ADVERTISEMENT

കോഴിക്കോട്∙ കുട്ടിക്കാലത്ത് സ്കൂളിലെ വിനോദയാത്രകൾക്കൊന്നും  വീട്ടുകാർ വിടാതിരുന്നൊരു കുട്ടി. അതിനൊരു കാരണമുണ്ടായിരുന്നു. കുട്ടിയായിരിക്കെ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം. ചിറകുമുളച്ചതുപോലെ ഇഷ്ടമുള്ളിടത്തേക്കെല്ലാം പാറിപ്പറന്ന് യാത്രകൾ ചെയ്യുകയെന്നതായിരുന്നു ആ കുട്ടിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്വപ്നം. വളർന്നുവലുതായപ്പോൾ  തന്റെ പ്രിയപ്പെട്ട സ്വപ്നം യാഥാർഥ്യമാക്കി കാശ്മീരിലേക്ക് ഒറ്റയ്ക്കു യാത്രപോയി തിരികെയെത്തിയിരിക്കുകയാണ്, സംരംഭകയും രണ്ടു കുട്ടികളുടെ അമ്മയുമായ അമിസ് മുബഷീർ. ഏറ്റവും കുറഞ്ഞ ബജറ്റിൽ ഒരു മുൻകൂർ പദ്ധതികളുമില്ലാതെ അമിസ് ഒറ്റയ്ക്കൊരു  യാത്ര പോയി. മഞ്ഞുമലകളും തടാകങ്ങളും  പൂന്തോട്ടങ്ങളും നിറഞ്ഞ കാശ്മീരെന്ന ആ സ്വർഗത്തിലേക്ക്. കാഴ്ചകൾ കണ്ടു മതിയായെന്ന് മനസിൽ തൃപ്തി തോന്നിയശേഷം മാത്രം തിരികെ നാട്ടിലേക്ക് വന്നു. 

∙  യാത്രയോടുള്ള സ്നേഹം പാരമ്പര്യസ്വത്ത്

തിരൂർ കൈനിക്കര  മുഹമ്മദ് ഇബ്രാഹിമിന്റെ രണ്ടാമത്തെ മകളാണ് അമിസ്. തന്റെ 40 വയസുവരെ ലോകം ചുറ്റിക്കാണാൻ യാത്രകൾ പോയയാളാണ് ഇബ്രാഹിം. തിരികെ വന്ന് നാൽപതാം വയസിലാണ് അദ്ദേഹം വിവാഹം കഴിച്ചത്. കോഴിക്കോട്ടുകാരിയാണ് ഉമ്മ. അഞ്ചുവർഷം മുൻപാണ് ഇബ്രാഹിം ഓർമയായത്. ഇബ്രാഹിമിന്റെ യാത്രാസ്നേഹം അതേപടി പകർന്നുകിട്ടിയത് അമിസിനാണ്.

എംബിഎ ബിരുദധാരിയായ അമിസ് 21ാം വയസ്സിൽ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം  സൗദിയിലേക്ക് പോയി. സൗദിയിൽ അമേരിക്കൻ കമ്പനിയിൽ പത്തുവർഷത്തോളം ജോലി ചെയ്തു. അമിസിന്റെ എല്ലാ യാത്രാഇഷ്ടങ്ങളുമറിയുന്നയാളാണ് കോഴിക്കോട് സ്വദേശിയായ ഭർത്താവ് മുബഷീർ. സൗദിയിലെ കമ്പനിയിൽ എച്ച്ആർ മാനേജരാണ് മുബഷീർ.

∙ വിദേശത്തുനിന്ന് നാട്ടിലേക്കുള്ള യാത്ര

സൗദിയിൽ വനിതകൾക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാൻ വിലക്കുണ്ടായിരുന്നു. ജിസിസി രാജ്യങ്ങളിലെ യാത്രാ നിയന്ത്രണങ്ങൾക്കിടെയും അമിസ് യാത്രകൾ ചെയ്തിരുന്നു. രണ്ടുവർഷം മുൻപ് തിരികെ നാട്ടിലെത്തി. പ്രവർത്തന മേഖലയായ സൈക്കോളജിയിലൂടെ വരുമാനം കണ്ടെത്താൻ ഒരു സ്ഥാപനവും യാത്രകൾക്കായി മറ്റൊരു സ്ഥാപനവുമെന്ന സ്വപ്നവുമായാണ് നാട്ടിലേക്ക് വന്നത്. ട്രാവൽ ബഡായീസ് എന്ന വ്ലോഗിലൂടെ തന്റെ ഏകാന്ത യാത്രകൾ പകർത്തിവയ്ക്കാനും അമിസ് തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ കാലം യാത്രകൾക്കു വിലക്കേർപ്പെടുത്തി. മികച്ച റിസോർട്ടുകൾ നേരത്തെ ബുക്ക് ചെയ്തും യാത്രകൾക്ക് റൂട്ട്മാപ്പ് തയാറാക്കിയും സുരക്ഷിതത്വമുറപ്പാക്കിയാണ് എല്ലാ യാത്രകളും. എന്നാൽ ഇത്തവണ അത്തരം സുരക്ഷാവലയങ്ങൾ ഭേദിച്ച് സാധാരണക്കാരന് സാധ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് യാത്രപോവാൻ അമിസ് തീരുമാനിച്ചു. 

∙ഭൂമിയിലെ സ്വർഗം

അങ്ങനെ മുൻകൂർ യാത്രാപദ്ധതികളില്ലാതെ അമിസ് കാശ്മീരിലേക്ക് പുറപ്പെടുകയയായിരുന്നു. നാട്ടിൽനിന്ന് ട്രെയിനിൽ കയറി ഡൽഹിയിലിറങ്ങി. ഡൽഹിയിൽനിന്ന് റോഡ്മാർഗം ശ്രീനഗറായിരുന്നു ലക്ഷ്യം. പക്ഷേ ശ്രീനഗറിലേക്ക് യാത്രക്കാരെ റോഡുമാർഗം കടത്തിവിടുന്നില്ലായിരുന്നു. അങ്ങനെ ഡൽഹിയിൽനിന്ന് വിമാനത്തിൽ ശ്രീനഗറിലേക്ക് തിരിച്ചു. ശ്രീനഗറിൽ ചെന്ന ശേഷം യാത്ര എങ്ങനെവേണമെന്ന്  ആലോചിച്ചു. ഒരു സ്കൂട്ടർ ഒപ്പിക്കാനായിരുന്നു ആദ്യശ്രമം. വാടകയ്ക്കെടുത്ത സ്കൂട്ടറുമായി അമിസ് കശ്മീരിൽ മൊത്തം കറങ്ങിനടന്നു. ശ്രീനഗറിൽനിന്ന് ഗുൽമാർഗിലേക്കും പെഹൽഗാമിലേക്കുമൊക്കെ ഒറ്റയ്ക്ക് സ്കൂട്ടറോടിച്ചുപോവുന്നതിനിടെ ഗ്രാമീണരെ പരിചയപ്പെട്ടു. അവിടുത്തെ കാഴ്ചകൾ വ്ലോഗുകളാക്കി ചിത്രീകരിച്ചു. എട്ടുദിവസം കൊണ്ട് 800 കിലോമീറ്ററോളം യാത്ര ചെയ്തു. അപ്പപ്പോൾ ലഭ്യമായ താമസസൗകര്യങ്ങൾ, അപ്പപ്പോൾ ലഭ്യമായ ഭക്ഷണം തുടങ്ങി കാശ്മീരിനെ തൊട്ടറിഞ്ഞ് ഒരു മലയാളി വനിത ഒറ്റയ്ക്കു നടത്തിയ യാത്രാനുഭവം മനസിൽനിറച്ചാണ് അമിസ് തിരികെ നാട്ടിലേക്ക് വണ്ടികയറിയത്.

∙അമിസ് ഇനി വഴികാട്ടിയാവും

ഇനി അമിസിന്റെ  ലക്ഷ്യവും അതാണ്. തന്റെ പരിശീലനസ്ഥാപനത്തിനു സമാന്തരമായി ഒരു ട്രാവൽ സ്ഥാപനവും തുടങ്ങുക. ഒറ്റയ്ക്കോ  കൂട്ടമായോ യാത്രപോവാനാഗ്രഹിക്കുന്നവർക്ക് യാത്രാഗൈഡായി അമിസും യാത്രകൾ സംഘടിപ്പിക്കും. അമിസിന്റെ മക്കളായ ഫെലയും ഫാസും യാത്രാപ്രിയരാണ്. മകൾ ഫെലയ്ക്കൊപ്പം വനിതകൾക്കു മാത്രമായി ഒരു യാത്ര നടത്താനാണ് അമിസിന്റെ അടുത്ത ചുവടുവയ്പ്പ്. 

 

English Summary: Female Solo Travel to kashmir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com