ADVERTISEMENT

വിദേശരാജ്യങ്ങളിൽ ശരത്കാലത്ത് ഇലകളുടെ നിറം മാറുന്ന കാഴ്ച അതിമനോഹരമാണ്. ആ കാഴ്ച ആസ്വദിക്കുവാൻ ഇനി വിദേശത്ത് പോകണമെന്നില്ല, സഞ്ചാരികളുടെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കാവുന്ന കശ്മീരിൽ എത്തിയാൽ മതി. മഞ്ഞും പച്ചപ്പും പൂക്കളും നിറഞ്ഞ കശ്മീര് കാഴ്ചകൾ കൊണ്ടു മാത്രമല്ല കാലാവസ്ഥ കൊണ്ടും സഞ്ചാരികളുടെ പ്രിയയിടമാണ്. അവധിയാഘോഷത്തിനായി നിരവധിപേരാണ് ഇൗ സ്വർഗഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്.

വിനോദ സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടാത്ത പ്രകൃതിയൊളിപ്പിച്ച സുന്ദരയിടങ്ങളും കശ്മീരിലുണ്ട്. അങ്ങനെയൊരിടമാണ് കൊക്കർനാഗ്. ശരത്കാലത്ത് ഇവിടെ എത്തിയാൽ 

ഇലകളുടെ നിറം മാറുന്ന അസുലഭ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. ഇൗ മനോഹരകാഴ്ച സമൂഹമാധ്യമത്തിൽ ഹിറ്റായതോടെയാണ് ഇൗ സുന്ദരഭൂമി തേടി സഞ്ചാരികളും എത്തിതുടങ്ങിയത്. വെള്ളച്ചാട്ടങ്ങൾ മുതൽ ചൂടു നീരുറവകളും ‌വിശാലമായ പൂന്തോട്ടങ്ങളും മനോഹര കാഴ്ചകളും നിറഞ്ഞ ഇവിടം പ്രകൃതി സ്നേഹികളുടെ പറുദീസയാണ്.

കശ്മീരിന്റെ സുവർണ്ണ കിരീടം

കശ്മീരിന്റെ സുവർണ്ണ കിരീടം എന്നറിയപ്പെടുന്ന കൊക്കർനാഗ് അനന്ത്നാഗ് ജില്ലയിൽ നിന്ന് 25 കിലോമീറ്റർ അകലെ പ്രകൃതിയുടെ മടിത്തട്ടിലുറങ്ങുന്ന സ്ഥലമാണ്. ‌കശ്മീരിലെ ഏറ്റവും വലിയ ശുദ്ധജല നീരുറവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക വനിതാ സ്വാശ്രയ ഗ്രൂപ്പുകൾ നിർമിച്ച കരകൗശല ഉൽ‌പന്നങ്ങൾ  വിൽക്കുന്നതിനായി കശ്മീരിലെ ആദ്യത്തെ ഗ്രാമീണ മാർട്ട് കോക്കർനാഗിലാണ് സ്ഥാപിച്ചത്. കൊക്കർനാഗിലെത്തിയാൽ  വിനോദസഞ്ചാരികൾക്ക് തൊട്ടടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങളായ ദക്ഷും സിന്താനും സന്ദർശിക്കാനുമാകും.

Kokernag
Image From https://www.jktdc.co.in/Kokernaag official Site

ഇവിടുത്തെ മനോഹരമായ ചൂടുവെള്ള ഉറവകൾ പ്രസിദ്ധമാണ്. ചില ചൂട് നീരുറവകൾക്ക് രോഗം ശമിപ്പിക്കാനുള്ള മാന്ത്രികശക്തി ഉണ്ടെന്നു  പറയപ്പെടുന്നു, ഇത് പ്രധാനമായും ദഹന പ്രശ്നങ്ങളും മറ്റ് അവസ്ഥകളും ഭേദമാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതു കേട്ടറിഞ്ഞെത്തുന്ന വിനോദസഞ്ചാരികളും ധാരാളമുണ്ട്. ശുദ്ധജലത്തിൽ വളരുന്ന പ്രത്യേകതരം മീനുകളെ വളർത്തുന്ന ഫാമുകളുടെ പേരിലും ഈ നാട് പ്രശസ്തമാണ്. വിദേശരാജ്യങ്ങളിലേക്ക് പോലും കയറ്റുമതിയുള്ള പ്രത്യേക ഇനം മത്സ്യങ്ങളെ വളർത്തുന്ന ഫാമുകളാണ് ഇവിടെയുള്ളത്. ഇവിടെയെത്തിയാൽ ഈ മത്സ്യത്തിന്റെ രുചി അറിയാതെ തിരിച്ചു പോകാനാവില്ല. വർണാഭമായ സസ്യങ്ങൾ,പുൽത്തകിടികൾ എന്നിവയാൽ അനുഗ്രഹീതമായ കോക്കർനാഗിലെ ബൊട്ടാണിക്കൽ ഗാർഡൻ സംസ്ഥാനത്തെ ഏറ്റവും വലിയ പൂന്തോട്ടമാണ്.

Kokernag1
By Aijaz Ahmad Malik/shutterstock

വർഷം മുഴുവനും കോക്കർനാഗ് സന്ദർശിക്കാം. ഏത് സമയത്തും അതിന്റെ സൗന്ദര്യം ആസ്വദിക്കാനാകും. എങ്കിലും ജൂലൈ മുതൽ സെപ്റ്റംബർ അവസാനം വരെ കോക്കർനാഗ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ശരത്കാലത്തും ഈ നാടിന്റെ മാന്ത്രികത ആവോളം ആസ്വദിക്കാനാവും.

 

English Summary: Kokernag in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com