ADVERTISEMENT

കാണുമ്പോള്‍ വളരെ ശാന്തത നിറഞ്ഞ സ്ഥലമാണ് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്ന് 35-40 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കിരാഡു പട്ടണം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമായിട്ടു പോലും രാജ്യത്തെ സമാനമായ മറ്റു സ്ഥലങ്ങളെപ്പോലെ ടൂറിസ്റ്റുകളുടെ അതിപ്രസരം കാണാനാവില്ല ഇവിടെ. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിര്‍മിച്ചതും പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ളതുമായ പുരാതന ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അധികം പ്രശസ്തമല്ലെങ്കിലും വ്യത്യസ്തമായ യാത്രാനുഭവം ആഗ്രഹിക്കുന്ന സഞ്ചാരികളില്‍ പലരും കേട്ടറിഞ്ഞ് ഇവിടേക്ക് എത്തുന്നുണ്ട്.

കിരാഡുവിലെ ഈ ക്ഷേത്രങ്ങള്‍ കാലങ്ങളായി ചരിത്രകാരന്മാർക്കും ചരിത്രപ്രേമികൾക്കുമിടയിൽ നിരന്തരമായ ചര്‍ച്ചാ വിഷയമാണ്.  11-12 വരെ നൂറ്റാണ്ടുകൾക്കിടയില്‍ നിർമിച്ചതെന്ന് കരുതുന്ന 108 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവ. ഈ 108 ക്ഷേത്രങ്ങളിൽ അഞ്ച് ക്ഷേത്രങ്ങൾ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ശിവന് സമർപ്പിച്ചിരിക്കുന്ന സോമേശ്വര ക്ഷേത്രമാണ് അവയിലൊന്ന്. വാസ്തുവിദ്യയുടെ സമഗ്രതയാണ് ഇവയെ വേറിട്ടു നിര്‍ത്തുന്നത്. 

എന്നാല്‍, ഈ ക്ഷേത്രങ്ങളുടെ പരിസരത്തേക്ക് പോകാന്‍ നാട്ടുകാര്‍ അടക്കം ആരും പൊതുവേ ധൈര്യപ്പെടാറില്ല. ഇവയെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. ഭയം കാരണം. സൂര്യാസ്തമയത്തിനുശേഷം പ്രത്യേകിച്ച്, ക്ഷേത്രങ്ങള്‍ക്കടുത്തേക്ക് പോകാന്‍ ആരും തയാറാവാറില്ല. 

എന്താണ് ഈ പേടിക്കു പിന്നിലെ രഹസ്യം?

കിരാഡു ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പം ഉള്ളതായി കാണിക്കുന്ന യാതൊരു തെളിവുകളും നിലവില്‍ ലഭ്യമല്ല. സൂര്യാസ്തമയത്തിനുശേഷം ആരും ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കാത്തതിനു പിന്നില്‍ തലമുറകളായി കൈമാറിപ്പോരുന്ന ഒരു കഥയുണ്ട്.

ഐതിഹ്യമനുസരിച്ച്, തുർക്കികളുടെയും മറ്റ് വിദേശ ആക്രമണകാരികളുടെയും ആക്രമണത്തിനുശേഷം, രാജ്യത്തിന്‍റെ അഭിവൃദ്ധി പുനസ്ഥാപിക്കുന്നതിനായി അന്ന് ഇവിടം ഭരിച്ചിരുന്ന സോമേശ്വര രാജാവ് ഒരു മുനിയെ ക്ഷണിച്ചുവെന്ന് പറയപ്പെടുന്നു. ആചാരാനുഷ്ഠാനങ്ങള്‍ പൂർത്തിയാക്കിയ ശേഷം, നാട്ടുകാരുടെ സമ്പൂർണ സന്തോഷവും അഭിവൃദ്ധിയും ഉറപ്പുവരുത്താന്‍ ആജ്ഞാപിച്ച്, മുനി തന്‍റെ ശിഷ്യന്മാരിൽ ഒരാളെ അവിടെ നിയമിച്ച ശേഷം തിരിച്ചു പോയി. 

കാലങ്ങള്‍ കടന്നു പോയി. അഭിവൃദ്ധി തിരിച്ചു വന്നതോടെ നാട്ടുകാർ ശിഷ്യനെ ഏറെക്കുറെ മറന്നു. ശരിയായ പരിചരണത്തിന്‍റെ അഭാവത്തില്‍ ശിഷ്യൻ രോഗിയായി മാറി. മണ്‍പാത്രം നിര്‍മ്മിക്കുന്ന ഒരു കുടുംബം മാത്രം ആ അവസ്ഥയില്‍ അദ്ദേഹത്തെ പരിപാലിക്കുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്തു. 

തന്‍റെ ശിഷ്യനുണ്ടായ ദുരവസ്ഥ കേട്ട് മുനി കോപാകുലനായി. ഗ്രാമം മുഴുവൻ കല്ലായി മാറട്ടെ, എന്ന് അദ്ദേഹം ശപിച്ചു. ശിഷ്യനെ പരിചരിച്ച കുടുംബത്തെ മാത്രം സുരക്ഷിതമായി ഗ്രാമം വിട്ടു പോകാന്‍ അനുവദിച്ച ശേഷമായിരുന്നു അദ്ദേഹം നാട്ടുകാരെ ശപിച്ചത്. അന്നുമുതല്‍ക്ക്, ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശം ഒന്നാകെ മുനിയുടെ ക്രോധത്തിന്‍ കീഴിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ വൈദഗ്ദ്ധ്യം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഈ ക്ഷേത്രങ്ങളുടെ വാസ്തുവിദ്യാ വൈദഗ്ദ്ധ്യം ഇന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. ക്ഷേത്ര ഭിത്തികളിൽ, ദേവന്മാരുടെയും ദേവതകളുടെയും സങ്കീർണ്ണമായ കൊത്തുപണികളും നിരവധി മൃഗരൂപങ്ങളും കാണാം. സൂക്ഷ്മവും വിശദവുമായ ഈ കലാവിരുത് അന്നത്തെ ഹിന്ദു ജീവിതരീതി, സാംസ്കാരിക സ്വാധീനം, രാജാക്കന്മാരുടെ മഹത്വം എന്നിവയെക്കുറിച്ച് ഉള്‍ക്കാഴ്ച പകരുന്നതാണ്.

കിരാഡു ക്ഷേത്രങ്ങളുടെ ചരിത്രം

പതിനൊന്നാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും ഇവിടം ഭരിച്ച രജപുത്രരായ കിരാഡു അഥവാ കിരാർ വംശജരാണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചാലൂക്യ രാജാക്കന്മാരാണ് ക്ഷേത്രങ്ങൾ നിർമിച്ചതെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു. 

ശിവനും വിഷ്ണുവിനുമായി സമർപ്പിച്ച 108 ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. വിദേശ ആക്രമണകാരികളുടെ ആക്രമണം മൂലം കാലക്രമേണ, ഈ ക്ഷേത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി നശിച്ചു. ഇന്ന് ഇക്കൂട്ടത്തില്‍പ്പെട്ട അഞ്ചു ക്ഷേത്രങ്ങള്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ.

സഞ്ചാരികള്‍ക്ക് ക്ഷേത്രങ്ങള്‍ കാണാം

വിനോദസഞ്ചാരികൾക്ക് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഇവിടം സന്ദര്‍ശിക്കാം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയുണ്ടെങ്കില്‍ , ഫോട്ടോഗ്രാഫിക്കായി സന്ധ്യാസമയം വരെ തങ്ങാം. വിദേശ പൗരന്മാർക്ക് 200 രൂപയും സ്വദേശികള്‍ക്ക് 50 രൂപയും വിദ്യാർത്ഥികൾക്ക് 5 രൂപയുമാണ്  ടിക്കറ്റ് നിരക്ക്.

English Summary: Kiradu Historical Temple Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com