മകനുമായി കാറിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങിയ അമ്മ നേരിട്ട വെല്ലുവിളികൾ

mother-and-son-india-trip
SHARE

ബൈക്കിലും കാറിലും ലോകം ചുറ്റുന്നത് സഞ്ചാരികളുടെ ഇടയിൽ ഇപ്പോൾ ട്രന്‍ഡായി മാറിയിരിക്കുന്നത്. കൂട്ടുകാർ ഗാങ് ചേർന്ന് കാറിൽ അഖിലേന്ത്യാ പര്യടനം നടത്തുന്നതും ദമ്പതികൾ യാത്രപോകുന്നതുമൊക്കെ സാധാരണമാണ്. പക്ഷേ അമ്മയും പതിനൊന്നു വയസായ മകനും ചേർന്നൊരു അഖിലേന്ത്യാ യാത്ര ആരെയും വിസ്മയിപ്പിക്കും. അത്തരമൊരു അപൂർവതയാണ് മിത്രയും മകൻ നാരായനും ചേർന്ന് നടത്തിയിരിക്കുന്നത്.

മകനുമായി അമ്മയുടെ അഖിലേന്ത്യാ യാത്ര

16800 കിലോമീറ്റർ യാത്ര അതും ഒരു സ്ത്രീ തന്റെ പതിനൊന്ന് വയസ്സുകാരനായ മകനൊപ്പം കാറിൽ. കേൾക്കുമ്പോൾ തെല്ലൊരു അമ്പരപ്പ് തോന്നുന്നില്ലേ? യാത്ര പോയത് കൊച്ചിയിൽ താമസിക്കുന്ന മിത്ര സതീഷ് ആണ്. മകൻ നാരായണനൊപ്പം തന്റെ എസ് ക്രോസിലാണ് മിത്ര ഇന്ത്യ കാണാനിറങ്ങിയത്. കോവിഡ് രൂക്ഷമാകുന്നതിനു മുൻപാണ് അമ്മയും മകനും യാത്രയാരംഭിച്ചത്, ഗ്രാമങ്ങളുടെ ആത്മാവിനെ തൊട്ടു ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയായിരുന്നു അത്. അതങ്ങനെ സുഗമമായി പോകുന്നതിനിടയിലാണ് കൊറോണ വീണ്ടും രാജ്യത്തെയാകെ ബാധിച്ചത്. ഒന്നാം തരംഗത്തേക്കാളും രണ്ടാം വരവ് നില വഷളാക്കി. പല സംസ്ഥാനങ്ങളിലും പൂട്ട് വീണു. യാത്ര പൂര്ണമാക്കാനാകാതെയാണ് കേരളത്തിൽ ലോക്ക് വീഴും മുൻപ് മിത്രയും നാരായണനും വീട്ടിൽ തിരികെയെത്തിയത്. പക്ഷെ കാണാൻ ഉദ്ദേശിച്ച പലതും അവർ കണ്ടെത്തി, അത് തന്നെയായിരുന്നു യാത്രയുടെ സന്തോഷമെന്നും മിത്ര പറയുന്നു. 

ഒരു സ്ത്രീ തന്റെ കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു ഇന്ത്യയെ കണ്ടെത്തുക എന്നതിന് ഒരു അർഥം കൂടിയുണ്ട്. പാട്രിയാർക്കിയാൽ സമൂഹത്തിൽ അത്തരത്തിലൊരു യാത്ര എന്നത് ഒരുപാട് ചോദ്യങ്ങളുയർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഈ യാത്ര തനിക്ക് തന്നെ തന്നെ കണ്ടെത്തലിന്റെ ഭാഗമാണെന്നും മിത്ര പറയുന്നു. 

mother-and-son-trip

ഒരു സ്ത്രീ, അതും ചെറിയ മകനോടൊപ്പം ഇന്ത്യ മുഴുവൻ കാറിൽ യാത്ര, അത്ര സാഹസികമല്ല 

സാഹസിക യാത്ര എന്നൊന്നും തോന്നീല്ല. ഞങ്ങൾ രണ്ടു പേരും ഒരുപാട് ആസ്വദിച്ച്‌ പോയ യാത്രയാണ്. കോവിഡ് ഇടയ്ക്ക് രൂക്ഷമായെങ്കിലും ഞാനൊന്ന് പേടിച്ചു, പക്ഷെ അവൻ നന്നായി ആസ്വദിച്ചു.  വിദ്യാഭാസത്തെക്കാൾ ജീവിതത്തിന്റെ മൂല്യങ്ങൾക്ക് ഒരുപാട് പ്രാധാന്യമുണ്ടെന്ന് തോന്നിയിട്ടുണ്ട്,  ആ വില കണ്ടെത്താൻ യാത്രകൾ എന്നെ സഹായിച്ചിട്ടുണ്ട്. യാത്രകൾ മനുഷ്യരെ ഒരുപാട് മാറ്റിമറിക്കും. നമ്മുടെ കാഴ്ചപാടുകൾ, ജീവിതം, എല്ലാം അതിനു മാറ്റാനുള്ള കഴിവുണ്ട്. മനുഷ്യ ജീവിതെത്തെക്കുറിച്ച് മോനും കൂടി ഒരു കാഴ്ചപ്പാടുകൾ കൊടുക്കേണ്ടതുണ്ടെന്നു തോന്നി, നമ്മൾ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് അവരുടെ പ്രായത്തിലുള്ള ഒരു കുട്ടി എല്ലാം കണ്ടും അനുഭവിച്ചും പഠിക്കുന്നതാണ്. അപ്പോൾ ഇതിലും നല്ല എന്ത് പാഠമാണ് എനിക്കവന് കൊടുക്കാനുള്ളത്!

ഇതിനു മുൻപ് പോയ യാത്രകൾ

സത്യത്തിൽ ഒരുപാട് യാത്രകളൊന്നും പോയി എനിക്ക് ആദ്യം പരിചയമുണ്ടായിരുന്നില്ല, എന്നാൽ യാത്രകളിഷ്ടമായിരുന്നു. പിന്നീട് യാത്ര തുടങ്ങിയപ്പോൾ പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ആദ്യം പോയത് ഭൂട്ടാനിലേക്കാണ്. ആ യാത്രയാണ് ജീവിതത്തിൽ വഴിത്തിരിവായത്. പിന്നെ രാജസ്ഥാൻ, മണിപ്പൂർ, ഡൽഹി ഒക്കെ ഒറ്റയ്ക്ക് പോയി, അതിനു ശേഷം ഒരുപാട് യാത്രകൾ പോയി, അതിനോട് പ്രണയമായി. സത്യത്തിൽ ഒരു യൂറോപ്പ് യാത്രയായിരുന്നു ഈ സമയത്ത് മനസ്സിലുണ്ടായിരുന്നത്,അതിനു വേണ്ടി എല്ലാം ശരിയാക്കിയിരുന്നതുമാണ് പക്ഷെ കൊറോണ പ്ലാൻ ഒക്കെ ഇല്ലാതാക്കി.

പിന്നെയാണ് ഇന്ത്യൻ യാത്ര വന്നത്. അതിന് ഒരു ട്രയൽ എന്ന രീതിയിൽ ഹംപിയിലേയ്ക്ക് പോയി. കൊറോണ സമയത്താണ് ഓൾ ഇന്ത്യ ഡ്രൈവ് ചെയ്ത ഒരു ഗ്രൂപ്പിനെ കുറിച്ച് വായിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കടന്നൊരു യാത്ര. ഡ്രൈവിംഗ് പതിനാലു വർഷമായി അറിയാം. ആലപ്പുഴ കൊച്ചി ആണ് ഇതുവരെ പോയ ലോങ്ങ് ഡ്രൈവ്, പക്ഷെ അത് പോരല്ലോ, അങ്ങനെ അതിനു വേണ്ടി തിരുവന്തപുരം , പിന്നെ ഹംപി ഒക്കെ പോയി വന്നു കാറിൽ. ജനുവരി ഫെബ്രുവരിയിൽ നന്നായി പ്ലാൻ ചെയ്തു, പിന്നെ മാർച്ചിൽ ഞങ്ങൾ യാത്രയ്ക്കിറങ്ങി. 

മകനെയും കൊണ്ട് തന്നെ പോകണം

mother-and-son-trip1

വലിയ എതിർപ്പുകളൊന്നും മോനെയും കൊണ്ട് പോകുന്നതിൽ ഉണ്ടായില്ല. എനിക്ക് സ്വയം ഒരു ടെൻഷനുണ്ടായിരുന്നു. നമ്മൾ ഒറ്റയ്ക്ക് പോകുമ്പോൾ സ്വാതന്ത്ര്യമുണ്ടല്ലോ, എന്തും എവിടെയും എല്ലാം ഒരു നിസ്സാരതയുണ്ട്. പക്ഷെ മകൻ കൂടെയുള്ളപ്പോൾ കൂടുതൽ കൺസേൺ ആവും. ഫെബ്രുവരിയോട് കൂടിയാണ് അവനെ കൊണ്ട് പോകാൻ തീരുമാനിച്ചത്. പോകാൻ വേണ്ടി ഇറങ്ങുന്നതിനിടയിൽ രണ്ടു തവണ തീരുമാനം മാറ്റി, കാരണം നക്‌സലൈറ്റുകൾ ഒക്കെ ഉള്ള സ്ഥലത്തിൽ കൂടിയൊക്കെയാണ് പോകുന്നത്, ആസാമിലെ വില്ലേജുകൾ, നോർത്ത് ഈസ്റ്റ്, അങ്ങനെ ഒക്കെ ഓർക്കുമ്പോൾ ഒരു പേടിയുണ്ടായിരുന്നു. വീട്ടിൽ അമ്മയും ഭർത്താവും സുഹൃത്തുക്കളും ഒക്കെ അനുകൂലമായിരുന്നു, അവർ പറഞ്ഞത് അവനും കാഴ്ചകൾ കാണട്ടെ എന്നാണു. അവർ തന്ന സപ്പോർട്ട് കൂടെ കൊണ്ടാണ് ഞങ്ങളൊന്നിച്ച് തന്നെ അതിനു വേണ്ടിയിറങ്ങാൻ പ്രധാന കാരണവും. 

യാത്രയിൽ പ്രശ്നങ്ങളുണ്ടായി...

രണ്ടു മൂന്ന് തവണ ടയർ പ്രശ്നമായി, ഭാഗ്യത്തിന് അത് നഗരത്തിൽ വച്ചാണ് ആയത്, അതുകൊണ്ട് എല്ലാം പെട്ടെന്ന് ശരിയായി. അല്ലെങ്കിലും പോകുന്നതിനു മുൻപ് ഞാനും മകനും ടയർ മാറ്റിയിടാനും തുടങ്ങി ഒക്കെ അത്യാവശ്യം പണികളൊക്കെ പഠിച്ചിരുന്നു, പക്ഷെ എന്തായാലും നമ്മൾ ചെയ്യാൻ നിന്നാൽ സമയം കുറെ പോകുമല്ലോ, എന്നാലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്, ഏതൊക്കെ സ്ഥലത്തിൽ കൂടി ഏതൊക്കെ സാഹചര്യത്തിലാണ് പോകേണ്ടി വരുന്നതെന്നറിയില്ലല്ലോ. പക്ഷെ കാർ ഒരു വലിയ പ്രശ്നമായില്ല. സിറ്റിയിൽ ആയതുകൊണ്ട് അവർ എല്ലാം പെട്ടെന്ന് ചെയ്തു തന്നു. 

ത്രിപുരയിൽ വച്ച് ഒരുതവണ കാർ ചെളിയിൽ പുതഞ്ഞു പോയി, അത് പക്ഷെ അവിടയുള്ള ഒരു ഡ്രൈവർ തന്നെ സഹായിച്ചു. സിക്കിമിൽ വച്ച് ഒരു ഇടിവെട്ടും പേമാരിയും ഒക്കെയുണ്ടായി. അവിടെയും ഞങ്ങൾ വണ്ടി ഒതുക്കിയിട്ടു കാത്തിരുന്നു. വഴി നീളെ മരങ്ങളൊക്കെ മറിഞ്ഞു കിടപ്പുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് വഴിയൊക്കെ തെറ്റി. പക്ഷെ ഒന്നും യാത്രയെ ബാധിക്കുന്ന രീതിയിലേക്ക് പോയില്ല .പക്ഷെ തിരികെ വരാൻ നേരം കൊറോണ പ്രശ്നമായി. പലയിടത്തും കോവിഡ് രൂക്ഷമായി ലോക്ക് ഡൌൺ പ്രഖ്യാപിക്കപ്പെട്ടു. കടകളില്ലാത്തതുകൊണ്ട് ഭക്ഷണമൊക്കെ പ്രശ്നമായി. 

കയ്യിൽ ബിസ്കറ്റ് പോലെയുള്ളവയുണ്ട്, പക്ഷെ അത് സ്ഥിരമാവുമ്പോൾ ഒരു മടുപ്പ് വരുമല്ലോ, പിന്നെയൊരു പ്രശ്നം ജമ്മുവിൽ വൈഷ്ണവയിൽ പോകാൻ നോക്കിയപ്പോൾ നാഷണൽ ഹൈവേ ബ്ലോക്കഡ് ആയി. ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് അതേക്കുറിച്ച് പഠിക്കാത്തെയാണ് പോയത്. അവിടെ ചെന്നാൽ ഹെലികോപ്റ്റർ ഒക്കെയുണ്ട് എന്നാണ് അറിഞ്ഞത്. ചോപ്പർ കുറെ ആളുകളൊക്കെ ആയാലേ എടുക്കൂ, ഒന്നര മണിക്കൂർ കാത്തിരുന്ന് അതിൽ കയറി വൈഷ്ണവ ദേവി ക്ഷേത്രത്തിൽ പോയി തൊഴുത് തിരികെ വരാൻ നോക്കിയപ്പോൾ അന്ന് തിരിച്ചു വണ്ടിയില്ല., അതും സമയം വൈകുന്നേരമായി. പതിനാലു കിലോ മീറ്റർ ട്രെക്കിങ്ങ് തന്നെയുണ്ട്. കുതിരപ്പുറത്ത് അവസാനം തിരികെ വന്നപ്പോഴത്തെക്കും ആറര ആയി. അതും നൈറ്റ് കർഫ്യു ഉള്ള സ്ഥലമാണ് അന്ന് ഒരുപാട് ടെന്ഷനടിച്ചു. അവിടെ നിന്ന് നടന്നു വരാനായിരുനെങ്കിൽ ഞങ്ങൾ രാത്രി ഒത്തിരി എടുത്തേനേ. കുതിരവണ്ടി ഉള്ളത്‌കൊണ്ട് മാത്രം രക്ഷപ്പെട്ടു. 

യാത്രകളിൽ നിന്ന് മിത്ര കണ്ടെത്തുന്നത് 

യാത്രകൾ എന്നെ ഒരുപാട് മാറ്റിയിട്ടുണ്ട്. നമ്മൾ ജീവിക്കുന്ന ജീവിതം ഒന്നുമല്ല എന്ന് തോന്നിയിട്ടുണ്ട്. അനാവശ്യമായ വഴക്കുകളിലും ബഹളങ്ങളിലുമൊന്നും വലിയ കാര്യമില്ല. അത്തരത്തിലുള്ളതിനൊന്നിനും വലിയ കാര്യമില്ല. പെട്ടെന്ന് ഇമോഷണൽ ആവുന്ന സ്വഭാവമായിരുന്നു, അതൊക്കെ നന്നായി മാറി. ഇത്തവണ ഉണ്ടായ യാത്ര കൂടുതലും ഗ്രാമങ്ങളിലൂടെയായിരുന്നു, അവരുടെ ജീവിതം കണ്ടെത്തുക എന്നത് വലിയൊരു അനുഭവമായി. എങ്ങനെ ഏറ്റവും ലളിതമായി ജീവിക്കാം എന്നതൊക്കെ അവരിൽ നിന്നാണ് കണ്ടത്. അതൊക്കെ ഒരു ജീവിതത്തെ കണ്ടെത്തുന്നതിന്റെ ഭാഗമാണ് എനിക്ക്. 

കൂടെ നിന്ന മനുഷ്യരെക്കുറിച്ച്

അമ്മയാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നത്. എനിക്ക് പതിനഞ്ച് വയസ്സുള്ള കുറച്ചു മാനസിക പ്രശ്നമുള്ള മകളുണ്ട്. ഞാൻ അങ്ങനെയൊരു യാത്ര പോകുമ്പോൾ അവളെ നോക്കിക്കോളാം എന്ന് പറഞ്ഞത് അമ്മയാണ്. ആ കാരണം കൊണ്ട് യാത്ര ഒരിക്കലും മാറ്റി വയ്ക്കേണ്ട എന്ന് തന്നെ 'അമ്മ പറഞ്ഞു. അമ്മയില്ലായിരുനെങ്കിൽ ഈ യാത്ര നടക്കില്ല. അതെ പോലെ തന്നെ ഭർത്താവും കൂടെ നിന്നു. മോനെയും കൊണ്ട് കൊണ്ട് പോകാൻ ഉള്ള താൽപ്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഏതെങ്കിലും ഒരു സമയത്ത് അവനു വിഷമം വരുകയോ തിരികെ വരണമെന്ന് തോന്നിയാലോ അദ്ദേഹം വന്നു അവനെ കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു. 

പിന്നെ രണ്ടു സുഹൃത്തുക്കൾ, സന്തോഷ്, അജയൻ. കോവിഡ് സെക്കൻഡ് വേവിൽ ഞങ്ങൾ നോർത്ത് ഈസ്റ്റിലാണ്, ആ സമയത്ത് അതുവരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വരെ ഭയങ്കരമായി പേടിപ്പിച്ചു, തിരികെ വരാൻ പറഞ്ഞു. പക്ഷെ അവരാണ് സപ്പോർട്ട് തന്നത്. പിന്നെ ചാക്കോ അങ്കിൾ... ഡ്രൈവിംഗ് അറിയാമെങ്കിലും ദൂര യാത്രകൾ പതിവുണ്ടായിരുന്നില്ല, അങ്കിൾ ഉപദേശിച്ചതുകൊണ്ടു യാത്ര പ്ലാൻ ചെയ്ത ശേഷം ആഴ്ചയിലൊരിക്കൽ തിരുവനന്തപുരം പോയി തൊട്ടു തിരികെ വരും. ഡ്രൈവിംഗ് ഒരു കോൺഫിഡൻസ് ആവാൻ വേണ്ടിയായിരുന്നു അത്. അതൊക്കെ ഒരുപാട് ഗുണം ചെയ്തു. പിന്നെ തീർച്ചയായും ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടുത്തെ മനുഷ്യർ നമ്മളെ ഒരുപാട് കൂടെ നിന്നു സഹായിച്ചിട്ടുണ്ട്. അതൊക്കെ എങ്ങനെ മറക്കാൻ പറ്റും!

സ്ത്രീകൾ യാത്ര പോകട്ടെ!

യാത്രകൾ എല്ലാവരും പോകണം. കുറച്ചു ദിവസമെങ്കിലും നമുക്ക് വേണ്ടി നമ്മൾ സമയം കണ്ടെത്തി സഞ്ചരിക്കണം. സാധാരണ നമ്മൾ കുട്ടികൾക്കും കുടുംബത്തിനും വേണ്ടി നമ്മളെ മാറ്റി വയ്ക്കും. നോക്കൂ, ജീവിതം എത്ര ചെറുതാണ്, എന്നാണു മടങ്ങി പോകേണ്ടി വരുകയെന്നറിയില്ല. പക്ഷെ ഒരു കാര്യം കഴിഞ്ഞാൽ അടുത്ത ബുദ്ധിമുട്ടുകൾ ജീവിതത്തിൽ വരും എല്ലാം പരിഹരിച്ച് കഴിഞ്ഞു പോവുക എന്നത് എളുപ്പമല്ല. അതുകൊണ്ട് ഇറങ്ങി പുറപ്പെടുക. സാധാരണ എല്ലാവരും സ്ത്രീകളോട് പറയുന്ന ഒരു കാര്യമുണ്ട്, അതും യാത്ര ചെയ്യുന്നവരോട്, കുട്ടികളെ ഒക്കെ കളഞ്ഞിട്ട് പോയി എന്ന്. അതിനൊരു മറുപടി എന്നതിന് വേണ്ടിയാണ് ഇത്തവണ ഞാൻ മകനെയും കൂടെ കൂട്ടിയത്. അവനും എല്ലാം കാണട്ടെ, ആസ്വദിക്കട്ടെ. അതുകൊണ്ട് നമ്മുടേതായ സമയം കണ്ടെത്താനും യാത്ര ഇഷ്ടമെങ്കിൽ അതിനു വേണ്ട സമയം കണ്ടെത്താനും മറക്കാതിരിക്കുക. 

ഇന്ത്യൻ ഗ്രാമങ്ങളിൽ കണ്ട സ്ത്രീകൾ

ഓരോയിടത്തും ഓരോ വ്യത്യസ്ത മുഖമാണ് സ്ത്രീകൾക്ക്. നോർത്ത് ഈസ്റ്റിലുള്ള സ്ത്രീകളാണ് അവരിൽ ഏറ്റവും വ്യത്യസ്തരാണെന്നു എനിക്ക് തോന്നിയത്. അവർ ഭയങ്കര സ്ട്രോങ്ങ് ആണ്. അടുക്കളയിൽ ഒതുങ്ങിയിരിക്കുക എന്നൊരു പരിപാടിയും അവർക്കില്ല. അടുക്കള ജോലി ചെയ്യും പുറത്തിറങ്ങി ജോലിയെടുക്കും, ഭയങ്കര ആക്റ്റീവ് ആണ് അവർ.. പുരുഷാധിപത്യം അവിടെ ഞാൻ കണ്ടില്ല. ഗ്രാമങ്ങളിലുള്ള സ്ത്രീകൾ പോലും മുന്നോട്ട് വരണം, ജീവിക്കണം എന്നൊക്കെയുള്ളവരാണ്. ബാക്കിയുള്ള പല ഗ്രാമങ്ങളിലും സാഹചര്യങ്ങളോട് ഇണങ്ങി ചേർന്ന് പോയവരാണ്, പക്ഷെ ഇവർ സാഹചര്യങ്ങളോട് നല്ല രീതിയിൽ പടവെട്ടിയതുകൊണ്ടാവണം പുരുഷന്മാർക്കൊപ്പം തന്നെ നിന്നു ജീവിതം ആഘോഷമാക്കാൻ അവർക്ക് കഴിയുന്നുണ്ട്. 

ലോക്ഡൗൺ സമയം തിരികെയുള്ള യാത്ര

ലോക്ഡൗൺ യാത്രയെ അത്രയ്ക്കൊന്നും ബാധിച്ചില്ല. ആ സമയത്ത് ഞങ്ങൾ നോർത്ത് ഈസ്റ്റിലാണ്. ആദ്യം അത് തുടങ്ങിയതും നോർത്ത് ഇന്ത്യയിലാണല്ലോ. അവിടെ നിന്നും നേരെ പോയത് പഞ്ചാബിലാണ്, അവിടെ ആ സമയത്ത് രാത്രി കർഫ്യു മാത്രമേയുള്ളൂ. ശ്രീനഗറിൽ പോയപ്പോഴാണ് ലോക്ക് ഡൌൺ ആദ്യമായി അഭിമുഖീകരിച്ചത്. അവിടെ ഞങ്ങൾ സോനാമാർഗ്ഗിലേക്കാണ് പോയത്. അവിടെയൊരാളെ പരിചയമുണ്ടായിരുന്നു, അതൊരു ഗ്രാമമാണ്, അവിടെ എല്ലാം കാണാനും ആസ്വദിക്കാനും പറ്റി. ജമ്മുവിൽ നിന്നു ഇറങ്ങിയപ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളും ലോക്ക് ആയി. 

പക്ഷേ ഹൈവേ കൂടി യാത്ര ചെയ്യാം. ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടി, അതാണ് ലോക്ക് ഡൌൺ പ്രശ്നം ആയത്. രാജസ്ഥാനിൽ കടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പാസ്സ്, കോവിഡ് ടെസ്റ്റ് റിസൾട്ട് ഒക്കെയുണ്ടായിരുന്നു. പക്ഷേ അവിടെ പോലീസുകാർക്ക് അതൊന്നുമല്ല കൈക്കൂലിയാണ് വേണ്ടിയിരുന്നത്. എന്തായാലും തിരികെ ഒറ്റ ഡ്രൈവിൽ ഇങ്ങു പോന്നു, തിരികെയുള്ള യാത്രയിൽ അധികം സ്ഥലങ്ങൾ ആസ്വദിക്കാനായില്ല എന്ന വിഷമം മാത്രമേയുള്ളൂ. എന്തയാലും കേരളത്തിന് ലോക്ക് വീഴും മുൻപ് ഞങ്ങൾ തിരികെയെത്തി.

English Summary: Mother And Son Travel By Car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA