ADVERTISEMENT

സംസ്കാരം,പാചകരീതികള്‍, ഭാഷ, ആചാരാനുഷ്ടാനങ്ങള്‍ അങ്ങനെ എല്ലാം കൊണ്ടും വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇക്കാരണങ്ങളില്‍ മാത്രമല്ല, വ്യത്യസ്ത കാലാവസ്ഥയുടെയും വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങളുടെയും സൗന്ദര്യത്തിലും വേറിട്ടുനിൽക്കുന്നതാണ് രാജ്യം. 

ഇന്ത്യയില്‍ ഏറ്റവും കൂടിയ അതിതീവ്രമായ താപനിലകളുള്ള ചില പ്രത്യേക സ്ഥലങ്ങളുണ്ട്. തണുപ്പും ചൂടും കഠിനമായ ഇടങ്ങൾ, പ്രകൃതിയുടെ സൗന്ദര്യം ആവേളം ആസ്വദിക്കാവുന്ന ഇവിടങ്ങളിൽ അതികഠിന കാലവസ്ഥയിലും ജീവിക്കുന്ന ആളുകളുമുണ്ട്.വിനോദസഞ്ചാരഭൂപടത്തിലെ ഏറ്റവും അടിപൊളിയായ സ്ഥലങ്ങളെ ഇനി അറിയാം.

മാവ്‌സിന്റാം

മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മാവ്‌സിന്റാം എന്ന ഗ്രാമം ഇന്ത്യയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലമെന്ന് റെക്കോര്‍ഡുള്ളതാണ്. ശരാശരി 11872 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത്. 1985 ല്‍, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച്, ഈ സ്ഥലത്ത് 26000 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

meghalaya

അതിനുശേഷം ഭൂമിയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലമെന്ന സ്ഥാനവും മാവ്‌സിന്റാം സ്വന്തമാക്കി. പറുദീസപ്പോലെ സുന്ദരമായ ഈ സ്ഥലം മേഘാലയന്‍ യാത്രയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഹരിതാഭമാര്‍ന്ന നിരവധി മലകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മാവ്‌സിന്‍റാം പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗമാണ്. ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണ് ഇൗ മനോഹരയിടം. 

ഫലോഡി

ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലമെന്ന നിലയില്‍ അറിയപ്പെടുന്നതാണ് ഫലോഡി എന്ന സ്ഥലം. താര്‍ മരുഭൂമിയുടെ ബഫര്‍ സോണിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ താപനില 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. എന്നാല്‍ കടുത്ത ചൂടുള്ള പ്രദേശമായിരുന്നിട്ടുകൂടി ഇവിടെ ആളുകള്‍ താമസിക്കുന്നുണ്ട്.മാത്രമല്ല ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണീ ചൂടന്‍ നാട്. 

സാള്‍ട്ട് സിറ്റി എന്ന പേരില്‍ പ്രസിദ്ധമാണ് ഫലോഡി. രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. കോട്ടകളും കൊട്ടാരങ്ങളും സുന്ദരമാക്കുന്ന ഭൂമിയായ രാജസ്ഥാനിലേക്ക് യാത്ര തിരിക്കുന്നവർ ഫലോഡിയും സന്ദര്‍ശിക്കാറുണ്ട്.

ദ്രാസ്

ഗേറ്റ് വേ ടു ലഡാക്ക്' എന്നറിയപ്പെടുന്ന ദ്രാസ് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമാണ്. ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള ജനവാസമുള്ള സ്ഥലവും ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ സ്ഥലവുമാണ് ദ്രാസ്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യയുമായുള്ള കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച 1999 ലാണ് പര്‍വതഗ്രാമമായ ദ്രാസ് ആദ്യമായി പ്രചാരം നേടിയത്. 

കാര്‍ഗില്‍ ടൗണിനും സോജി ലാ പാസിനും ഇടയിലാണ് ഈ മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്.  സമുദ്ര നിരപ്പില്‍ നിന്ന് 3,230 മീറ്റര്‍ ഉയരത്തിലാണ് ദ്രാസ് സ്ഥിതി ചെയ്യുന്നത്.

dras

ഇവിടുത്തെ ശരാശരി താപനില -23 ഡിഗ്രി സെല്‍ഷ്യസാണ്,ശൈത്യകാലത്ത് താപനില -45 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. 1995 ജനുവരിയില്‍, -60 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞപ്പോള്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലം കൂടിയാണ് ദ്രാസ്. 

ലേ

മഞ്ഞുമൂടിയ മലനിരകള്‍ ചുറ്റും തലയുയര്‍ത്തിനില്‍ക്കുന്ന ലേ ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശമാണ്.11500 അടി ഉയരത്തിലുള്ള ലേയിലെ ശൈത്യകാലത്തെ താപനില മരവിപ്പിക്കുന്ന അവസ്ഥയ്ക്കും താഴെയായിരിക്കും.

leh-ladakh-trip

 

എന്നാല്‍ മഴ ഏറ്റവും കുറഞ്ഞയളവില്‍ ലഭിക്കുന്നതിനാല്‍ ലേ ഒരു മഞ്ഞു മരുഭൂമിയായി മാറുന്നു. അതിമനോഹരമായ ഹിമാലയന്‍ കൊടുമുടികളാണ് ലേയുടെ ഏറ്റവും വലിയ സൗന്ദര്യം.വരണ്ടതോ, തണുപ്പുള്ളതോ, മഴ പെയ്തുകൊണ്ടേയിരിക്കുന്നതോ ഏതുമാകട്ടെ ഈ ഇടങ്ങളെല്ലാം ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലലങ്ങളാണെന്നതില്‍ സംശയം വേണ്ട. 

English Summary: India’s Most Extreme Places to Explore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com