ADVERTISEMENT

നഗരത്തിലെ തിരക്കുകളില്‍ നിന്നു മാറി കുറച്ചുദിവസം സന്തോഷത്തോടെ ഏതെങ്കിലും ഒറ്റപ്പെട്ട ഹിൽ സ്റ്റേഷനിൽ പോകണമെന്ന് തോന്നുന്നുണ്ടോ? ഒറ്റപ്പെട്ടതാണെന്ന് പറയുമ്പോൾ, ഗൂഗിൾ മാപ്പിൽ പോലും കണ്ടെത്താൻ പ്രയാസമുള്ള ഒരു സ്ഥലം. അങ്ങനെ ഒരിടത്ത് അവധിക്കാലം ചെലവഴിക്കാൻ നിങ്ങൾ തയാറാണോ? എങ്കിൽ ഉത്തരാഖണ്ഡിലെ ബാൻ‌ലഖിയിലേക്ക് പോകാം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മുക്തേശ്വറിന്റെ അടുത്തായിട്ടാണ് ഈ കുഗ്രാമം.

ഗൂഗിളിൽ തിരയേണ്ട

വഴി തെറ്റിയാലും ഗൂഗിളിന് വഴി തെറ്റില്ല എന്നാണല്ലോ. ലോകത്തിന്റെ എവിടെയും എത്തിച്ചേരാൻ ഇന്ന് എല്ലാവരും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്സ് ആണ്. എന്നാൽ ഗൂഗിളിനു പോലും പറഞ്ഞു തരാൻ പ്രയാസമുള്ള ഗ്രാമമാണ് ബാൻ‌ലഖി. ഉത്തരാഖണ്ഡിലാണ് ഇൗ ഗ്രാമമുള്ളതെന്ന് ഗൂഗിൾ പറഞ്ഞുതരും. മുക്തേശ്വറിന് അടുത്തുവരെയുള്ള വഴിയും കാണിച്ചു തരും. അവിടെ നിന്ന് ബാൻലഖിയിലേക്ക് പ്രദേശവാസികളോട് ചോദിച്ച് പോകേണ്ടി വരും. ട്രക്കിങ് ഇഷ്ടപ്പെടുന്നവർരാണ് ഇവിടേക്ക് യാത്ര തിരിക്കുന്നത്. 

banlekhi4
Image From banlekhi Official Site

പച്ചപ്പണിഞ്ഞ 'സുന്ദരി'

കാത്‌ഗോഡാമിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള നൈനിറ്റാൽ കുന്നിന് നടുവിലാണ് ബാൻ‌ലേഖി. പാറക്കെട്ടുകളും പച്ച പുൽമേടുകളും വെള്ളച്ചാട്ടങ്ങളും ഗ്രാമത്തിന് ചുറ്റുമുണ്ട്. പാറക്കെട്ടുകളുടെ മടിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമെന്നും ബാൻലഖിയെ വിളിക്കാം.

നാട്ടുകാരനെ പോലെ ജീവിക്കാം

ബാൻലഖിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ കാര്യം ഗ്രാമവാസികളുടെ ആതിഥ്യ മര്യാദയാണ്. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ സംസ്കാരത്തെക്കുറിച്ച് അറിയാനുള്ള അവസരവും ഇവിടെ ലഭിക്കും. സഞ്ചാരികളെ ഗ്രാമവാസികൾ അവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുകയും സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു നൽകുകയും ചെയ്യും.

ഫൈസ്റ്റാർ താമസവും കിട്ടും

ബാൻ‌ലഖി വിദൂര ഇടമാണെങ്കിലും, ഇവിടെയെത്തുന്ന സഞ്ചാരികൾക്കായി മികച്ച റിസോർട്ടുകളും മറ്റും പ്രവർത്തിക്കുന്നുമുണ്ട്. കുമയോൺ കുന്നുകളുടെ അതിമനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് മനോഹരമായ ബാൻ‌ലഖി റിസോർട്ടിൽ താമസിക്കാം. പ്രകൃതിയുടെ എല്ലാ സൗന്ദര്യവും അനുഭവിക്കണം എന്നതുകൊണ്ട് റിസോർട്ട് ഉടമസ്ഥർ ഇങ്ങോട്ടുള്ള വഴി സഞ്ചാരയോഗ്യമാക്കിയിട്ടില്ല. പകരം ട്രക്കിങ്ങിലൂടെ വേണം ഇവിടെയെത്താൻ. അത് മറ്റൊരു വേറിട്ട അനുഭവമാണ് യാത്രികർക്ക് സമ്മാനിക്കുന്നത്. പക്ഷി നിരീക്ഷണം, ജൈവകൃഷിയിൽ ഏർപ്പെടൽ, ഗ്രാമവാസികളെ കാണാനും അവർക്കൊപ്പം ചെലവഴിക്കാനുമുള്ള അവസരം തുടങ്ങി നിരവധി ഓഫറുകൾ റിസോർട്ട് നൽകുന്നുണ്ട്.

കാഴ്ചകൾ അവസാനിക്കുന്നില്ല

ബാൻ‌ലേഖി ഗ്രാമം പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകളാൽ സമൃദ്ധമാണ്. ഇവിടെയെത്തിയാൽ കാണാനേറെയുണ്ട്. ബാൻ‌ലേഖിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഭാലു ഗാഡ് വെള്ളച്ചാട്ടം അതിലൊന്നാണ്. ക്രിസ്റ്റൽ ക്ലിയർ വെള്ളത്തിന് പേരുകേട്ടതാണ് ഈ വെള്ളച്ചാട്ടം.

സൂര്യോദയവും പാരാഗ്ലൈഡിങ്ങും

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ നന്ദദേവി കൊടുമുടിയിൽ നിന്നു സൂര്യോദയം ആസ്വദിക്കുന്നത് സ്വപ്നത്തിലെന്ന പോലെ ഇവിടെ ആസ്വദിക്കാം. ഏറ്റവും മികച്ച രീതിയിൽ പാരാഗ്ലൈഡിങ്ങും ഇവിടെ നടത്താവുന്ന ഇടങ്ങളിലൊന്നായ ഭീംതാൽ ബാൻ‌ലേഖിക്ക് സമീപമാണ്.

ഏതൊരു ഹിൽ‌സ്റ്റേഷനായാലും വിദൂരഗ്രാമമായാലും അവിടെയൊക്കെ എല്ലായ്‌പ്പോഴും ശക്തമായ ആത്മീയ സാന്നിധ്യമുണ്ടാകും. ബാൻ‌ലേഖിയും വ്യത്യസ്തമല്ല. ശിവക്ഷേത്രം, രാജറാണി ക്ഷേത്രം, ബ്രഹ്മേശ്വര ക്ഷേത്രം തുടങ്ങി ഗ്രാമത്തിന് സമീപത്തായി നിരവധി പ്രശസ്ത ക്ഷേത്രങ്ങളുണ്ട്. മുക്തേശ്വർ ക്ഷേത്രമാണ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.

 

English Summary: Banlekhi In Uttarakhand Is Untraceable On Google Maps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com