പലയിടത്തും കുടുങ്ങി, ഭക്ഷണം കിട്ടാതെ വലഞ്ഞു, കോവിഡ് ഭീകരത നേരിട്ട് കണ്ട നിധിയുടെ യാത്ര

nidhi-all-inidia-trip
SHARE

ഒറ്റയ്ക്ക് കാറില്‍ രാജ്യം ചുറ്റാൻ ഇറങ്ങിയ കോട്ടയംകാരി നിധി ശോശ കുര്യന്‍. ഫെബ്രുവരിയില്‍ എറണാകുളത്തുനിന്ന് ആരംഭിച്ച യാത്ര അങ്ങ് ഭാരതത്തിന്റെ നെറുകയില്‍ ഹിമാലയത്തില്‍ തൊട്ട് തിരിച്ചിറങ്ങിയപ്പോൾ ഈ മിടുക്കിയുടെ ആഗ്രഹം യാത്ര കന്യാകുമാരിയില്‍ അവസാനിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ ആ ആഗ്രഹം പൂർത്തിയാക്കാതെ നാട്ടിലേക്കു മടങ്ങേണ്ടി വന്നു. 

nidhi-travel1

92 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍  കണ്ട നിധിക്ക് കന്യാകുമാരിയിലെ സൂര്യാസ്തമയം ഒരു തീരാവിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ലോക്ഡൗണ്‍ മാറി, കൊറോണയുടെ വ്യാപനം ശമിക്കുമ്പോൾ കന്യാകുമാരിയിലെ സൂര്യാസ്തമയം കണ്ട് യാത്ര അവസാനിപ്പിക്കണമെന്നും എന്നാലേ അതു പൂർണതയിലെത്തൂവെന്നും നിധി പറയുന്നു. 

nidhi-travel5

നിധിയുടെ യാത്രാവിശേഷങ്ങളിലൂടെ

കാറിൽ ഒറ്റയ്ക്കുള്ള യാത്ര. അതും രണ്ടു മാസത്തിലേറെയെടുത്ത്. അധികം സ്ത്രീകൾ പരീക്ഷിക്കാത്ത ഒരു യാത്രയായിരുന്നു നിധിയുടേത്. കൊച്ചിയില്‍നിന്നു പോണ്ടിച്ചേരി, മഹാബലിപുരം, ചെന്നൈ, ഗുണ്ടൂര്‍, വിജയവാഡ, വിശാഖപട്ടണം, പുരി, ഭുവനേശ്വര്‍, വഴി കല്‍ക്കട്ട.  പിന്നീടങ്ങോട്ട് പര്‍വതങ്ങളിലൂടെയായിരുന്നു യാത്ര. ഹിമാലയഭാഗങ്ങളിലൂടെ ഉത്തരേന്ത്യ ചുറ്റി. അതിനുശേഷം ഡല്‍ഹിയിലൂടെയും രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയും മരുഭൂമികളിലൂടെയും സഞ്ചരിച്ചു. ശേഷം മുംബൈ, പുണെ, കണ്ണൂര്‍, തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ യാത്ര അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ കന്യാകുമാരിയിൽ എത്താൻ സാധിച്ചില്ല. മേയ് 7 ന് നാട്ടിൽ എത്തി. നിധി സംസാരിക്കുന്നു:

nidhi-travel4

‘കടന്നുപോയ തീരങ്ങളിലും മരുഭൂമികളിലും എല്ലാ ദിവസത്തെയും സൂര്യോദയവും അസ്തമയവും കാണാന്‍ സാധിച്ചു. എന്റെ യാത്രയിലെ ഏറ്റവും മികച്ച കാഴ്ചകളായിരുന്നു അവ. അങ്ങനെ നോക്കുമ്പോള്‍ എന്റെ യാത്ര പൂര്‍ണതയിൽ എത്തണമെങ്കില്‍ കന്യാകുമാരിയിലെ സൂര്യോദയവും അസ്തമയവും കാണണം. ലോക്ഡൗണിലായതുകൊണ്ട് യാത്രയ്ക്ക് ചെറു ഇടവേള നൽകിയിരിക്കുകയാണ്. എല്ലാം പഴയനിലയിലായാൽ യാത്ര തുടരും.

എല്ലായിടവും ലോക്ക്; എന്നിട്ടും വാഹനം നിർത്തിയില്ല

യാത്രയുടെ തുടക്കത്തിൽ കോവിഡിന്റെ വ്യാപനം കുറവായിരുന്നു. കാഴ്ചകൾ ആസ്വദിച്ച് യാത്രയുടെ തിരിച്ചിറക്കത്തിലാണ് കോവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായത്. പലയിടത്തും കുടുങ്ങി, ഭക്ഷണം കിട്ടാതെ വലഞ്ഞു, കോവിഡിന്റെ ഭീകരത നേരിട്ട് കാണാനായി. അതിരൂക്ഷമായി കോവി‍ഡ് പടരുന്ന സാഹചര്യത്തിൽ ഓക്‌സിജന്‍ പോലും കിട്ടാതെ മനുഷ്യജീവനുകള്‍ പൊലിയുന്നു. ജനങ്ങൾ ഭയന്നു കഴിയുകയാണ്. ഇത്രയും നാടുകളിലൂടെ സഞ്ചരിച്ചെത്തുന്ന ആളായതിനാൽ എന്നെ കാണുമ്പോള്‍ പോലും ആളുകള്‍ പേടിക്കുന്ന ഒരവസ്ഥയിലേക്ക് എത്തിയിരുന്നു.

nidhi-travel2

ഞാൻ ഹരിയാനയിൽ എത്തുമ്പോഴാണ് ഡൽഹിയിൽ ശനിയും ഞായറും  ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് കര്‍ണാളിൽ തങ്ങി. അവിടെ ഒരു അനാഥാലയത്തിലായിരുന്നു താമസിച്ചത്. തിങ്കളാഴ്ച രാവിലെ ഡൽഹിയിലേക്കു തിരിച്ചു. അവിടെ എത്തിയപ്പോൾ ലോക്ഡൗൺ നീട്ടുന്നു എന്നറിഞ്ഞു. നേരത്തേ ഡൽഹിയിൽ എത്തിയതായിരുന്നു. പിന്നെ അവിടെ നിൽക്കുന്നത് സുരക്ഷിതമാണെന്നു തോന്നിയില്ല. അതുകൊണ്ട് നേരേ ജയ്പുരിലേക്കു തിരിച്ചു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ജയ്പുരും ലോക്ഡൗണിലായെന്ന്. അവിടെ ഒരാഴ്ച ഉണ്ടായിരുന്നു. അവിടെ മലയാളികളായ സുഹൃത്തുക്കളാണ് ഭക്ഷണം എത്തിച്ചത്.

nidhi-travel3

ഒരാഴ്ചയ്ക്കു ശേഷം ഉദയ്പുരിലെത്തി. അവിടെനിന്നു ഗോവ. കർഫ്യൂ ആയിരുന്നു ഗോവയിൽ. ഒരു മലയാളി ആന്റിയുടെ ഫ്ളാറ്റില്‍ താമസിച്ചു. മൂന്നാലു ദിവസം അവിടെ തങ്ങിയതിനു ശേഷം കൊല്ലൂരിലേക്ക് യാത്ര തിരിച്ചു. മൂകാംബിക ക്ഷേത്രവും സൗപർണികയും സന്ദർശിച്ചു. കേരളത്തിലും ഉടന്‍ ലോക്ഡൗൺ പ്രഖ്യാപിക്കും എന്നു മനസ്സിലായതോടെ നേരേ കേരളത്തിലേക്ക്. ലോക്ഡൗണിനു തൊട്ടുമുമ്പുള്ള ദിവസമാണ് കൊച്ചിയിൽ എത്തുന്നത്. യാത്ര കന്യാകുമാരിയിൽ പൂർണമാക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും അതു സാധിച്ചില്ല. തൽക്കാലം യാത്രയ്ക്ക് ഇടവേളയാണ്. ജീവിതം പഴയതുപോലെ ആയ ശേഷം കന്യാകുമാരിയിെലത്തി യാത്ര പൂർണമാക്കണം.

English Summary: Solo woman traveller Nidhi Kurian 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA