ADVERTISEMENT

യാത്ര ചെയ്ത് പുതിയ സ്ഥലങ്ങളിലെ രുചിഭേദങ്ങള്‍ കണ്ടെത്തി മലയാളികള്‍ക്കു പരിചയപ്പെടുത്തുന്ന ലക്ഷ്മി നായരെ അറിയാത്തവർ ചുരുക്കമാണ്. യാത്രയുടെ വിശേഷങ്ങളും പാചകരീതികളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ മറക്കാനാവാത്ത കശ്മീർ യാത്രയുടെ വിശേഷങ്ങള്‍ യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മിനായർ. 

lekshmi-nair-trip3

ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും ഇഷ്ടമുള്ളയിടം കശ്മീരാണെന്നും വർഷങ്ങൾക്കു മുൻപ് നടത്തിയ യാത്രയായിരുന്നിട്ടും ഇന്നും ആ ഓർമകൾ മായാതെ  മനസ്സിലുണ്ടെന്നും  ലക്ഷ്മി നായർ.

റോഡ് ട്രിപ്പാണ് പ്രിയം

റോഡ് മാർഗമുള്ള യാത്രകളാണ് ലക്ഷ്മി നായർക്ക് ഏറ്റവും ഇഷ്ടം. കശ്മീർ യാത്രയും ഒരു റോഡ് ട്രിപായിരുന്നു. വഴിയിലുടനീളമുള്ള കാഴ്ചകളെല്ലാം ആസ്വദിച്ച് വാഹനം നിർത്തി മനോഹര കാഴ്ചകൾ മതിയാവോളം കാണാം. അതാണ് റോഡ് ട്രിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡൽഹിയിൽ നിന്നും കശ്മീരിലെ ശ്രീനഗറിലേക്കും യാത്ര തിരിച്ചിരുന്നു. 

പ്രകൃതി പ്രവർത്തിപ്പിക്കുന്ന മില്ല്

റോഡിലൂടെയുള്ള കശ്മീർ യാത്രയിൽ  മറക്കാനാവാത്ത ഒത്തിരി കാഴ്ചകളുണ്ട്. സത്യത്തിൽ ഭൂമിയിലെ സ്വർഗം പോലെയാണ് കശ്മീർ. യാത്രിയിൽ അദ്ഭുതപ്പെടുത്തുന്ന കാഴ്ച കണ്ടു. റോഡിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കണ്ട ഒരു കല്ലു വീട്. എന്താണെന്നു അറിയുവാനായി  വാഹനത്തിൽ നിന്നിറങ്ങി കല്ലുവീടീിന് അരികിലേക്ക് നടന്നു. ആദ്യകാഴ്ചയിൽ താമസിക്കുന്ന വീടായിരിക്കും എന്നാണ് കരുതിയത്. പിന്നീടാണ് ധാന്യങ്ങൾ പൊടിക്കുന്ന മില്ലാണെന്ന് മനസ്സിലായത്.

വൈദ്യുതി കൊണ്ടല്ല പകരം താഴ്‍‍‍വരയിൽ തന്നെയുള്ള നദിയിലെ വെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീനിലൂടെയാണ് ഇവിടെ ധാന്യങ്ങൾ പൊടിക്കുന്നത്. പ്രകൃതിയുടെ ശക്തിയാൽ പ്രവർത്തിക്കുന്ന ആ മില്ല് വല്ലാതെ ആകർഷിച്ചു.പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന നിരവധി അദ്ഭുതങ്ങൾ ഉണ്ട്. 

അപകടംപിടിച്ച പാതയിലൂടെയുള്ള യാത്ര

കശ്മീരിലേക്കുള്ള റോഡ് എന്നുപറയുന്നത് അത്യന്തം അപകടംപിടിച്ച വഴിയാണ്. ട്രക്കുകൾ പോലെയുള്ള വലിയ വാഹനങ്ങൾ പോലും ഇടുങ്ങിയ വഴിയിലൂടെ കടന്നു പോകുന്ന കാഴ്ച ശരിക്കും ഭയപ്പെടുത്തുന്നതാണ്. മുകളിലേക്ക് നോക്കിയാൽ ഇപ്പോൾ ഇടിഞ്ഞു വീഴും എന്ന് തോന്നുന്ന തരത്തിലുള്ള മലകളും താഴെ അഗാധമായ ഗർത്തങ്ങളും, ജീവൻ കയ്യിൽ പിടിച്ചു വേണം അതിലൂടെ കടന്നുപോകാൻ.

lekshmi-nair-trip1

മഴക്കാലത്ത് അതീവ ദുഷ്കരമാണ് ഇതിലൂടെയുള്ള യാത്ര. ശ്രീനഗറിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഒരു ടണലുണ്ട് വളരെ പ്രശസ്തമായ ജവഹർ ടണൽ. അതിനു അതിലൂടെ കടന്ന് പുറത്തേക്ക് ഇറങ്ങിയതും പ്രകൃതി തന്നെ സ്വാഗതം ചെയ്യുന്നതുപോലെ മഞ്ഞു പെയ്തിരുന്നു എന്ന് ലക്ഷ്മി നായർ പറയുന്നു. ജീവിതത്തിൽ ആദ്യമായി മഞ്ഞ് പെയ്യുന്ന കാഴ്ച കാണാനുള്ള ഭാഗ്യവും ഉണ്ടായി.

സോനാമാർഗിലേക്ക് പോകുമ്പോൾ കണ്ട സ്വർഗ തടാകം

ശ്രീനഗറിൽ എത്തിയതിനു ശേഷം പോകേണ്ട ഇടങ്ങൾ തങ്ങൾ ലിസ്റ്റ് ചെയ്തു യാത്ര ആരംഭിച്ചു. ആ പോകുന്ന വഴിക്ക് ചെറിയ ഗ്രാമങ്ങളും മഞ്ഞുമൂടിയ മലകളും കണ്ടു. അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് സ്വർഗ സമാനമായ ഒരു തടാകം കാണുന്നത്. റോഡിന്റെ ഒരു വശത്തായി വഴിക്ക് സമാന്തരമായി ഉറഞ്ഞുകിടക്കുന്ന ഒരു തടാകം.

lekshmi-nair-trip2

അതിന് അതിരിട്ടു നിൽക്കുന്ന മഞ്ഞുമല.ഒരു വശത്ത് ഇതാണ് കാഴ്ചയെങ്കിൽ മറുവശത്ത് ചെറിയ പൊട്ടുകൾ പോലെ കുറെ വീടുകൾ. പൈൻ മരങ്ങൾ നോക്കത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്നു. മഞ്ഞുമൂടിയ മലയടിവാരത്ത് ചെറിയ ഗ്രാമങ്ങളാണ്.ഗ്രാമവാസികൾ തന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു വെന്നും അത് ഒരിക്കലും മറക്കാൻ ആവില്ലെന്നും ലക്ഷ്മി നായർ.

മേക്കപ്പ് ആവശ്യമില്ലാത്ത സൗന്ദര്യമുള്ള മനുഷ്യർ

മേക്കപ്പ് ആവശ്യമില്ലാത്ത സൗന്ദര്യമുള്ള മനുഷ്യർ കശ്മീർ ജനതയെ അങ്ങനെ വിളിക്കാം എന്നാണ് ലക്ഷ്മിനായർ പറയുന്നത്. അവരുടെ അത്രയും ഭംഗിയുള്ള മനുഷ്യർ ചിലപ്പോൾ മറ്റെവിടെയും കാണില്ലായിരിക്കും. കുട്ടികളും സ്ത്രീകളും പുരുഷന്മാരും എല്ലാം അതിസുന്ദരികളും സുന്ദരന്മാരുമാണ്. കശ്മീർ എത്തുന്നതിനു മുൻപുള്ള ഗഗൻഗീർ എന്ന ഗ്രാമത്തിലെ മനുഷ്യരെ കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും ലക്ഷ്മി നായർ പറയുന്നു, അവരോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു.

ഈ ഗ്രാമത്തിനടുത്താണ് സോനാമാർഗ്. അവിടെ എത്തി കോവർ കഴുതയുടെ പുറത്തു കയറി നടത്തിയ യാത്രയും മറക്കാനാവില്ല. ജീവിതത്തിലാദ്യമായി മഞ്ഞിന്റെ മതിലും മഞ്ഞുമലയും കണ്ടപ്പോൾ താൻ സ്വയം മറന്നു  ആസ്വദിച്ചുവെന്നും ലക്ഷ്മി നായർ

ഹസ്രത്ത് മഹൽ മോസ്ക്

ശ്രീനഗർ സന്ദർശനത്തിനിടയിൽ പ്രശസ്തമായ ഹസ്രത്ത് മഹൽ മോസ്കിൽ പോയ വിശേഷവും ലക്ഷ്മി നായർ പങ്കുവയ്ക്കുന്നുണ്ട്. ശ്രീനഗറിലെ ഏറ്റവും പ്രശസ്തമായ പള്ളിയാണ് ഹസ്രത്ത് മഹൽ. പ്രവാചകൻ മുഹമ്മദ് നബിയുടെ മുടി സൂക്ഷിച്ചിരിക്കുന്ന ഈ പള്ളി ഇന്ത്യയിൽ ഉടനീളമുള്ള തീർഥാടകരുടെ പ്രധാന തീർഥാടനകേന്ദ്രം കൂടിയാണ്. 

വെള്ളിയാഴ്ച ദിവസങ്ങളിൽ രണ്ടുലക്ഷം പേർ വരെ ഇവിടെ സന്ദർശനം നടത്താറുണ്ടത്രേ. സബർബൻ മലനിരകളുട താഴ്വരയിൽ ധാൽ തടാകത്തിന് അഭിമുഖമായിട്ടാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. മുഗൾ ചക്രവർത്തിമാർ അണിയിച്ചൊരുക്കിയ ശ്രീനഗർ എന്ന ചെറുപട്ടണം ഭൂമിയിലെ ഏറ്റവും മനോഹരമായ  ഇടങ്ങളിൽ ഒന്നാണെന്ന് ലക്ഷ്മിനായർ. അതുപോലെ ശ്രീനഗറിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചെറിയ ഏറ്റവും പഴക്കം ചെന്ന ബ്രെഡ് കടകൾ ആണ്.ശ്രീനഗർ പട്ടണത്തിലേക്കു കയറുമ്പോൾ  പലതരത്തിലുള്ള റൊട്ടികളും മറ്റും ഉണ്ടാക്കി വിൽക്കുന്ന ചെറിയ ചെറിയ കടകൾ കാണാം.ഇവിടത്തെ ബ്രാൻഡുകൾ ലോകപ്രശസ്തമാണ്.അങ്ങനെ രുചിയേറിയതും കാണാൻ ഇമ്പമുള്ളതുമായ നിരവധി കാഴ്ചകളുണ്ട്  കശ്മീരിൽ. 

English Summary: Celebrity Travel,The Most Memorable Travel Experience By Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com