ്. അക്കാലത്ത് അദ്ദേഹത്തിന് കുഷ്ഠരോഗം പിടിപെടുകയും ഗ്വാലിപ എന്ന സന്യാസി, ഇപ്പോള്‍ കോട്ട സമുച്ചയത്തിനകത്ത് സൂരജ് കുണ്ഡ് എന്നറിയപ്പെടുന്നിടത്തുനിന്നു വെള്ളമെടുത്ത് രാജാവിന് നല്‍കി. സുഖം പ്രാപിച്ച രാജാവ് അദ്ദേഹത്തിന് നന്ദി പറയാനുള്ള വഴിയായി കോട്ടയ്ക്കും പട്ടണത്തിനും വിശുദ്ധന്റെ പേരിട്ടു. ഇത് കോട്ടയുമായി ബന്ധപ്പെട്ട ഒരു കഥ മാത്രമാണ്. ഇതിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ നമുക്ക് ഇത്തരം നിരവധി കഥകള്‍ വേറെയും അറിയാനാകും. 

Gayathri-Arun-trip-image-845-440

നൂറ്റാണ്ടുകളായി, ഗ്വാളിയര്‍ കോട്ട അസംഖ്യം കൈകളിലൂടെ കടന്നുപോയിട്ടുണ്ട്.ഹന്‍സ്, ഖുതുബ്-ഉദ്-ദിബാക്ക്, അക്ബര്‍, തോമര്‍, മറാഠാ അങ്ങനെ. സിഖ് ചരിത്രം കണക്കിലെടുക്കുകയാണെങ്കില്‍, ജഹാംഗീറിന്റെ ഭരണകാലത്ത് ഗുരു ഹര്‍ഗോബിന്ദിനെ ഇവിടെ ബന്ദിയാക്കിയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, നഗരവും ഗ്വാളിയര്‍ കോട്ടയും ബ്രിട്ടിഷുകാരും സിന്ധ്യരും തമ്മിലുള്ള തര്‍ക്കത്തിന്റെ പ്രധാനകണ്ണിയായും മാറിയിരുന്നു.

Gayathri-Arun-trip5-image-845-440

 

നേരത്തെ സൂചിപ്പിച്ചതുപോലെ, ഗ്വാളിയര്‍ കോട്ട വ്യത്യസ്ത ഭരണാധികാരികളുടെ കൈവശമിരുന്നതാണ്. മുഗളന്മാര്‍ തങ്ങളുടെ ഭരണകാലത്ത് ഈ കോട്ടയെ ജയിലായിട്ടുപോലും ഉപയോഗിച്ചു. പക്ഷേ അത് രാജകുടുംബത്തിൽ പെട്ടവർക്കുള്ള ജയിലായിരുന്നുവെന്നുമാത്രം. ഉദാഹരണത്തിന്, അക്ബറിന്റെ ബന്ധുവിനെ ഇവിടെ പാര്‍പ്പിക്കുകയും പിന്നീട് വധിക്കുകയും ചെയ്തു. കൂടാതെ, ഔറംഗസീബിന്റെ സഹോദരന്മാരില്‍ പലരും ഇവിടെ വധിക്കപ്പെട്ടു. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളുടെ കാര്യത്തില്‍ ഭരണാധികാരികള്‍ മാറുന്നതിനനുസരിച്ച് കാലാകാലങ്ങളില്‍ ഗ്വാളിയര്‍ കോട്ട മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. 

Gayathri-Arun-trip4-image-845-440

പൂജ്യവും ടാന്‍സെനും ഗ്വാളിയര്‍ കോട്ടയും 

പൂജ്യത്തിനും ഗ്വാളിയര്‍ കോട്ടയ്ക്കും തമ്മില്‍ എന്താണ് ബന്ധമെന്നാണോ. പൂജ്യം നമ്മള്‍ ഇന്ത്യക്കാരാണ് കണ്ടുപിടിച്ചതെന്ന് അറിയാമല്ലോ.ഗ്വാളിയറിലെ ഒരു ക്ഷേത്രത്തിന്റെ ചുവരുകളിലാണ് പൂജ്യത്തിന്റെ ഏറ്റവും പഴയ രൂപം നമുക്ക് കാണാനാവുക. ഈ ലിഖിതത്തിന് ഏകദേശം 1500 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അതുപോലെ ടാന്‍സെനും ഗ്വാളിയര്‍ കോട്ടയുമായും ഒരു ബന്ധമുണ്ട്. കോട്ടയില്‍ ഒരു പുളിമരമുണ്ട്. അക്കാലത്തെ ഏറ്റവും മികച്ച സംഗീതജ്ഞനായിരുന്ന ടാന്‍സനാണ് ഈ വൃക്ഷം നട്ടുവളര്‍ത്തിയതെന്നാണ് കരുതുന്നത്. ആ വൃക്ഷത്തിന്റെ ഇലകള്‍ തിന്നുന്നവരുടെ ശബ്ദം ടാന്‍സന്റെ ശബ്ദം പോലെ മധുരമാകുമെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾ ഈ പുളിയില കഴിക്കാറുണ്ട്. 

ആഗ്ര, ഗ്വാളിയര്‍ പോലെയുള്ള തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൃത്യമായി സംരക്ഷിച്ചും പരിപാലിച്ചും പോരുന്നതുകൊണ്ടാണ് അവയൊക്കെ ഇന്നും കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നത്. എന്നാല്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിസ്മൃതിയിലാണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന അനേകം ചരിത്രയിടങ്ങള്‍ രാജ്യത്തെമ്പാടുമുണ്ട്. അവയൊക്കെ സംരക്ഷിക്കപ്പേടണ്ടവയാണെന്ന് ആ യാത്രയില്‍ നിന്നു തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് ഗായത്രി പറയുന്നു.

English Summary: Celebrity Travel, Gayathri Arun Heritage Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com