ADVERTISEMENT

മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വൻമതിൽ. ഇന്ത്യയിലുമുണ്ട് വൻമതിൽ. അതിശയപ്പെടേണ്ട,ചൈനയി‌ലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മ‌തില്‍ പോലെ ഒരു വലിയ കോട്ടയാണ്.ഉദയ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കുംഭൽഗഡ് കോട്ടയ്ക്ക് ചുറ്റുമുള്ള മതിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതിൽ. 

ആരവല്ലി പർവതനിരകളുടെ കാടുകൾക്കിടയിൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കുംഭൽഗഡ് കോട്ട ഇപ്പോൾ വന്യജീവി സങ്കേതമാക്കി മാറ്റിയിരിക്കുകയാണ്. 2013 ൽ കുംഭൽഗഡ് കോട്ട യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും പ്രഖ്യാപിച്ചു. ചിറ്റോർഗഡ് കോട്ടയ്ക്കുശേഷം മേവാറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കോട്ടയാണിത്. കുന്നിൻ മുകളിൽ നിർമിച്ച കുംഭൽഗഡ് കോട്ട മേവാർ രാജാക്കന്മാരെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള തന്ത്രപരമായ സ്ഥാനമായിരുന്നു. അപകടസമയങ്ങളിൽ രക്ഷപ്പെടാനുള്ള സ്ഥലമായി ഈ കോട്ട ഉപയോഗിച്ചിരുന്നു. രാജഥാനിലെ ഏറ്റവും വലിയ കോട്ടയായ ചിത്തൗഡ് കോട്ടക്ക് ശേഷം വലിപ്പമുള്ള രണ്ടാമത്തെ കോട്ടയും കുംഭൽഗഡ് കോട്ടയാണ്.

Kumbhalgarh-Fort
By Sharad Raval/shutterstock

കുംഭൽഗഡ് കോട്ട മതിൽ 

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മതിൽ ഈ കോട്ടയ്ക്കു ചുറ്റുമാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1,900 മീറ്റർ ഉയരത്തിലാണ് കുംഭൽഗഡ് കോട്ട. 36 കിലോമീറ്റർ വ്യാസമുള്ള ഈ കോട്ട ചൈനയിലെ വലിയ മതിലിനുശേഷം രണ്ടാമത്തെ നീളമുള്ള മതിലാണ്. 15 മീറ്റർ വീതിയുണ്ട് മതിലിന്റെ ചുറ്റളവിന്. എട്ട് കുതിരകൾക്ക് മതിലിനരികിലൂടെ നടക്കാൻ കഴിയുമെന്നും പറയപ്പെടുന്നു. കോട്ടയുടെ മതിൽ  ഇഷ്ടികകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. രൂപകൽപ്പനയ്ക്കും നിർമാണത്തിനും ചൈനയിലെ മതിലിനോട് സാമ്യമുണ്ട്. കുംഭൽഗഡ് കോട്ട മതിൽ 'ഇന്ത്യയുടെ മഹത്തായ മതിൽ' എന്നറിയപ്പെടുന്നതിൽ അതിശയിക്കാനില്ല.

നിർമാണത്തിന്റെ കഥ

ഈ കോട്ടയെ ചുറ്റിപ്പറ്റി രസകരമായ നിരവധി കഥകളുണ്ടെങ്കിലും ഏറ്റവും ആകർഷകമായതും പറയപ്പെടുന്നതുമായ കഥ ഇങ്ങനെയാണ്. മേവാർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന റാണ കുംഭ ഈ കോട്ടയുടെ നിർമാണം ആരംഭിച്ചപ്പോൾ നിരവധി പ്രതിസന്ധികൾ നേരിട്ടുവെന്നും പറയപ്പെടുന്നു. ശുദ്ധമനസ്സുള്ള ഒരാൾ മനപൂർവം ജീവൻ ബലിയർപ്പിച്ചാൽ മാത്രമേ കോട്ട പണിയാൻ കഴിയൂ എന്ന് മുനി അദ്ദേഹത്തെ സന്ദർശിച്ച് ഉപദേശിച്ചിരുന്നു. 

രാജാവ് ഏറെ നേരം കാത്തിരുന്നെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ രാജാവിനെ കണ്ട് മുനി സ്വയം ജീവൻ അർപ്പിക്കാൻ തയാറായി. അതിനുമുമ്പ്, ആചാരാനുഷ്ഠാനങ്ങൾ നടത്തുന്ന കോട്ടയുടെ പ്രവേശന കവാടം നിർമിക്കാൻ അദ്ദേഹം റാണ കുംഭയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആഗ്രഹത്തെത്തുടർന്ന് റാണ കുംഭ കോട്ടയുടെ പ്രധാന കവാടമായ 'ഹനുമാൻ പോൾ' നിർമിച്ചു. ശിരഛേദം ചെയ്ത ശേഷം അദ്ദേഹത്തിന്റെ ശരീരം മുഴുവൻ വീണയിടത്താണ് കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങൾ നിർമിച്ചതെന്ന് കരുതപ്പെടുന്നു.

കോട്ടയ്ക്കകത്തു സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രജപുത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. മനോഹരമായ നീല ദർബാർ ഹാളുള്ള രണ്ട് നില കെട്ടിടമാണിത്. ഒരു ഇടനാഴി മർദാന (പുരുഷ) കൊട്ടാരത്തെ സനാന (വനിതാ) കൊട്ടാരത്തിൽനിന്ന് വേർതിരിക്കുന്നു. സനാനയിലെ ചില മുറികളിൽ ആനകളും മുതലകളും ഒട്ടകങ്ങളും അടങ്ങിയ ആകർഷകമായ പെയിന്റിങ്ങുകളുണ്ട്. 

English Summary: Kumbhalgarh Fort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com