ADVERTISEMENT

ഹൈദരാബാദ് എന്നുകേൾക്കുമ്പോൾ ആദ്യം ഓർമ വരിക ബിരിയാണിയുടെ നല്ല സുഗന്ധമായിരിക്കും. ബിരിയാണി അവിടെ നിൽക്കട്ടെ, നമ്മൾ പറയാൻ പോകുന്നത് ചില അദ്ഭുത ശിൽപ്പങ്ങളെക്കുറിച്ചാണ്, പിന്നെ വിസ്മയം നിറച്ച ചിത്രങ്ങളും.

430 വർഷം പഴക്കമുള്ള നഗരമാണ് പഴയ ഹൈദരാബാദ്. കൊതിയൂറും ബിരിയാണിയുടെ നാട്.  മുസി നദി ഇന്നീ നഗരത്തെ രണ്ടായി മാറ്റിയിട്ടുണ്ട്. ചരിത്രസ്മാരകങ്ങൾ നിറഞ്ഞതാണ് പഴയ ഹൈദരാബാദ്, അപ്പുറത്ത് പുതിയ സിറ്റി.  പഴയ നഗരത്തിലാണ് കാഴ്ചകൾ എന്നറിയാമല്ലോ. തലയുയർത്തിനിൽക്കുന്ന ചാർമിനാർ, ഭക്തിയും ഭംഗിയും ഇണചേർന്ന മെക്കാ മസ്ജിദ്, നൈസാമിന്റെ കൊട്ടാരം എന്നിങ്ങനെ കാഴ്ചകളേറെ.  ഈ ചരിത്ര സ്മാരകങ്ങളെപ്പോലെ ചരിത്രത്തെ ഉള്ളിലേറ്റുന്ന ഒരു പുതിയ കെട്ടിടമുണ്ട്. അതാണ് സാലാർജങ് മ്യൂസിയം.

Hyderabad

ലോകത്തെ അതുല്യവിസ്മയങ്ങൾ ശിൽപ്പങ്ങളായും പെയിന്റിങ്ങുകളായും ഈ മ്യൂസിയത്തിൽ ഉണ്ട്. ഹൈദരാബാദ് സന്ദർശിക്കുന്നവർ സാലാർ ജങ് സന്ദർശിക്കാതെ മടങ്ങാറില്ല.ജവഹർ ലാൽ നെഹ്റു ആണ് 1951 ൽ ഈ മ്യൂസിയം ലോകത്തിനു സമർപ്പിച്ചത്.  മ്യൂസിയം മുഴുവൻ വിസ്മയലോകമാണ്. അതിൽ കൗതുകകമരമായ രണ്ടു വിസ്മയങ്ങളെ നമുക്ക് പരിചയപ്പെടാം.

ഹൈദരാബാദ് നൈസാം രാജാവിന്റെ ദിവാൻമാർ ആയിരുന്നു സാലാർജങ് കുടുംബം. അവരുടെ തലമുറകൾ സമ്പാദിച്ച അമൂല്യ കലാവസ്തുക്കളാണ് മ്യൂസിയത്തിൽ. ഏറ്റവും കൂടുതൽ ശേഖരങ്ങൾ സാലാർ ജങ് മൂന്നാമന്റെയാണ്. അതുകൊണ്ട്അദ്ദേഹത്തിന്റെ പോർട്രെയിറ്റ് പെയിന്റിങിലെ ഒരു വിസ്മയം നമുക്കു ആദ്യം കാണാം.

Hyderabad-1

സാലാർ ജങ് മൂന്നാമന്റെ വലിയ ഒരു ഛായാചിത്രമാണിത്. ചിത്രത്തിലെ ഷൂവിന്റെ മുന, ചിത്രം കാണുന്നയാളിന്റെ നേരെയായിരിക്കും എന്നതാണ് കൗതുകം. നേരെ നോക്കുമ്പോൾ ഷൂ നേരെത്തന്നെയാകും.  വശങ്ങളിൽനിന്നു നോക്കുമ്പോൾ ഷൂവിന്റെ മുന അതാതു വശങ്ങളിലേക്കു ചെരിയും. ചിത്രം തിരിയില്ലെന്നു നിങ്ങൾക്കറിയാം. മിടുക്കോടെ ഒരുക്കിയ ഒരു ഇല്യൂഷൻ ആണിത്. എന്തായാലും സംഗതി കിടിലൻ. ഇതുപോലെ ഒരു തെരുവിന്റെ ചിത്രവും ഈ മ്യൂസിയത്തിലുണ്ട്.

ഇനി രണ്ടാമത്തെ വിസ്മയം എന്താണെന്ന് പറയട്ടെ, അതൊരു പ്രതിമയാണ്. മരത്തിലുണ്ടാക്കിയ  ആ ഒരു പ്രതിമയിൽ നിങ്ങൾക്ക്  രണ്ടുപേരെ കാണാം. ജർമൻ കഥകളിൽ പിശാചിന്റെ അവതാരമാണ് മെഫിസ്റ്റോഫിൽസ്.  സാഹിത്യകാരനായ ഗോഥെയുടെ  ഡോക്ടർ ഫോസ്റ്റ് എന്ന നാടകത്തിലെ നായകൻ  ആത്മാവ് മെഫിസ്റ്റോഫിൽസിനു പണയപ്പെടുത്തുന്നു.  പിന്നീടു നടക്കുന്ന പ്രവൃത്തികൾ ഫോസ്റ്റിന്റെ പ്രിയപ്പെട്ടവളായ മാർഗരീറ്റയുടെ മരണത്തിനിടയാക്കുന്നു.

Hyderabad-4

മെഫിസ്റ്റോഫിൽസും മാർഗരീറ്റയും ഒറ്റമരശിൽപ്പമായി സാലാർജങിൽ നമ്മെ വിസ്മയിപ്പിക്കും.  അഹങ്കാരത്തോടെ ഞെളിഞ്ഞുനിൽക്കുന്ന ചെകുത്താനും കയ്യിലൊരു പുസ്തകവുമായി വിനയത്തോടെ തലതാഴ്ത്തി നിൽക്കുന്ന മാർഗരീറ്റയും അതിസൂക്ഷ്മമായി ഈ ശില്പത്തിൽ ചേർന്നിരിക്കുന്നു. ഇതാണ് സാലാർജങ്ങ് മ്യൂസിയത്തിലെ രണ്ടാം വിസ്മയം.  മെഫിസ്റ്റോഫിൽസിന്റെ പിന്നിലേക്കു മടക്കിവച്ച കയ്യാണ് മാർഗരീറ്റയുടെ പുസ്തകം പിടിക്കുന്ന ഇടതുകൈ ആയി മാറുന്നത്. എന്തൊരു നിർമിതി അല്ലേ.

വസ്ത്രങ്ങളുടെ തുന്നലുകൾപോലും എത്ര വിദഗ്ധമായിട്ടാണ് കൊത്തിയിരിക്കുന്നത് എന്നു നോക്കുക. മെഫിസ്റ്റോഫിൽസിന് ക്രൗര്യമാർന്ന മുഖമാണ്. എന്നാൽ മാർഗരീറ്റയുടെ മുഖം സൗമ്യവും. ചിലപ്പോൾ മനുഷ്യരിലെ രണ്ടുതരം സ്വഭാവത്തെ സൂചിപ്പിക്കുകയാകാം പേരറിയാത്ത ശിൽപ്പി,  ഈ പ്രതിമയിലൂടെ.

English Summary: Salar Jung Museum Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com