ADVERTISEMENT

ലക്ഷദ്വീപാണ് വാർത്തകളില്‍ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ലക്ഷദ്വീപിൽ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നടൻ പ്രൃഥ്വിരാജ് അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രഫുൽ കെ. പട്ടേല്‍ ചുമതലയേറ്റതോടെ കലക്ടറെ മാറ്റിയതും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുതുമൂലം ദ്വീപിന്റെ ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോൾ കോവിഡിന്റെ പിടിയിലാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു. ദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി 60 ശതമാനത്തിലധികം വർദ്ധിച്ചു. ഗുണ്ടാ ആക്ട് നടപ്പിലാക്കുകയും പാൽ സംഭരണം നിർത്തിവയ്ക്കുകയും അടക്കമുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ ശക്തമായ പ്രതിഷേധമുണ്ട്. സമൂഹമാധ്യമങ്ങളിൽ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിനും ചൂടേറിയ വിഷയമായി മാറിയിരിക്കുന്നു.

സംസ്കാരമാണ് സൗന്ദര്യം

lakshadweep5

പവിഴപുറ്റുകളുടെ സൗന്ദര്യം നിറഞ്ഞ ലക്ഷദ്വീപിനെ സുന്ദരിയാക്കുന്നത്‌ അന്നാട്ടിലെ സംസ്കാരവും ജനങ്ങളുമൊക്കെയാണ്. ടൂറിസമാണ് ഇവിടുത്തെ പ്രധാനവരുമാന മാർഗം. വളരെയധികം കടമ്പകൾ കടന്നാൽ മാത്രമേ ദ്വീപ് സമൂഹത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളു. മദ്യം പോലെ തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും ദ്വീപുകളിൽ നിരോധനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കവരത്തി, കടമം, മിനിക്കോയി, അഗത്തി തുടങ്ങിയ ജനവാസമുള്ള ദ്വീപുകളിൽ മദ്യവിതരണത്തിന് അനുമതി നൽകി. ടൂറിസം വകുപ്പിനു കീഴിലുള്ള സൊസൈറ്റിയാണ് മദ്യശാല നടത്തുന്നത്. നേരത്തെ ആളില്ലാത്ത ദ്വീപുകളിലായിരുന്നു ടൂറിസത്തിന്റെ പേരിൽ മദ്യം നൽകിയിരുന്നത്. ആൾതാമസമുള്ള സ്ഥലത്തേക്കു മദ്യം കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കി.

Lakshadweep

സമാധാനപരമായ ജീവിതരീതി

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്കാരം പുലർത്തുന്ന ദ്വീപുനിവാസികളുടെ സമാധാനപരമായ ജീവിതരീതിയാണ് ഏറ്റവും ആകർഷണീയം. നൻമ മാത്രം ആഗ്രഹിക്കുന്ന ഇവിടുത്തെ ജനങ്ങൾക്കെല്ലാം പരസ്പരം നന്നായി അറിയാമെന്നതും സഹകരണവും എടുത്തു പറയേണ്ട കാര്യങ്ങളാണ്. സഞ്ചാരികളോട് തികഞ്ഞ ആതിഥ്യ മര്യാദ കണിക്കുന്ന ദ്വീപ് നിവാസികൾ തങ്ങൾക്ക് മോശമായി തോന്നുന്ന എന്തിനെയും പടിക്കു പുറത്ത് നിർത്തലാണ് പതിവ്. പലസിനിമകളുടെയും ലൊക്കേഷനായിട്ടുള്ള ലക്ഷദ്വീപിന്റെ സൗന്ദര്യത്തെക്കുറിച്ച് കൂടുതൽ വർണിക്കേണ്ട കാര്യം തന്നെയില്ലെന്ന് വേണം കരുതാൻ. ലക്ഷദ്വീപെന്ന ഈ സ്വർഗഭൂമി മലയാളികളോടുകൂടി സഹായം അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ.

വിനോദ സഞ്ചാരികളുടെ സ്വന്തം നാട്

ലക്ഷം ദ്വീപുകളുടെ സമുച്ചയമാണ് ലക്ഷദ്വീപെന്ന് സാഹിതീകരിച്ച് പറയാം. എന്തുതന്നെ ആയാലും കേരളവുമായി അഭേദ്യമായ ബന്ധമുണ്ട് ഈ ദ്വീപിന്. കണ്ണാടി പോലെ കടലിന്റെ അടിത്തട്ട് കാണാൻ കഴിയുന്ന വെള്ളം, മനോഹരമായ പവിഴപ്പുറ്റുകൾ, എല്ലാം കൊണ്ടും ഒരുതരം കടലിന്റെ ലോകത്തായി പോകുന്ന അനുഭവമാണ് ലക്ഷദ്വീപ് യാത്ര. ചെറുതും വലുതുമായ 36 ദ്വീപുകളാണുള്ളത്. ചെറിയ പാണി എന്ന ദ്വീപ് കടലിലേക്ക് താണുപോയി. ഇവയില്‍ ജനവാസമുള്ളത് പതിനൊന്നെണ്ണത്തില്‍ മാത്രം. 32 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്നു. ഈ ദ്വീപുകള്‍ ചില ദ്വീപുകളിലേക്ക് കടലിലൂടെ നടന്നു ചെന്നു കയറാം. ചിലതിലേക്ക് ഒന്നുരണ്ടു മണിക്കുര്‍ ബോട്ടിൽ സഞ്ചരിക്കണം.

Lakshadweep

കടലുമായി ബന്ധപ്പെട്ട് വാട്ടർ സ്പോർട്ടുകളായ സ്കൂബാ, സ്നോർക്കലിംഗ്, വിൻഡ് സർഫിങ്ങ്, കയാക്കിങ്ങ്, കനോയിംഗ്, ഫിഷിങ്ങ് തുടങ്ങിയവയക്കെല്ലാം ധാരാളം അവസരങ്ങളുണ്ടവിടെ.

ലക്ഷദ്വീപിലേക്ക് പോകാൻ  വീസ പോലുള്ള എൻട്രി പെർമിറ്റ് (Entry Permit) ആവശ്യമാണ്. ഇതിനായി നിങ്ങളുടെ താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (Clearance Certificate) അപേക്ഷ നൽകണം. ഇതിനുള്ള അപേക്ഷാ ഫോം ഓൺലൈനിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖകളും 3 പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം. ലഭിക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും എൻട്രി പെർമിറ്റ് (Entry Permit)ഫോം പൂരിപ്പിച്ചതും (ഇതും ഓൺലൈനിൽ ലഭിക്കും) കൊച്ചി വെല്ലിംഗ്ടൺ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകി 50 രൂപ ഫീസും അടച്ചാൽ എന്‍ട്രി പെർമിറ്റ് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പെർമിറ്റ് ലക്ഷദ്വീപിൽ എത്തി അവിടുത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സമർപ്പിക്കണം.

lakshadweep4

കൊച്ചിയിൽ നിന്നു ആഴ്ചയിൽ ആറു ദിവസം എയർ ഇന്ത്യയുടെ വിമാന സർവീസ് ലക്ഷദ്വീപിലേക്കുണ്ട്. ഒരു മണിക്കൂർ കൊണ്ട് ദ്വീപിലെത്താം. കുറച്ചു പേർക്കു മാത്രം സഞ്ചരിക്കാൻ പറ്റുന്ന  ചെറുവിമാനമാണിത്. ലഗ്ഗേജുകൾ കഴിവതും കുറച്ചു കൊണ്ടു പോകാൻ പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷദ്വീപിലെ അഗത്തി ഐലന്‍ഡിലാണ് വിമാനത്താവളം. കൊച്ചിയിൽ നിന്ന് കപ്പൽ മാർഗവും ദ്വീപിലെത്താം. ഏകദേശം 15 മണിക്കൂർ വേണ്ടി വരും.

English Summary: Most beautiful Island in Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com