ADVERTISEMENT

‘മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ച തേയിലക്കൊളുന്തുകളും കോടമഞ്ഞ് വാരിവിതറിയ പ്രകൃതിയും പച്ചപ്പു നിറഞ്ഞ മലകളും മഞ്ഞിൽ വിരിഞ്ഞ പൂക്കളും എന്ത് രസമുള്ള കാഴ്ചകളാണ്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചും കുളിർക്കാറ്റിന്റെ സുഗന്ധമറിഞ്ഞുമുള്ള യാത്ര, മനസ്സിനെയും ശരീരത്തെയും ഒരേപോലെ വശീകരിക്കും യാത്രയിലെ ഇൗ കാഴ്ചകൾ. യാത്രകൾ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും കാണുമോ? എനിക്ക് എന്നും പ്രിയപ്പെട്ടതാണ് യാത്രകൾ’. – മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ താരം സ്‌നിഷയുടെ വാക്കുകളാണിവ. അഭിനയത്തെയും യാത്രകളെയും ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് സ്നിഷ. 

04

പ്രകൃതിയുടെ മനസ്സറിഞ്ഞ് യാത്ര

പ്രകൃതിയുടെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അതിശയം തോന്നും. ഒാരോ കാഴ്ചയ്ക്കും വ്യത്യസ്ത നിറവും ഭാവവുമാണ്. പൂക്കളും മഞ്ഞും മഴയും എല്ലാം ഒത്തൊരുമിച്ച പ്രകൃതിയുടെ സൗന്ദര്യത്തിലേക്കുള്ള യാത്രയാണ് എനിക്കെന്നും പ്രിയപ്പെട്ടത്. ഇൗ കാഴ്ചകളൊക്കെ ഒരുമിച്ച് ആസ്വദിക്കുവാനായി നിരവധിയിടങ്ങൾ നമ്മുടെ കേരളത്തിൽ തന്നെയുണ്ട്.

05

ആ കാഴ്ചകള്‍ നിറഞ്ഞ എന്റെ പ്രിയപ്പെട്ടയിടം വാഗമൺ ആണ്. മഞ്ഞിൽ കുളിച്ച കൊച്ചു സുന്ദരിയാണവൾ. എത്ര തവണ പോയാലും തരിമ്പുപോലും മടുപ്പു തോന്നാത്ത സുന്ദരഭൂമി. ഏതു കാലാവസ്ഥയിലും മുഖംമിനുക്കി സുന്ദരിയായിരിക്കുന്ന ഇവിടെ പൈൻമരക്കാടും തങ്ങളുപാറയും മൊട്ടക്കുന്നും ഷൂട്ടിങ് പോയിന്‍റും ഒക്കെയായി ഒറ്റദിവസം കൊണ്ടു കണ്ടു തീർക്കുവാൻ പറ്റാത്ത കാഴ്ചകളാണുള്ളത്. ഷൂട്ടിങ്ങും മറ്റുമായി തിരക്കിലാണെങ്കിലും ഒഴിവുസമയം യാത്രയ്ക്കായി ഞാൻ മാറ്റിവയ്ക്കാറുണ്ട്. എന്റെ യാത്രയ്ക്ക് കൂട്ടായി എത്തുന്നത് ചേട്ടനും സുഹൃത്തുക്കളുമൊക്കെയാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ്

തനിച്ചു പോകുന്ന യാത്രകളും കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുള്ള യാത്രകളുമെല്ലാം എനിക്കിഷ്ടമാണ്. ഇതെല്ലാം സമ്മാനിക്കുന്നത് തികച്ചും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്.

03

സോളോട്രിപ് ഇപ്പോൾ ട്രെന്‍ഡാണ്. എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഒറ്റയ്ക്കിരിക്കാനുമൊക്കെ ഇഷ്ടമാണ്. സോളോട്രിപ്പിന്റെ നേട്ടമെന്താണെന്ന് വച്ചാൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മതിയാവോളം സമയമെടുത്ത് സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാം. എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സ്ഥലങ്ങളും തീരുമാനങ്ങളും തിരഞ്ഞെടുക്കുവാനും സാധിക്കും. കൂടാതെ സോളോ ട്രിപ് നൽകുന്ന അപാരമായ സ്വാതന്ത്ര്യമുണ്ട് അതറിയാൻ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും സോളോട്രിപ് പോകണം. ഞാനും ഒറ്റയ്ക്ക് യാത്ര നടത്താനായി കാത്തിരിക്കുകയാണ്.

യാത്ര നൽകുന്ന ഉൗർജം 

യാത്ര ചെയ്യുമ്പോഴും പുതിയ കാഴ്ചകൾ ആസ്വദിക്കുമ്പോഴുമുണ്ടാകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. നയനമനോഹാരിതയ്ക്കപ്പുറം ശരീരത്തിനും മനസ്സിനും നൽകുന്ന പുത്തനുണർവ് കൂടിയാണ് ഒാരോ യാത്രയും. ഇന്ത്യക്കകത്തും പലയിടങ്ങളിലും യാത്ര പോകുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കൂടുതലും ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളായിരുന്നു. ഭംഗിയും ചരിത്രകഥകളും നിറഞ്ഞ ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളും എനിക്ക് പ്രിയപ്പെട്ടതാണ്.

കേട്ട കാര്യങ്ങൾ സത്യമായപ്പോൾ

ഒരിക്കൽ ഞാനും കുടുംബവും ധനുഷ്കോടി – രാമശ്വേരം യാത്ര നടത്തിയിരുന്നു. അദ്ഭുതപ്പെടുത്തിയ യാത്രയായിരുന്നു അത്. കേട്ട കാര്യങ്ങൾ കണ്ട് ആസ്വദിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല.

രാമേശ്വരം, ജീവിതത്തിനു ശേഷമുള്ള ജീവൻ ഓർമിപ്പിക്കുന്നു; ധനുഷ്കോടി, മരണത്തിനു ശേഷമുള്ള ജീവിതത്തെയും. തിര പോലെ ഓർമകൾ ഇരമ്പുന്ന ഈ തീരത്തെ മണലിൽ കഥകളും കദനങ്ങളും കാഴ്ചകളും കൂടിക്കുഴയുന്നതാണ്. ഓരോ കാലടിയിലുമുണ്ട് വേർപാടിന്റെ നീറ്റലും പ്രതീക്ഷയുടെ ഉയിർപ്പും.

അൻപതു വർഷം മുൻപുണ്ടായ കാറ്റൂക്കിൽ കടപുഴകിയ ജീവിതങ്ങളുടെ നൊമ്പരപ്പെടുത്തലാകുന്നു ധനുഷ്കോടി. പിതൃക്കളുടെ ആത്മാവിനു മോക്ഷം തേടി പിൻതലമുറയണയുന്ന തീരമാകുന്നു രാമേശ്വരം.

01

പ്രശസ്തമായ രാമനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ നഗരമാണിവിടം. കടൽ തകർത്ത അവശിഷ്ടങ്ങളുടെ അസ്ഥികൂടം പോലെ കെട്ടിട അവശിഷ്ടങ്ങൾ. തകർക്കാൻ പറ്റാത്ത വിശ്വാസംപോലെ നീണ്ടുനിവർന്നു പാമ്പൻ പാലം, ധനുഷ്കോടിയിൽ കാലം വരച്ചിട്ട നിറക്കൂട്ടില്ലാത്ത ചിത്രങ്ങൾ. കാഴ്ചകളുടെ വിസ്മയച്ചെപ്പാണ് ഇവിടം. എന്നെ ഒരുപാട് സ്വാധീനിച്ച യാത്രയായിരുന്നു അത്. ഒരിക്കലും മറക്കാനാവില്ല.

വില്ലനായി വീണ്ടും കൊറോണ

കോറോണയുടെ രണ്ടാവരവ് എല്ലാവരെയും പോലെ എനിക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചെറുയാത്രകൾ ഞാനും സുഹൃത്തുക്കളുമൊക്കെ പ്ലാൻ ചെയ്തിരുന്നു. അതെല്ലാം ഇപ്പോൾ ഒഴിവാക്കേണ്ടി വന്നു. ഇപ്പോൾ എവിടെയും പോകാനാവാതെ വീടിനുള്ളിലാണ്. സർക്കാറും ആരോഗ്യമന്ത്രാലയവും എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. യാത്ര പോകാൻ സാധിക്കാത്തതു കൊണ്ട് വിഷമം ഉണ്ടെങ്കിലും ഒാരോത്തരുടെയും ജീവൻ സുരക്ഷിതമായലല്ലേ യാത്ര പോകാൻ‌ സാധിക്കുകയുള്ളൂ. കോവിഡിന്റെ അതിരൂക്ഷവ്യാപനം തടയാനായി എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതരായി വീടിനുള്ളിൽ കഴിയണം.

എന്റെ സ്വപ്നം, ആ യാത്ര ഞാൻ നടത്തും

ഞാൻ ശിവഭക്തയാണ്. അതുകൊണ്ടു തന്നെ മിക്ക ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും ഹിമശൈലത്തിന്റെ നെറുകയിൽ നിലകൊള്ളുന്ന കൈലാസം കാണുക എന്നതാണ്. മഞ്ഞു മൂടിയ മലകളിലൂടെ നടക്കണം. മനസ്സെത്തുന്നിടത്തു ശരീരവും ശരീരത്തിനൊപ്പം മനസ്സും ചേർത്ത് സഞ്ചരിക്കണം. കഠിനപാതകള്‍ താണ്ടി മഹാപർവതത്തിന്റെ ശിരസ്സിലെത്തണം. കൈലാസ ദർശനം നടത്തുകയെന്നതാണ് എന്റെ സ്വപ്നം.

02

കൈലാസത്തിൽ എത്തിച്ചേരുക എന്നതു മഹാഭാഗ്യമാണ്. ധനമുണ്ടായതുകൊണ്ടോ അധികാരമുള്ളതുകൊണ്ടോ ആ ഭാഗ്യം ലഭിക്കണമെന്നില്ല. മഹേശ്വരന്റെ പീഠം നേരിൽ കാണാൻ യോഗമുള്ളവർക്ക് അതാതു സമയത്ത് അതിനുള്ള അവസരം വന്നു ചേരും; ആ യാത്രയ്ക്കായി ഞാൻ കാത്തിരിക്കും.

English Summary: Celebrity Travel, Snisha Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com