170 രൂപയും മണ്ണെണ്ണ സ്റ്റൗവും, ചായ വിറ്റ് നിധിൻ സൈക്കിൾ ചവിട്ടിയത് കശ്മീർ വരെ

solo-cycling-kashmir
SHARE

പഴയൊരു ഹെർക്കുലീസ് സൈക്കിളിൽ തൃശൂരിൽ നിന്നു കശ്മീർ കാണാൻ ഇറങ്ങി പുറപ്പെടുമ്പോൾ നിധിൻ എന്ന ചെറുപ്പക്കാരന്റെ കൈയിൽ വേണ്ടുവോളം ഉണ്ടായിരുന്നത് നിശ്ചയദാർഢ്യവും ആത്മവിശ്വാസവും മാത്രമായിരുന്നു. 170 രൂപയും ചായ ഉണ്ടാക്കാൻ ഒരു മണ്ണെണ്ണ സ്റ്റൗവും മാത്രം കരുതിയ ആ യാത്ര ലക്‌ഷ്യം കണ്ട് തിരിച്ചു തൃശൂരിലെത്തി, ക്വാറന്റീനും കഴിഞ്ഞു നിധിൻ സുരക്ഷിതാണ്. വഴിയിലുടനീളം ലഭിച്ച സ്നേഹത്തിലും സഹായങ്ങളിലും ഉള്ളുനിറഞ്ഞിരിക്കുമ്പോൾ, അടുത്ത യാത്ര അതെങ്ങോട്ടു വേണമെന്നുള്ള ആശയക്കുഴപ്പത്തിലാണ് നിധിൻ. കൈയിൽ പണമോ ഭാഷയോ വശമില്ലാതെ ഇത്രയും ദൂരം താണ്ടി തിരിച്ചെത്തിയ വിശേഷങ്ങൾ നിധിൻ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

യാത്ര ആരംഭിക്കുന്നത് പുതുവർഷത്തിലെ ആദ്യദിനത്തിൽ

01 - 01 - 2021, തൃശൂരിൽ നിന്നു കശ്മീരിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അന്നാണ്. കോവിഡ് മൂലം ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് ഏകദേശം പത്തുമാസം കഴിഞ്ഞിരുന്നു. യാത്ര പോകുക എന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെ പോകും എന്ന് ചിന്തിച്ചിരുന്നില്ല. അനിയന്റെ സൈക്കിളിൽ പോയാലോ എന്നാലോചിക്കുന്നത് അങ്ങനെയാണ്. കശ്മീർ എന്ന ലക്ഷ്യത്തിലേക്കു ആ സൈക്കിൾ മാർഗമാകുകയായിരുന്നു.

ആദ്യ യാത്ര ഹിച്ച്‌ഹൈക്കിലൂടെ 

ആദ്യത്തെ യാത്ര 2019 ലായിരുന്നു. അന്ന് ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചത് ഹിച്ച്ഹൈക്കിലൂടെ ആയിരുന്നു. കൈകാണിക്കുമ്പോൾ നിർത്തുന്ന വാഹനത്തിൽ കയറിയുള്ള യാത്ര വലിയൊരു അനുഭവം തന്നെയായിരുന്നു. ആ യാത്രയുടെ ധൈര്യത്തിലാണ് കശ്മീരിലേക്ക് സൈക്കിളിൽ പോകാമെന്നു തീരുമാനിച്ചത്.

നൂറ്റി എഴുപതു രൂപയും മണ്ണെണ്ണ സ്റ്റൗവും

പഴയ സൈക്കിളിന്റെ അറ്റകുറ്റപണികൾ എല്ലാം നടത്തി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത് വെറും 170 രൂപയാണ്. കോവിഡ് കാലത്തിനു മുൻപ് ഒരു റെസ്റ്റോറന്റിൽ ചായയും ജ്യൂസുമൊക്കെ ഉണ്ടാക്കുന്നതായിരുന്നു ജോലി. ചായ വിറ്റു തന്നെ യാത്രയിലെ ഭക്ഷണത്തിനും മറ്റാവശ്യങ്ങൾക്കും പണം കണ്ടെത്താമെന്നു തീരുമാനിച്ചു.

solo-cycling1

ദിവസവും മുപ്പതു ചായ വിറ്റാൽ മുന്നൂറു രൂപ സമ്പാദിക്കാം. അങ്ങനെ യാത്രയിൽ മണ്ണെണ്ണ സ്റ്റൗവും കെറ്റിലും കൂട്ടായി. ചെന്നെത്തുന്ന സ്ഥലങ്ങളിൽ ചായ വിറ്റുകിട്ടുന്ന പൈസ കൊണ്ട് ചെലവിനുള്ള തുക കണ്ടെത്തി. താമസിക്കാൻ മുറികൾ എടുത്തില്ല, പകരം പെട്രോൾ പമ്പുകൾ, ഗുരുദ്വാരകൾ, ധാബകൾ എന്നിവിടങ്ങളിൽ ടെന്റ് കെട്ടി താമസിച്ചു.

കുടുംബത്തിൽ നിന്ന് മാത്രമല്ല, കേട്ടറിഞ്ഞവരിൽ നിന്നും പൂർണ പിന്തുണ

കുടുംബത്തിൽ നിന്നു ആദ്യം ചെറിയ തോതിലുള്ള എതിർപ്പുകൾ ഉണ്ടായെങ്കിലും പിന്നീട് അവരും എന്റെ തീരുമാനത്തെ അംഗീകരിച്ചു. യാത്രയിൽ വസ്ത്രം, ഹെൽമെറ്റ്, എന്തിനു വാട്ടർ ബോട്ടിൽ വരെ വാങ്ങി നൽകിയത് യാത്രയെക്കുറിച്ചു കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരുമായിരുന്നു. ഡൽഹിയിൽ വെച്ച് ഒരു മലയാളി ചേട്ടനാണ് മണ്ണെണ്ണ സ്റ്റൗവിനു പകരമായി ഒരു ഗ്യാസ് സ്റ്റൗവ് വാങ്ങി നൽകിയത്.

മാംഗോ ബൈറ്റിനു സ്നേഹത്തിന്റെ മധുരം

ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഒരു പാലം കയറിക്കൊണ്ടിരിക്കുമ്പോഴാണ് സൈക്കിളിൽ എത്തിയ കുറച്ചേറെ പ്രായമുള്ള ഒരാൾ കാര്യങ്ങളെല്ലാം തിരക്കിയത്. എല്ലാത്തിനുമൊടുവിൽ അദ്ദേഹം തന്റെ പോക്കറ്റിൽ നിന്നും ഒരു മാംഗോ ബൈറ്റ് മിഠായി എടുത്തു എനിക്ക് നേരെ നീട്ടി. വേറൊന്നും കൈയിലില്ല, ഇതു മാത്രമേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു. അതിനു മുമ്പും ശേഷവും മാംഗോ ബൈറ്റ് മിഠായി കഴിച്ചിട്ടുണ്ടെങ്കിലും സ്നേഹവും വാത്സല്യവും നിറഞ്ഞ ആ മിഠായിയോളം മധുരം ഒന്നിനുമുള്ളതായി തോന്നിയിട്ടില്ല. 

solo-cycling

ചെയ്ൻ തെറ്റിക്കാത്ത ശാരീരിക ബുദ്ധിമുട്ടുകൾ

യാത്ര ആരംഭിച്ച ആദ്യത്തെ രണ്ടാഴ്ച ശാരീരികമായി ധാരാളം ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നു. കാലിൽ നീരുവരികയും ദേഹമാസകലം വേദന അനുഭവപ്പെടുകയും ചെയ്തു. ഗിയർ ഇല്ലാത്ത സൈക്കിൾ ആയതുകൊണ്ടുതന്നെ ഏറെ ആയാസകരമായിരുന്നു മുന്നോട്ടുള്ള യാത്ര. കൂടാതെ ടെന്റും സ്ലീപ്പിങ് ബെഡും കെറ്റിലും സ്റ്റൗവും പോലുള്ള ലഗേജിന്റെ ഭാരവുമുണ്ടായിരുന്നു. അത്രയൊക്കെ പ്രയാസങ്ങളെ നേരിടേണ്ടി വന്നെങ്കിലും ഒരിക്കൽ പോലും അവയൊന്നും തളർത്തിയില്ല.

കോവിഡ് കാലം കഴിഞ്ഞു എവറസ്റ്റ് 

അടുത്ത യാത്ര എങ്ങോട്ടെന്നു തീരുമാനിച്ചിട്ടില്ല. എവറസ്റ്റ് കയറണമെന്ന മോഹമുണ്ട്. കൂടാതെ സിംഗപ്പൂരും നേപ്പാളും ഭൂട്ടാനുമൊക്കെ മനസിലുണ്ട്. കോവിഡ് കാലം കഴിയാൻ കാത്തിരിക്കുകയാണ്. യാത്ര പോകാൻ താല്പര്യവും മനസുണ്ടെങ്കിൽ മാർഗമൊരു തടസമാകില്ലെന്നു പറഞ്ഞുവെയ്ക്കുകയാണ് നിധിൻ തന്റെ യാത്രാനുഭവങ്ങളിലൂടെ.

English Summary: Experience of a Young Malayali's Solo Cycling to Kashmir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA