ADVERTISEMENT

ചില്ലുജാലകങ്ങള്‍ക്കുള്ളിലൂടെ പശ്ചിമഘട്ടത്തിന്‍റെ മനംമയക്കുന്ന കാഴ്ചകള്‍ ഒരുക്കുന്ന വിസ്താഡോം കോച്ചുമായി മുംബൈ-പൂനെ ഡക്കാന്‍ എക്സ്പ്രസ് ഓടിത്തുടങ്ങി. ശനിയാഴ്ചയായിരുന്നു ട്രെയിന്‍ ആദ്യമായി പാളത്തിലിറങ്ങിയത്. യൂറോപ്യൻ രീതിയിലുള്ള കോച്ചിനൊപ്പം, ആദ്യമായാണ്‌ ഈ റൂട്ടില്‍ ട്രെയിന്‍ ഓടുന്നത്. മുംബൈ-ഗോവ റൂട്ടിലെ അതിമനോഹരമായ കാഴ്ചകള്‍ കണ്ണുനിറയെ ആസ്വദിച്ച്, യാത്ര ചെയ്യാനുള്ള അവസരമാണ് ഈ കോച്ച് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. 

വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചാണ് ഡക്കാന്‍ എക്സ്പ്രസില്‍ പ്രത്യേക വിസ്താഡോം കോച്ച് കൂട്ടിച്ചേര്‍ത്തത്. മുംബൈ-പൂനെ റൂട്ടിലെ യാത്രക്കാർക്ക് മതേരന്‍ കുന്നുകള്‍, സോംഗിർ ഹിൽ, ഉല്ലാസ് നദി, ഉല്ലാസ് താഴ്വര, ഖണ്ടാല, ലോണാവാല, വെള്ളച്ചാട്ടം, തുരങ്കങ്ങൾ എന്നിവയെല്ലാം ഈ കോച്ചിനുള്ളില്‍ ഇരുന്ന് ആസ്വദിക്കാം. 

പൂര്‍ണ്ണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചിന്‍റെ മേൽക്കൂരയിൽ ഗ്ലാസ് പാനലുകൾ പിടിപ്പിച്ചിട്ടുണ്ട്. കാഴ്ചകള്‍ കാണാനായി വലിയ ജാലകങ്ങളുണ്ട്. 180 ഡിഗ്രി വരെ കറങ്ങാൻ കഴിയുന്ന ഇരിപ്പിടങ്ങളാണ് ഉള്ളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ആകെ 44 സീറ്റുകളാണ് ഉള്ളത്. കൂടാതെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഒരു ഒബ്സര്‍വേഷന്‍ ലോഞ്ചും ഒരുക്കിയിട്ടുണ്ട്. വൈ-ഫൈ അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും കോച്ചിനുള്ളിലുണ്ട്. ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോര്‍, മള്‍ട്ടി ടിയര്‍ ലഗേജ് റാക്ക് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു വിസ്റ്റഡോം കോച്ചുകളുടെ നിര്‍മ്മാണം. അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പാളത്തിലിറങ്ങാന്‍ വൈകിയത് എന്നാണ് റിപ്പോര്‍ട്ട്.

പുതിയ കോച്ചിന്‍റെ ആദ്യയാത്രയുടെ ഫോട്ടോകൾ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്: “പശ്ചിമഘട്ടത്തിന്‍റെ വിശാലമായ കാഴ്ച: പൂനെ-മുംബൈ ഡെക്കാൻ എക്സ്പ്രസിലെ ആദ്യത്തെ വിസ്താഡോം കോച്ചിന്‍റെ വലുപ്പമേറിയ ജാലകങ്ങളും ഗ്ലാസ് മേൽക്കൂരയും തടസ്സമില്ലാത്തതും അവിസ്മരണീയവും അദ്വിതീയവുമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. ഇനി, മുമ്പെങ്ങുമില്ലാത്തവിധം പശ്ചിമഘട്ട കാഴ്ചകള്‍ ആസ്വദിക്കൂ!

ആദ്യയാത്രയില്‍ തന്നെ കോച്ചിനുള്ളില്‍ എല്ലാ സീറ്റുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. മുംബൈ-പൂനെ ഡെക്കാൻ എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിനിൽ ഈ വിസ്താഡോം കോച്ച് കൂടാതെ, മൂന്ന് എസി ചെയർ കാറുകൾ, 10 സെക്കൻഡ് ക്ലാസ് സീറ്റിംഗ്, ഒരു ഗാർഡ്സ് ബ്രേക്ക് വാൻ എന്നിവ ഉൾപ്പെടുന്നു.

01007 ഡെക്കാൻ എക്സ്പ്രസ് സ്പെഷൽ ജൂൺ 26 മുതൽ എല്ലാ ദിവസവും രാവിലെ 07 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 11.05 ന് പൂനെയിലെത്തും. 01008 ഡെക്കാൻ എക്സ്പ്രസ് സ്‌പെഷ്യൽ ജൂൺ 26 മുതൽ എല്ലാ ദിവസവും വൈകുന്നേരം 03.15 ന് പൂനെയിൽ നിന്ന് പുറപ്പെടും, അതേ ദിവസം വൈകുന്നേരം 07.05 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തും. ദാദർ, താനെ, കല്യാൺ, നെരാല്‍(01007 ന് മാത്രം), ലോണാവാല, തലേഗാവ്, ഖഡ്കി, ശിവാജി നഗർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.

എല്ലാ പി‌ആർ‌എസ് കേന്ദ്രങ്ങളിലും ഇന്ത്യൻ റെയിൽ‌വേ വെബ്‌സൈറ്റായ www.irctc.co.in ലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണ്‍ഫേംഡ് ടിക്കറ്റ് ഉള്ള യാത്രക്കാർക്ക് മാത്രമേ ഈ പ്രത്യേക ട്രെയിനിൽ കയറാൻ അനുവാദമുള്ളൂവെന്ന് സെൻട്രൽ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടിക്കറ്റ് നിരക്ക് ശതാബ്ദി ക്ലാസ് ട്രെയിനിലെ എക്സിക്യൂട്ടീവ് ചെയർ ക്ലാസ് നിരക്കിന് സമാനമായിരിക്കും, ഒരു വിഭാഗത്തിലുമുള്ള യാത്രക്കാർക്കും ടിക്കറ്റ് നിരക്കില്‍ ആനുകൂല്യമോ ഇളവോ നൽകില്ല. ബോർഡിംഗ്, യാത്ര സമയങ്ങളില്‍ കോവിഡ് -19 മായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കണമെന്നും യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

English Summary: Enjoy the Beautiful Western Ghats From The Comfort Of The Vistadome Rail Coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com