ചുരുങ്ങിയ ചെലവിൽ താമസിക്കാം; ഇൗ സുന്ദരനാട്ടിലേക്ക് രണ്ടു പാതയിലൂടെ പ്രവേശിക്കാം

Kalimpong2
By Jaikishan tekchandani/shutterstock
SHARE

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കലിംപോംങ് ശാന്ത സുന്ദരമായ ഭൂമിയാണ്.‍ പട്ടണത്തിലുടനീളമുള്ള മൊണാസ്ട്രികളുടേയും പള്ളികളുടെയും സാന്നിധ്യത്താൽ സമാധാനപരമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നൊരിടം. രണ്ടു വഴികളിലൂടെ ബ്രിട്ടീഷ് കാലത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ഈ നഗരത്തിലേക്ക് പ്രവേശിക്കാം. തിരക്കുള്ള ഡാർജിലിങ്ങിലൂടെയാണ് ഒരു പാതയെങ്കിൽ മറ്റൊന്ന് തീർത്തും ശാന്തമായ കുർസിയോങിലൂടെയാണ്.

3mountains-in-the-top-of-durpin-dara

അവിസ്മരണീയമായ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന നഗരമാണ് കലിംപോംങ്. ചുരുങ്ങിയ ചെലവിൽ താമസിക്കാൻ ധാരാളം ഹോം സ്റ്റേകളും അതിനൊപ്പം തന്നെ അത്യാഡംബരം പേറുന്ന ഹോട്ടലുകളും നഗരത്തിലുണ്ട്. കയ്യിലുള്ള പണത്തിനനുസരിച്ചു താമസസ്ഥലം തെരഞ്ഞെടുക്കാം. ഡാർജിലിങ്ങിൽ നിന്നും അമ്പതു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കലിംപോംങിൽ എത്തിച്ചേരാനായി. യാത്ര കുറച്ചു കൂടി നീട്ടുകയാണെങ്കിൽ ഡാർജിലിങ്ങിന്റെ മനോഹാരിതയും ആസ്വദിക്കാവുന്നതാണ്. 

മോർഗൻ ഹൗസ് 

കലിംപോംങിലെ കാഴ്ചകളിൽ പ്രഥമ സ്ഥാനം 1930 കളുടെ ആദ്യപാദത്തിൽ പണിതീർത്ത മോർഗൻ ഹൗസിനാണ്. കൊളോണിയൽ രീതിയിൽ നിർമിച്ചിരിക്കുന്ന ഈ ഭവനം തദ്ദേശീയരെ സംബന്ധിച്ചു പ്രേതബാധയുള്ള ഒരു കെട്ടിടമാണ്. മിസ്റ്റർ ആൻഡ് മിസ്സിസ് മോർഗൻ ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. 

1Morgan-House
By ABIR ROY BARMAN/shutterstock

അതുകൊണ്ടാണ് ഭവനത്തിനെ മോർഗൻ ഹൗസ് എന്ന് വിളിക്കുന്നത്. കെട്ടിടത്തിന്റെ നിർമിതിയിലുള്ള മനോഹാരിതയ്‌ക്കൊപ്പം തന്നെ അതിസുന്ദരിയായ പ്രകൃതി കൂടി ചേരുമ്പോൾ സന്ദർശകരുടെ മനസു നിറയ്ക്കും ഈ ബംഗ്ലാവ്.  ഈയടുത്ത കാലത്തു മോർഗൻ ഹൗസ് പശ്ചിമ ബംഗാൾ വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്തു ഒരു ഹോട്ടൽ ആയി പരിവർത്തനം ചെയ്തു. ധാരാളം സന്ദർശകരെത്തുന്ന ഈ ബംഗ്ലാവിന്റെ മുകൾനിലയിലേയ്ക്ക് ആർക്കും പ്രവേശനമില്ല. മോർഗൻ ഹൗസിനോട് ചേർന്ന പൈൻ മരക്കാട്, ആ ഭവനത്തിന്റെ മാറ്റുകൂട്ടുന്നു.

ഡർപ്പിൻ ഡാര മലനിരകൾ 

നഗരത്തിന്റെ തെക്കുഭാഗത്തായാണ് ഡർപ്പിൻ ഡാര മലനിരകൾ സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്തെ ഉയരം കൂടിയ രണ്ടാമത്തെ മലനിരകളാണിത്. ഇവിടെ നിന്നുള്ള അതിസുന്ദരമായ പ്രകൃതി കാഴ്ചകൾ ആരുടേയും മനസുകവരും. കൂടാതെ, ലോകത്തിലെ തന്നെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമുള്ള കാഞ്ചൻ ജംഗയും ഇവിടെ നിന്നാൽ ദൃശ്യമാകും. 

mountains-in-the-top-of-durpin-dara-3
By Binit kr/shutterstock

രൻഗീത്, ടീസ്റ്റ നദികൾ കൂടി ചേരുമ്പോൾ ഈ ഭൂമിയുടെ സൗന്ദര്യത്തിനു  തിളക്കമേറുന്നു. പശ്ചിമ സിക്കിം, പെഷോക് ടീ എസ്റ്റേറ്റ്, നാഥുല, തക്ടഹ്‌ കന്റോൺമെന്റ്‌, ടൈഗർ ഹിൽ ടോപ്, കുർസിയോങ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവിടെ നിന്നും വലിയ ദൂരെയല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ മേൽപറഞ്ഞ സ്ഥലങ്ങളിൽ എത്തിച്ചേരുകയും കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം.

സോങ് ദോഗ് പാൽറി ഫോ ബ്രാങ് ഗോമ്പ 

വളരെ പുരാതനമായ ഒരു ബുദ്ധ സന്യാസിമഠം ആണ് സോങ് ദോഗ് പാൽറി ഫോ ബ്രാങ് ഗോമ്പ. 1975 ൽ ദലൈലാമയുടെ നേതൃത്വത്തിലാണ് ഇത് പണികഴിപ്പിച്ചത്. ബുദ്ധ വാസ്തുവിദ്യയുടെ സകല ചാതുര്യവും ഈ നിർമിതിയിൽ കാണുവാൻ കഴിയും. കാളിംപോങിലെ പ്രധാന ബൗദ്ധ വിഹാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇവിടെ നിന്നാൽ ഹിമാലയ പർവതം വിദൂരതയിൽ ദൃശ്യമാകും.

Kalimpong1

ഡയലോ മലനിരകൾ

കലിംപോംങ്ങിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. 1700 മീറ്റർ ഉയരത്തിൽ നിന്നും  താഴ്വര ആസ്വദിക്കാം എന്നതാണ് എടുത്തു പറയേണ്ട സവിശേഷത.  ഇവിടെയെത്തുന്ന സന്ദർശകർക്കായി ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹോഴ്സ് റൈഡിങ് മുതലായ വിനോദങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. മലനിരകൾക്കു ചുറ്റുമായി ഒരു ശുദ്ധജലതടാകവും ഏറ്റവും മുകളിലായി വിനോദത്തിനു ഒരു പാർക്കുമുണ്ട്. ഇവിടെ നിന്നുമുള്ള  അതിമനോഹര കാഴ്ചകളിലൊന്ന് സൂര്യോദയമാണ്.

സന്ദർശിക്കാനുള്ള മികച്ച സമയം

സന്ദർശിക്കാനുള്ള മികച്ച സമയം കലിംപോംങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലത്താണ്.

English Summary: Tourism in Kalimpong

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA