ADVERTISEMENT

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്ള ഒരു സ്ഥലമാണ് ഹിമാചല്‍‌പ്രദേശിലെ ഷിംല. വര്‍ഷത്തില്‍ ഏതു സമയത്ത് വന്നാലും അതിമനോഹരമാണ് ഈ ഹിമാലയന്‍ നഗരം. സഞ്ചാരികള്‍ക്ക് കണ്ണുനിറയെ കാണാനും വയറു നിറയെ കഴിക്കാനും മനസ്സു നിറയെ സന്തോഷം നിറയ്ക്കാനുമായി ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും സ്ഥലങ്ങളുമെല്ലാം ഇവിടെയുണ്ട്. ഷിംലയില്‍ ഇവയെല്ലാം ഒത്തുചേരുന്ന ഒരു കൊച്ചു പട്ടണമാണ് മഷോബ്ര. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിൽ ഡല്‍ഹൗസി പ്രഭു നിർമിച്ച ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് വഴി മഷോബ്രയെ ഷിംലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളും പരിചയപ്പെടാം.

Mashobra2

രാഷ്ട്രപതിയുടെ ബംഗ്ലാവ്

മഷോബ്രയിലാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ വേനൽക്കാല വസതി. 1850–ൽ നിർമിച്ച ഈ കെട്ടിടം പൂര്‍ണമായും തടി കൊണ്ട് നിര്‍മിച്ചതാണ്. ഇപ്പോൾ എല്ലാ വേനൽക്കാലത്തും രാഷ്ട്രപതിയും കുടുംബവും ഇവിടെ വന്നു താമസിക്കുന്നു.

Presidential-Retreat

1948 മെയ് മാസത്തിൽ, ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയും പിന്നീട് ഗവർണർ ജനറലും ആയി സേവനമനുഷ്ഠിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുന്നതിനുമുമ്പ്, മൗണ്ട് ബാറ്റൺ പ്രഭുവും ഭാര്യ ലേഡി എഡ്വിനയും ഏതാനും ആഴ്ചകൾ ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന  ജവഹർലാൽ നെഹ്‌റു അവരെ സന്ദർശിച്ചതും തുടര്‍ന്നുണ്ടായ കാര്യങ്ങളുമെല്ലാം ലേഡി മൗണ്ട് ബാറ്റന്‍റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രിയങ്കാഗാന്ധിയുടെ വീട്

മഷോബ്രയില്‍ പ്രിയങ്കാ ഗാന്ധിക്ക് ഒരു വീടുണ്ട്. 2007ലാണ് പൈന്‍ കാടിന് നടുവിലെ ആ വീട് പ്രിയങ്ക  സ്വന്തമാക്കിയത്. വീടിനു ചുറ്റുമായി പൈന്‍മരങ്ങളും ഓക്കും ദേവതാരുവും ചെസ്‌നട്ടും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മൂന്നര ഏക്കര്‍ വിസ്തൃതി വരുന്ന തോട്ടമുണ്ട്. അന്ന് 47 ലക്ഷത്തിന് വാങ്ങിയ ഈ വീടിന് ഇന്ന് കോടികളാണ് മതിപ്പുവില കണക്കാക്കുന്നത്. പ്രിയങ്കയുടെ കുട്ടിക്കാലത്ത്, സുന്ദരമായ ഭൂപ്രകൃതിയും മലമുകളിലെ ശാന്തത മുറ്റി നില്‍ക്കുന്ന അന്തരീക്ഷവും ആസ്വദിക്കാനായി രാജീവ് ഗാന്ധി കുടുംബസമ്മേതം അവധിക്കാലം ചിലവഴിക്കാന്‍ ഈ വീട്ടിലെത്താറുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളായിരുന്ന ലോഡ് കിച്ച്‌നെറും, ലോഡ് റിപ്പോണും ഒരുകാലത്ത് ഈ വീടിന്‍റെ ഉടമസ്ഥരായിരുന്നു.

ഒരു നിമിഷം പോലും ബോറടിക്കില്ല

സഞ്ചാരികള്‍ക്ക് കാണാനായി എണ്ണമറ്റ കാര്യങ്ങളുണ്ട് മഷോബ്രയില്‍. അതുകൊണ്ടുതന്നെ മുഷിപ്പ് അനുഭവപ്പെടുന്ന ഒരു നിമിഷം പോലും ഉണ്ടാവില്ല. സീസണ്‍ അനുസരിച്ച് ടൂറിസ്റ്റുകള്‍ക്കായി നിരവധി വിനോദങ്ങളും മറ്റും ഒരുക്കാറുണ്ട്‌. റാഫ്റ്റിങ്, പാരാഗ്ലൈഡിങ്, ക്യാമ്പിങ്, പക്ഷി നിരീക്ഷണം, ട്രെക്കിങ്, സ്കീയിങ് മുതലായവ മിക്കവാറും എല്ലാ കാലത്തും ഉണ്ടാവുന്ന വിനോദങ്ങളാണ്. 

എങ്ങനെ എത്താം?

മഷോബ്രയുടെ ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനാണ് ഷിംല. അടുത്തുള്ള എയര്‍പോര്‍ട്ടും ഷിംല തന്നെയാണ്. ഇവിടെ നിന്നും റോഡ്‌ മാര്‍ഗം എളുപ്പത്തില്‍ മഷോബ്രയിലേക്കെത്താം. 

Mashobra1

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാമെങ്കിലും ഏപ്രിൽ, ജൂൺ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. വേനൽക്കാലത്തും വസന്തകാലത്തും  ഏറ്റവും മനോഹരിയാണ് മഷോബ്ര. ശൈത്യകാലത്ത് ഇടയ്ക്കിടെ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.

English Summary: Mashobra The Well Kept Himalayan Secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com