യാത്രയ്ക്കിടെ കിട്ടിയ സംസ്ഥാന പുരസ്കാരം, എന്നും മോഹിപ്പിക്കുന്നിടം: വിശേഷങ്ങൾ പങ്കുവച്ച് നജീം

Najim-Arshad-trip
SHARE

സംഗീതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇഷ്‍ടപ്പെടുന്നത് യാത്രകളാണ്. പുതിയ സ്ഥലവും കാഴ്ചകളും ആസ്വദിക്കുവാൻ പിന്നണി ഗായകനും സംഗീത സംവിധായകനുമായ നജിം അര്‍ഷാദിന് പ്രിയമാണ്. നജീമിന് ഒറ്റയ്ക്കുള്ള യാത്രകളേക്കാള്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്കൊപ്പം സഞ്ചരിക്കാനാണ് താല്‍പര്യം. കൂട്ടംകൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കി ഒന്നോ രണ്ടോ പേര്‍ക്കൊപ്പമാണ് മിക്കവാറും തന്റെ യാത്രകളെന്നും വിവാഹശേഷം യാത്രകൾക്ക് കൂട്ടായി എത്തുന്നത് ഭാര്യയും കുട്ടിയുമൊണന്നും നജീം പറയുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ദീര്‍ഘദൂരയാത്രകളെ പ്രണയിക്കുന്ന നജീമിന്റെ സംഗീതം പോലെ മനോഹരമായ യാത്രാവിശേഷങ്ങൾ അറിയാം.

Najim-Arshad-travel

ഉംറ ചെയ്യുവാനുള്ള ഭാഗ്യം

2015 ലായിരുന്നു എന്റെ വിവാഹം. തസ്‌നിയെന്നാണ് ഭാര്യയുടെ പേര്. ഡെന്റിസ്റ്റാണ്. വിവാഹശേഷമുളള മിക്ക വിദേശയാത്രകളിലും ഭാര്യയെയും ഒപ്പം കൂട്ടും. സ്റ്റേജ് ഷോകള്‍ക്കായി നിരവധി വിദേശരാജ്യങ്ങളില്‍ പോകുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയ, യുകെ, സൗദി അറേബ്യ അങ്ങനെ കുറേ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര നടത്താൻ സാധിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ പോയപ്പോള്‍ രണ്ടാള്‍ക്കും ഒരുമിച്ച് ഉംറ ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായി. ‌ഇൗ അനുഗ്രഹങ്ങളൊക്കെയും സംഗീതം സമ്മാനിച്ചതാണ്. ജോലിയുടെ ഭാഗമായിട്ടല്ലാതെയും ഞങ്ങള്‍ യാത്രകള്‍ നടത്താറുണ്ട്.

Najim-Arshad-travel8

ഹിമാലയം കയറിയ കഥ

ഞങ്ങളുടെ സ്വപ്നയാത്രയായിരുന്നു ഹിമാലയം. ആ യാത്ര യാഥാർത്ഥ്യമായി. ഏകേദശം 20 ദിവസമെടുത്താണ് ഹിമാലയം യാത്ര നടത്തിയത്. ഞങ്ങള്‍ രണ്ടുപേരെയും സംബന്ധിച്ച് അതൊരു ജീവിതാഭിലാഷമായിരുന്നു.

2019 ലായിരുന്നു ആ സാഹസിക യാത്ര. ഡല്‍ഹി വരെ വിമാനത്തിലും അവിടെ നിന്ന് ജീപ്പിലുമായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്നും ഹിമാലയം വരെ ജീപ്പ് യാത്ര എന്നുപറയുമ്പോള്‍ ഊഹിക്കാമല്ലോ എത്രത്തോളം സാഹസികമാണെന്ന്. 4000 കിലോമീറ്ററോളം ജീപ്പിലൂടെ യാത്ര ചെയ്തു. ആ യാത്രയില്‍ ഇന്ത്യയുടെ ഏതാണ്ട് വടക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ കണ്ടു.

Najim-Arshad-travel9

ജമ്മു കശ്മീര്‍, ശ്രീനഗര്‍, കാര്‍ഗില്‍, ലഡാക്ക്, കുളു-മണാലി അങ്ങനെ നീളുന്നു. അതിഗംഭീരമായൊരു ട്രിപ്പായിരുന്നു. ഓരോ കാഴ്ചകൾക്കും വ്യത്യസ്ത സൗന്ദര്യമായിരുന്നു. ശരിക്കും ആസ്വദിച്ചു നടത്തിയ യാത്ര. എന്നാൽ മനസ്സിൽ നല്ല ഭയവുമണ്ടായിരുന്നു. ഭീകരാക്രമണങ്ങളൊക്കെ നടക്കുന്ന സ്ഥലമല്ലേ, തീര്‍ച്ചയായും പേടിക്കും. പിന്നെ ഞാനും ഭാര്യയും ദുബായിലുള്ള ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്ക് ധൈര്യം നൽകിയത്.

Najim-Arshad-travel5

യാത്രക്കിടയില്‍ കിട്ടിയ സംസ്ഥാന അവാര്‍ഡ്

യാത്രയും സംഗീതവും നജീമിന് ഇരുകൈകള്‍പോലെയാണ്. ഒന്ന് മറ്റൊന്നുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടാവാം ഒരു യാത്രയ്ക്കിടെയാണ് നജീം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് ലഭിച്ചതിന്റെ സന്തോഷമറിയുന്നത്. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഇളവുകൾ വന്നതോടെ യാത്ര ചെയ്യാതെ വീടിനുള്ളിൽ കഴിഞ്ഞവരും യാത്രകൾ നടത്താൻ തുടങ്ങി. അങ്ങനെ നജീമും യാത്രയ്ക്ക് തയാറെടുത്തു.

മൂന്നാര്‍, ഇടുക്കി, തേക്കടി അതായിരുന്നു യാത്ര. അങ്ങനെ തേക്കടി ട്രിപ്പിനിടയ്ക്കാണ് സംസ്ഥാന പുരസ്‌കാരം കിട്ടുന്ന വിവരം അറിയുന്നത്. അന്ന് നജീമും ഫാമിലിയും തേക്കടിയിലെ അമാന പ്ലാന്റേഷന്‍ എന്ന റിസോര്‍ട്ടിലായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷ നിമിഷങ്ങളാണ് അന്ന് നജീമിനെ തേടിയെത്തിയത്. ആസ്വദിച്ച് നടത്തിയ യാത്രക്കിടെയാണ് സന്തോഷത്തിന് ഇരട്ടി മധുരമായി സംസ്ഥാന അവാര്‍ഡ് ലഭിച്ച വാർത്തയറിയുന്നത്. ജീവിതത്തിലെ അസുലഭനിമിഷങ്ങളായിരുന്നു അതെന്നും നജീം പറയുന്നു.

Najim-Arshad-travel4

കാട്ടിലൂടെ കടലില്‍ ചെന്നപ്പോള്‍

ലോക്ഡൗണ്‍ മാറിയ സമയത്ത് ഞാനും ഫാമിലിയും പൂവാറിന് പോയിരുന്നു. തിരുവനന്തപുരം സ്വദേശിയായതിനാല്‍ അവിടുത്തെ മിക്ക ടൂറിസ്റ്റ് ഇടങ്ങളും കണ്ടുകഴിഞ്ഞതാണ്. എങ്കിലും പൂവാറിലെ ബോട്ടിങ്ങിന് പോകാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെ കുടുംബവുമൊത്ത് പൂവാർ ട്രിപ് പ്ലാൻ ചെയ്തിരുന്നു.

സിനിമയിലൊക്കെ കാണുന്നതുപോലെ കണ്ടല്‍കാട്ടിലൂടെയൊക്കെയാണ് ആ ബോട്ട് പോവുക. കണ്ടൽക്കാട്ടിലൂടെ പോയി നേരെ ചെന്നുകയറുന്നത് കടലിലേക്കാണ്. മനോഹരയാത്രയായിരുന്നു. കായലും കടലും സംഗമിക്കുന്ന ഭൂമിയാണ് പൂവാര്‍. സുന്ദരമായ കാഴ്ചകളാല്‍ പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരമായൊരിടം. അറബിക്കടലിന്റെ തീരത്തുള്ള വളരെ ശാന്തസുന്ദരമായ ബീച്ചാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കായലും കടലും മണല്‍ത്തിട്ടകൊണ്ട് വേര്‍തിരിച്ച കാഴ്ച ശരിക്കും അതിശയിപ്പിക്കും. വേലിയേറ്റ സമയങ്ങളില്‍ കായലിന്റെ അരികിലേക്ക് കടല്‍ കേറി വരുന്ന പൊഴിയും ഇവിടെയുണ്ട്. എല്ലാവരും ഒരിക്കലെങ്കിലും അവിടെ ഒന്നുപോകണമെന്നാണ് എന്റെ അഭിപ്രായം. അത്രയ്ക്കും മനോഹരമാണ് പൂവാർ.

Najim-Arshad-travel6

എന്നും മോഹിപ്പിക്കുന്നയിടം

നിരവധി വിദേശരാജ്യങ്ങളില്‍ പോയിട്ടുണ്ട്. അമേരിക്ക, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ അങ്ങനെയെല്ലാം. എന്നിരുന്നാലും അവയില്‍ നിന്നെല്ലാം ഹിമാലയം വേറിട്ടുനില്‍ക്കുന്നു. എന്നും ഹിമാലയത്തിന്റെ ഭംഗി ഒന്നുവേറെ തന്നെയാണ്. മോഹിപ്പിക്കുന്ന സ്വര്‍ഗീയ വിരുന്നാണവിടം. അത് പറഞ്ഞറിയിക്കാനാവില്ല. ഒരല്‍പ്പം സാഹസികത നിറഞ്ഞതാണെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തൊരനുഭവമായിരിക്കും ഹിമാലയം സമ്മാനിക്കുക. അവിടുത്തെ ഓരോ കാഴ്ചയ്ക്കും ഓരോ ഫ്രെയിമാണ്, ഒരു സ്ഥലവും ഒഴിവാക്കാനാവില്ല.

പോകുന്ന വഴിയ്‌ക്കൊക്കെ ഇറങ്ങി ഫോട്ടോയെടുക്കണമെന്നൊക്കെ തോന്നും. പക്ഷേ നമ്മള്‍ ഇറങ്ങുമ്പോള്‍ തന്നെ പട്ടാളക്കാര്‍ വന്ന് ഫോട്ടോയെടുക്കരുത് അത് പ്രശ്നബാധിത പ്രദേശമാണെന്നെല്ലാം പറഞ്ഞുതരും. കണ്ണുകള്‍ക്കും മനസ്സിനും നിറയെ കാണാനുള്ളത്ര രസകരവും ഗംഭീരവുമായ കാഴ്ചകള്‍ ഹിമാലയം ഒരുക്കിവച്ചിട്ടുണ്ട്. ഏതാണ്ട് 4000 കിലോമീറ്ററോളം മലകളും കുന്നുകളും കയറിയിറങ്ങിയുള്ള യാത്ര. അവസരം ലഭിച്ചാല്‍ എല്ലാവരും ഒരിക്കലെങ്കിലും അവിടെയൊന്ന് പോകണം.

Najim-Arshad-travel1

English Summary: Celebrity Travel, Najeem Arshad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA